കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ അവശ്യസര്‍വീസിലെ ആബ്സെന്റീ വോട്ടര്‍മാര്‍ക്കായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി . മൂന്നു ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലായി 721 പേര് വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ ഒന്നിനു മുന്‍പായി നോഡല്‍ ഓഫീസര്‍ മുഖേന 12 ഡി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയത്.
എറണാകുളം മണ്ഡലത്തില്‍ 373 പേരും ചാലക്കുടി മണ്ഡലത്തില്‍ 348 പേരും വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തില്‍ കാക്കനാട് മാര്‍ അത്തനേഷ്യസ് ഹൈസ്കൂളിലും ചാലക്കുടി മണ്ഡലത്തില്‍ ആലുവ സെന്റ് സേവിയേഴ്സ് കോളജിലുമാണ് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയത്.
പോലീസ്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, ജല അഥോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യ സര്‍വീസസ്, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള് ഇന്ത്യ റേഡിയോ, ദൂരദര്ശന്, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിങ്ങനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയവരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്.