ഇലന്തുകടവ്- പള്ളിപ്പടിപ്പാലം റോഡിൽ കരിങ്കൽക്കൂട്ടത്തിൽ ഇടിച്ച് അപകടം പതിവാകുന്നു
1441298
Friday, August 2, 2024 4:54 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ്- പള്ളിപ്പടിപ്പാലം റോഡിൽ വാഹനങ്ങൾ കരിങ്കൽക്കൂട്ടത്തിൽ ഇടിച്ച് അപകടം പതിവാകുന്നു. നവീകരണത്തിനായി കരാർ എടുത്തിരിക്കുന്ന കമ്പനി റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ കൂനയിൽ ഇടിച്ചാണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത്.
റോഡിൽ കയറ്റവും വളവുമുള്ള ഭാഗത്താണ് കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവന്പാടി സ്വദേശി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടിരുന്നു.മുൻപും ഇതേ സ്ഥലത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്.
മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്ത റോഡിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽക്കൂന ഉടൻ എടുത്തുമാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.