സമര വാഴക്കുലയ്ക്ക് 28,000 രൂപ; തുക ഭവന നിർമാണ ഫണ്ടിലേക്ക്
1336557
Monday, September 18, 2023 11:18 PM IST
കുന്നന്താനം: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കൽ നട്ട സമരവാഴയിലെ കുലയ്ക്ക് 28,000 രൂപ.
സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ നടന്ന ആവേശകരമായ ലേലത്തിലൂടെയാണ് 28,000 രൂപ സമാഹരിച്ചത്. ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി കെ റെയിൽ കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്ക് തുക സംഭാവന ചെയ്തു. ലേലത്തിന്റെ ആവേശത്തിമിർപ്പ് കണ്ട യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയും വാഹനങ്ങൾ നിർത്തിയും പങ്കാളികളായതു കൗതുക കാഴ്ചയായി.
ജനങ്ങൾ തള്ളിക്കളഞ്ഞ കെ -റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായി നട്ട വാഴകൾ പ്രതീകാത്മക സമരമായാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സമരസമിതി നട്ടത്. നടയ്ക്കലിൽ നട്ട പൂവൻവാഴയാണ് കുലച്ച് വിളവെടുത്തത്.
സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ലേലത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ എംഎൽഎ ജോസഫ് എം. പുതുശേരി പറഞ്ഞു.
സമരസമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ ഭവന നിർമാണ ഫണ്ടിലേക്ക് തുക കൈമാറി. സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ, പത്തനംതിട്ട ജില്ല ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, സുരേഷ് ബാബു പാലാഴി, വി. ജെ. റെജി, ബിനു ബേബി, റോസിലിൻ ഫിലിപ്പ്, എസ്. രാധാമണി, രാധ എസ്. നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമ്മൻ, അനിൽ അമ്പാടി, ടി. എസ്. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ സംവിധാനം ഒരുക്കിയിരുന്നു.