തണ്ണീർമുക്കം ഫെസ്റ്റ്: വിനോദസഞ്ചാരികൾക്ക് കുരുന്നുകളുടെ ക്ഷണക്കത്തുകൾ
1511796
Thursday, February 6, 2025 11:59 PM IST
തണ്ണീർമുക്കം: തണ്ണീർമുക്കത്തിന് ഉത്സവഛായ പകരുന്ന തണ്ണീർമുക്കം ഫെസ്റ്റിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ 10,000 കത്തുകൾ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം വർണാഭമായി. തണ്ണീർമുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല ഉദ്ഘാടനം ചെയ്തു.
ആദ്യ കത്തെഴുതിയാണ് ശശികല ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് പോസ്റ്റ് കാർഡുകൾ കുട്ടികൾക്കു കൈമാറി. കുട്ടികൾ അവരുടെ അടുത്ത ബന്ധുക്കൾക്കായി സ്നേഹത്തിൽ ചാലിച്ച ക്ഷണക്കത്തുകൾ തയാറാക്കി. പഞ്ചായത്ത് സെക്രട്ടറി ഉദയ സിംഹൻ, വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മിഥുൻ ഷാ, സാംജു സന്തോഷ്, മിനി ലെനിൻ, അഭിജിത്ത് ശ്രീദേവ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന മൂവായിരത്തിലേറെ വരുന്ന വിദ്യാർഥികളും ആറായിരത്തിലേറെ വരുന്ന കുടുംബശ്രീ അംഗങ്ങളും ആയിരത്തോളം വരുന്ന തൊഴിലുറപ്പ്, ഹരിതകർമ സേനാംഗങ്ങളുമാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും തണ്ണീർമുക്കത്തിന്റെ ഉത്സവമായ തണ്ണീർമുക്കം ഫെസ്റ്റിലേക്ക് ക്ഷണിച്ച് കത്തയക്കുന്നത്. തണ്ണീർമുക്കം പഞ്ചായത്തിന് പുറത്തുള്ളവർക്കാണ് പോസ്റ്റ് കാർഡിൽ ക്ഷണക്കത്ത് അയക്കുന്നത്.
മന്ത്രിസഭാംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവർക്കും ക്ഷണക്കത്ത് അയയ്ക്കും. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കുമരകത്തിന്റെ പ്രവേശന കവാടമായ തണ്ണീർമുക്കത്തിന്റെ സർവതോമുഖമായ വികസനം ലക്ഷ്യമാക്കിയാണ് തണ്ണീർമുക്കം ഫെസ്റ്റ് നടത്തുന്നതെന്ന് ശശികല പറഞ്ഞു.
തണ്ണീർമുക്കത്തുനിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും കോട്ടയത്തേക്കും ഹൗസ് ബോട്ടുകളിൽ സഞ്ചരിക്കാൻ കഴിയും. മറ്റൊരു ടൂറിസ്റ്റ് കേന്ദ്രത്തിനും ഇല്ലാത്തൊരു അനുകൂല ഘടകമാണിത്.
ആലപ്പുഴ, കുമരകം മേഖലകളിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകൾ തണ്ണീർമുക്കം ബണ്ടിന്റെ തെക്ക് ഭാഗങ്ങളിലെ കായൽസൗന്ദര്യം മാത്രമാണ് ആസ്വദിക്കാൻ കഴിയുന്നത്. ബണ്ടിന്റെ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നതിനാൽ ബണ്ടിന്റെ വടക്കുഭാഗങ്ങളിലേക്ക് കടന്നുപോകാൻ ജലയാനങ്ങൾക്ക് കഴിയില്ല. എന്നാൽ, തണ്ണീർമുക്കത്തുനിന്ന് പുറപ്പെടുന്ന ജലയാനങ്ങൾക്ക് കൊച്ചി വരെയുള്ള കായൽക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. ദീപുകളാലും ആറുകളാലും ചരിത്ര സ്മാരകങ്ങളാലും സമ്പന്നമാണ് ഈ മേഖലകൾ.