വിലങ്ങാട് ഉരുൾപൊട്ടൽ: പുനർനിർമാണ പ്രവൃത്തികൾ ഉടനെന്ന് വിദഗ്ധ സംഘം
1444500
Tuesday, August 13, 2024 4:28 AM IST
വിലങ്ങാട്: ഉരുൾപൊട്ടൽ നാശം വിതച്ച വിലങ്ങാട് മേഖലയിലെ തകർന്ന റോഡുകളും പാലങ്ങളും ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിച്ചു. ഉരുട്ടി പാലം, പെട്രോൾ പന്പിനു സമീപം ഒലിച്ചുപോയ റോഡ്, പാരിഷ് ഹാളിനടുത്ത് തകർന്ന റോഡിന്റെ സംരക്ഷണ ഭിത്തി, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടിയ സ്ഥലത്തെ പാലം, വാളൂക്ക് പാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പാലം വിഭാഗം ചീഫ് എൻജിനിയർ ഹിഗുൽ അൽബേസ്, കെആർഎഫ്ഇ ചീഫ് എൻജിനിയർ എം. അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ ദീപു, പാലം വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. രമ, എക്സിക്യൂട്ടിവ് എൻജിനിയർ സി.എസ്. അജിത്ത്, എഎക്സിമാരായ എൻ.വി. ഷിനി, നിധിൻ ലക്ഷ്മണൻ, പി.എ. റജീന, എൻ. ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദുരന്തമേഖല എന്ന പരിഗണന നൽകി പുനർനിർമാണ പ്രവൃത്തികൾക്കുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് എൻജിനിയർമാർ അറിയിച്ചു.
ജോയിന്റ് കൗണ്‍സിൽ പ്രതിനിധി സംഘം ദുരന്തമേഖല സന്ദർശിച്ചു
വിലങ്ങാട്: ജോയിന്റ് കൗണ്‍സിൽ പ്രതിനിധി സംഘം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് പ്രദേശം സന്ദർശിച്ചു. ഉരുൾപൊട്ടലിൽ മരണപ്പെട്ട റിട്ട. അധ്യാപകൻ മാത്യുവിന്റെ വീട്, ഉരുൾപൊട്ടിയ പ്രദേശങ്ങൾ, വിവിധ ക്യാന്പുകൾ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയേശ് ചന്ദ്രൻ കല്ലിങ്ങൽ, ചെയർമാൻ കെ.പി. ഗോപകുമാർ, സംസ്ഥാന ഭാരവാഹികളായ പി.എസ്. സന്തോഷ് കുമാർ, എ. ഗ്രേഷ്യസ്, ആർ. സിന്ധു, പി. റാം മനോഹർ, ജില്ലാപ്രസിഡന്റ് കെ. അജിന, ടി.എം. വിജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇ.കെ. വിജയൻ എംഎൽഎ, വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവരുമായി സംഘം ചർച്ച നടത്തി. സർക്കാർ നടപ്പാക്കുന്ന വയനാട് പാക്കേജിനോടൊപ്പം വിലങ്ങാട് പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ജോയിന്റ് കൗണ്‍സിൽ സംസ്ഥാന കമ്മിറ്റിയുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.