ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ : ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി
1550097
Friday, May 16, 2025 5:05 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾകണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തൃക്കാക്കര നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് ഭരണസമിതി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടന്നത്.
മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിഷേധക്കാർ നഗരസഭാ അധ്യക്ഷയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റവുമുണ്ടായി.
പ്രതിഷേധ ധർണ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് ഹക്കിം അലിയാർ അധ്യക്ഷനായി.