അധ്യാപക ശാക്തീകരണം: ഒന്നാംഘട്ടം അവസാനിച്ചു
1560816
Monday, May 19, 2025 5:02 AM IST
മൂവാറ്റുപുഴ: പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിലുള്ള അധ്യാപക ശാക്തീകരണതിന്റെ ഒന്നാംഘട്ടം അവസാനിച്ചു. അഞ്ച് ദിവസമായി നടന്ന ശാക്തീകരണ പരിപാടിയിൽ സമഗ്ര ഗുണമേന്മ പദ്ധതി, പുസ്തക വിലയിരുത്തൽ, പാഠ ആസൂത്രണം തയാറാക്കൽ, കല-തൊഴിൽ-കായിക ഉദ്ഗ്രഥിത വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചയും അവതരണവും നടന്നു.
ജൂണിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രചാരണം നടത്തും. വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരിക്ക് എതിരെ കൂത്താട്ടുകുളം എച്ച്എസ്എസിൽ നടന്ന ശാക്തീകരണത്തോടനുബന്ധിച്ച് അധ്യാപകർ മനുഷ്യച്ചങ്ങല നിർമിച്ചു. തുടർന്ന് കൂത്താട്ടുകുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാളം വിഭാഗം അധ്യാപക ശാക്തീകരണത്തിന്റെ സമാപനം മൂവാറ്റുപുഴ എച്ച്എം ഫോറം സെക്രട്ടറി ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു.
കൂത്താട്ടുകുളം എഇഒ ബോബി ജോർജ് അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ എസ്. മധു ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും മൊബൈൽ ഫോണിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അധ്യാപകർക്ക് ബോധവത്കരണ ക്ലാസെടുത്തു.
ഡിഇഒ ആർ. സുമ, കൂത്താട്ടുകുളം എച്ച്എസ്എസ് പ്രധാന അധ്യാപിക എം. ഗീതാദേവി, ഫാ. ബിനോയ് ചാത്തനാട്ട്, സജിൽ വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു. ശാക്തീകരണ പരിപാടിക്ക് വി.എസ്. ശ്യാംലാൽ, കെ.കെ. മനോജ്, ജോമോൻ ജോസ് എന്നിവർ നേതൃത്വം നൽകി. വിരമിക്കുന്ന അധ്യാപകരെ യോഗത്തിൽ ആദരിച്ചു. രണ്ടാംഘട്ട ശാക്തീകരണ പരിപാടി ഇന്ന് ആരംഭിക്കും.