നെല്ലുവില: യുഡിഎഫ് സത്യഗ്രഹ സമരം നാളെ
1299297
Thursday, June 1, 2023 11:04 PM IST
എടത്വ: കുട്ടനാട്ടിലെ കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹ സമരം നാളെ നടക്കും. എംപി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ എംഎല്‍എമാര്‍, മുന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, യുഡിഎഫ് സംസ്ഥാന-ജില്ലാ-നിയോജകമണ്ഡലം നേതാക്കന്മാര് എന്നിവര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആയിരക്കണക്കിന് നെല്‍ക്കര്‍ഷകരാണ് ബാങ്കുകളില്‍ പിആര്‍എസ് നല്കി നെല്‍ വിലയ്ക്കായി കാത്തിരിക്കുന്നത്. സിവില്‍ സപ്ലൈസ് കോര്പറേഷന് മില്ലുടമകളെക്കൊണ്ട് നടത്തി മാസങ്ങല്‍ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. ആയിരക്കണക്കിനു കര്‍ഷകരാണ് ഇതുമൂലം ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്നത്. ബാങ്കുകളിലെ സിബില്‍ സ്കോര്‍ പരിധി കടന്നതിനാല്‍ കര്‍ഷകര്‍ നട്ടം തിരിയുകയാണെന്നും എംപി പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷിബു ബേബി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ്, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജന്‍, അനൂപ് ജേക്കബ്, പി.സി. വിഷ്ണുനാഥ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് തുടങ്ങിയ നേതാക്കള്‍ സത്യഗ്രഹ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസാരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.