വികസന പദ്ധതികൾ വിലയിരുത്തി ജില്ലാ വികസനസമിതി
1459211
Sunday, October 6, 2024 3:16 AM IST
ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പുരോഗതി ജില്ലാ വികസനസമിതി യോഗം അവലോകനം ചെയ്തു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് ചേര്‍ന്ന യോഗത്തില്‍ എഡിഎം ആശാ സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ജില്ലയുടെ തീരപ്രദേശങ്ങളിലെ കടലാക്രമണഭീഷണി നേരിടുന്നതിന്റെ ഭാഗമായി കടല്‍ഭിത്തി ഇല്ലാത്തയിടങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ബാത്തിമെട്രി സ്റ്റഡി നടത്തി ഡിസൈന്‍ തയാറാക്കുന്നതിന് സമര്‍പ്പിച്ചതായി യോഗത്തില്‍ ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജനീയര് അറിയിച്ചു.
അന്ധകാരനഴി, ചേണംവേലി, വിയാനി, മാത്തേരി, പെരുമ്പള്ളി-രാമഞ്ചേരി എന്നീ സ്ഥലങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
തോട്ടപ്പള്ളി ഭാഗത്ത് മണല്‍ അടിയുന്നത് തടയുന്നതിനായി പൊഴിമുഖത്ത് രണ്ടു പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനായി ആര് കെഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.4 കോടി രൂപയുടെ പദ്ധതിക്കായി സാങ്കേതിക അനുമതിക്ക് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയുടെ തീരപ്രദേശങ്ങളിലെ കടലാക്രമണം നേരിടുന്നതിന് നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ കോസ്റ്റല്‍ മാപ്പ് തയാറാക്കി സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ചങ്ങനാശേരി കൈതവന ഭാഗത്ത് റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സിഗ്നല്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചു. അരൂക്കുറ്റി ഹൗസ്ബോട്ട് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 27.8 സെന്റ് ഭൂമി ടൂറിസം വകുപ്പിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിനോദസഞ്ചാരവകുപ്പ് ജില്ലാ കളക്ടര്‍ക്ക് കത്തു നല്കി.
തറയില്‍ക്കടവ് ഫിഷറീസ് ആശുപത്രി കെട്ടിടം നിര്‍മാണത്തിന്റെ ഭാഗമായി ഒന്നാം നിലയുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് നിര്‍മിതികേന്ദ്രം പ്രൊജക്ട് മാനേജര്‍ അറിയിച്ചു. പുന്നമട നെഹ്റു ട്രോഫി പാലം നിര്‍മാണത്തിനായി യുട്ടിലിറ്റി ഷിഫ്റ്റിംഗ് പുരോഗമിക്കുന്നതായും അടുത്തയാഴ്ച തന്നെ നിര്‍മാണം തുടങ്ങുമെന്നും എകിസിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
പുനര്‍ഗേഹം പദ്ധതി ഗുണഭോക്താക്കള്‍ക്കായി പുറക്കാട് വില്ലേജില്‍ നിര്‍മിക്കുന്ന 204 ഫ്ളാറ്റുകളുടെ സ്ട്രക്ചറല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ വാടക്കല്‍ പ്രദേശത്ത് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
ജില്ലയിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളും അവയില്‍ സ്വീകരിച്ച നടപികളും യോഗം ചര്‍ച്ച ചെയ്തു. മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര -സംസ്ഥാന പദ്ധതികള്‍ എന്നിവയുടെ അവലോകനവും യോഗത്തില്‍ നടത്തി.
വികസനസമിതി യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും എഡിഎം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.