വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉത്പാദകരാകണം: മന്ത്രി ആർ. ബിന്ദു
1572587
Friday, July 4, 2025 3:28 AM IST
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉത്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. പന്തളം എന്‍എസ്എസ് കോളജില്‍ റൂസ പ്രോജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചികള്‍ക്കനുസൃതമായി വളരാന്‍ പ്രാരംഭഘട്ടത്തില്‍ പരിശീലനങ്ങള്‍ നല്‍കണമെന്നും നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചു മുതല്‍ 25 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ അധ്യാപക സമൂഹം ശ്രമിക്കണം. അധ്യാപക പരിശീലനത്തിനായി ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എക്സലന്‍സ് ടീച്ചിംഗ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ഥികളെ കാലത്തിനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്കു നയിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
റൂസ പദ്ധതിയിലൂടെ കെട്ടിട നിർമാണത്തിന്റെ ഭാഗമായി വിവിധ കലാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അക്കാദമിക് ബ്ലോക്കുകൾ, ആധുനിക ലൈബ്രറികള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍ തുടങ്ങിയവ നിർമിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി 60 : 40 അനുപാതത്തിലാണ് റൂസ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 116 കലാലയങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സെല്‍ രൂപീകരിച്ചാണ് റൂസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. റൂസ ഫണ്ട് മുഖേന സയന്‍സ് ലാബ്, ഓഫിസ്, ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ത്തികരിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ചെയര്മാന് അച്ചന്‍കുഞ്ഞ് ജോണ്‍, കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളായ ഡോ.എസ്.ജ്യോത്സന, ഡോ.ആര്. ശ്രീപ്രസാദ്, പ്രിന്‍സിപ്പല്‍ ഡോ.എം.ജി. സനല്‍കുമാർ, കോളജ് കൗണ്‍സില്‍ സെക്രട്ടറി ലക്ഷ്മി പ്രസന്നൻ, സീനിയര്‍ സൂപ്രണ്ട് കെ.എന്‍ രാജേഷ് കുമാർ, റൂസ കോ-ഓഡിനേറ്റര്‍ ഡോ.എസ്. ശരവണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.