ചെട്ടിക്കാട് ഊട്ടുതിരുനാൾ; എട്ടാമിടം നാളെ
1560803
Monday, May 19, 2025 4:47 AM IST
പറവൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ എട്ടാമിടം നാളെ നടക്കും. രാവിലെ 10ന് ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ നടക്കും.
തീർഥാടകരുടെ വീടുകളിൽ നിന്ന് ആദ്യ കുർബാന സ്വീകരിച്ച നിരവധി കുട്ടികൾ വെള്ള വസ്ത്രങ്ങളണിഞ്ഞ് മാതാപിതാക്കളോടൊപ്പം തീർത്ഥാടന കേന്ദ്രത്തിൽ എത്തിചേർന്ന് പ്രദക്ഷിണമായിദേവാലയത്തിലേക്ക് പ്രവേശിക്കും.
തുടർന്ന് ദിവ്യബലി, നൊവേന, ആരാധന കുട്ടികൾക്കായുള്ള അഭിഷേക പ്രാർത്ഥന എന്നിവ നടക്കും ഫാ. മിഥുൻ മെന്റസ് മുഖ്യകാർമികനാകും. തുടർന്ന് കുട്ടികൾക്ക് തീർഥാടന കേന്ദ്രം ഓർമഫലകം സമ്മാനിക്കും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി,നൊവേന, ആരാധന എന്നിവ നടക്കും.
തീർഥാടകർക്ക് വിശുദ്ധന്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.