മണ്ണിൽ പൊന്നു വിളയിക്കും വെെദികർ
ജോയെൽ നെല്ലിക്കുന്നേൽ
Tuesday, November 12, 2024 10:56 AM IST
വത്സരത്തിലെ വിവിധ കാലങ്ങൾ അനുഗൃഹീതവും ഐശ്വര്യപൂർണവുമാകാനായി ബലിയർപ്പിച്ച് പ്രാർഥിക്കുന്ന വൈദികർ, മണ്ണിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ് കൃഷിയുടെ മഹത്വം പുതുതലമുറയ്ക്ക് തൊട്ടു കാണിച്ചു കൊടുത്താലോ?
എറണാകുളം ജില്ലയിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ പൈനാപ്പിൾ ഗ്രാമമായ വാഴക്കുളത്തെ കർമല ആശ്രമത്തിലെ വൈദികരാണു മണ്ണിൽ പൊന്നു വിളയിച്ചു മാതൃകയാകുന്നത്. മണ്ണു വേണ്ട, വിണ്ണു മതി എന്നു പറഞ്ഞു പായുന്ന തലമുറയോട് വിണ്ണല്ല മണ്ണാണ് ഉണ്ണാൻ തരുന്നതെന്ന ഓർമപ്പെടുത്തൽ കുടിയാണ് ഈ വൈദികർ നടത്തുന്നത്.
ഇതിന്റെ അംഗീകാരമെന്നവണ്ണം സമഗ്ര കൃഷിയിട സൂക്ഷിപ്പിന്േറയും തരിശു ഭൂമിയിലെ കൃഷി പ്രോത്സാഹനത്തിന്റെയും പേരിൽ സംസ്ഥാന സർക്കാർ ഈ ആശ്രമ വൈദികരെ അവാർഡു നൽകി ആദരിക്കുകയും ചെയ്തു.
നെല്ലും വാഴയും
മൂന്നേക്കറോളം നെൽകൃഷി, 200 ലേറെ ടിഷ്യുക്കൾച്ചർ വാഴ, 500ൽ പരം മരച്ചീനി, ചേന, ചേന്പ്, കാച്ചിൽ വിവിധയിനം പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവിളകളും കുരുമുളക്, കശുമാവ്, തെങ്ങ്, പ്ലാവ്, റബർ എന്നിവയും പഴവർഗങ്ങളായ പൈനാപ്പിൾ, മാവ്, സപ്പോട്ട, റംബൂട്ടാൻ, പപ്പായ, മാങ്കോസ്റ്റീൻ, എഗ് ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, കുറ്റിമുല്ല, ബന്ദിപ്പൂ തുടങ്ങിയവയും ആശ്രമത്തിൽ കൃഷി ചെയ്യുന്നു.
എട്ട് എരുമകൾ, മൂന്നു പശുക്കൾ, മൂന്നു പോത്തുകൾ, 10 പന്നികൾ, കോഴികൾ, മത്സ്യം തുടങ്ങിയവയും വൈദികരുടെ സംരക്ഷണയിൽ വളരുന്നു. മില്ലറ്റ് വർഷത്തോടനുബന്ധിച്ച് മണിച്ചോളവും ആശ്രമത്തിൽ കൃഷി ചെയ്തി രുന്നു. മൂന്നരപ്പതിറ്റാണ്ടായി തരിശു കിടന്ന സ്ഥലത്ത് നെൽകൃഷി ചെയ്യാനാരംഭിച്ചതും ശ്ലാഘനീയമായി.
ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ബിനോയി ചാത്തനാട്ട്, ഫാ. ബിനു ഇലഞ്ഞേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിടത്തിൽ നൂറുമേനി വിളയിക്കുന്നത്. 2017ലാണ് ഫാ. ബിനു, കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന ആശയം സഹവൈദികരോട് പങ്കുവയ്ക്കുന്നത്.
തൊട്ടടുത്ത കാർഷിക ഗ്രാമമായ ആവോലിയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന് മണ്ണ് തരിശിടുന്നത് ഒട്ടും സഹിക്കാനാകുമായിരുന്നില്ല. വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ അധ്യാപനം, ആശ്രമ വൈദികൻ തുടങ്ങിയ തിരക്കുകൾക്കിടയിൽ നെൽകൃഷിയൊഴികെ മറ്റു കൃഷികളൊന്നും നന്നായി പരിപാലിക്കാൻ ഫാ. ബിനുവിന് കഴിഞ്ഞില്ല.
അതിനു പരിഹാരമെന്നവണ്ണമാണ് സമാന ചിന്താഗതിയുള്ള ഫാ.ബിനോയി ചാത്തനാട്ട് തൊട്ടടുത്ത വർഷം 2018ൽ സ്ഥലം മാറിയെത്തിയത്. തോപ്രാംകുടി സ്വദേശിയായ ഫാ.ബിനോയിക്ക് കർഷക പാരന്പര്യം ഏറെയുണ്ടായിരുന്നു താനും. അധ്യാപകൻ, കർഷകൻ എന്നീ പ്രവർത്തനങ്ങൾക്ക് തുല്യപ്രാധാന്യമാണ് ഈ പുരോഹിതൻ നൽകുന്നത്.
സമാന ചിന്താഗതികളുള്ള ഇരുവരുടെ ഒത്തുചേരൽ വഴി കർമല ആശ്രമക്കുന്ന് സാവധാനം മനോഹരമായ കൃഷിയിടമായി മാറുകയായിരുന്നു. ആശ്രമ പരിസരത്ത് ലഭ്യമായ ഓരോ ന്ധതൂന്പപ്പാട്’ സ്ഥലത്തും എന്തു നട്ടു പിടിപ്പിക്കാനാകുമെന്നായിരുന്നു അവരുടെ ചിന്ത.
മണ്ണുമൂടി കരഭൂമിയായി മാറിക്കൊണ്ടിരുന്ന പ്രദേശത്ത് ജലലഭ്യത ഉറപ്പാക്കി നെൽകൃഷി ആരംഭിക്കുകയാണ് ആദ്യം ചെയ്തത്. ഏറെ ശ്രമകരമായിരുന്നു അത്. മരങ്ങളുടെ ചെറു ചില്ലകൾ ഇലകൾ ഉൾപ്പെടെ മണ്ണിൽ താഴ്ത്തി കാലിവളവും ചേർത്ത് വളക്കൂറുള്ള നെൽപ്പാടം പരുവപ്പെടുത്തുകയായിരുന്നു.
ഒപ്പം പാഴ്തടാകം പോലെ ഉപേക്ഷിക്കപ്പെട്ട മറ്റൊരു നെൽപ്പാടത്തിനും ഇരുവരും ചേർന്നു പുതുജീവൻ നൽകി. പയർ വിതച്ചു ചെടികളായപ്പോൾ അപ്പാടെ മണ്ണിൽ വളമായി ചേർത്തു നൽകി.
ഒരിടത്തെ പച്ചപ്പട്ടണിഞ്ഞ പാടവും തൊട്ടടുത്തുള്ള ജപ്പാൻ വയലറ്റ് നെൽപ്പാടവും ഗ്രാമ്യക്കാഴ്ചയുടെ വേറിട്ട ഭംഗിയായി. നെൽകൃഷി കാണാൻ പുതുതലമുറയിലെ കുട്ടികൾ കൂട്ടമായി സ്കൂളുകളിൽ നിന്നെത്തിയപ്പോൾ അവർക്കത് പഠനക്കളരിയുമായി.
പശു വളർത്തലും
വൈക്കോൽ യഥേഷ്ടം കിട്ടിത്തുടങ്ങിയപ്പോൾ പശു വളർത്താമെന്ന ചിന്തയായി. അതിപ്പോൾ 14 ഉരുക്കളിൽ എത്തി നിൽക്കുന്നു. പശു വളർത്തൽ തുടങ്ങിയതോടെ നെൽപ്പാടത്തേക്ക് കാലി വളം വേറെ വേണ്ടി വന്നില്ല.
35 ലിറ്ററോളം പാലും ലഭിക്കും. ആശ്രമത്തിലെ വൈദികരും ജോലിക്കാരും അതിഥികളുമുൾപ്പെടെ ശരാശരി 30 പേർക്ക് ദൈനം ദിനം ഭക്ഷണം പാകം ചെയ്യാൻ പ്രതിമാസം പത്തിലേറെ പാചക വാതക സിലണ്ടറുകൾ ഉപയോഗിച്ചത് ബയോഗ്യാസ് പ്ലാന്റിന്റെ വരവോടെ ഒന്നായി ചുരുങ്ങി.
ഹ്രസ്വകാല കൃഷികൾ ചെയ്യുന്നതിനാൽ തന്നാണ്ടിൽ ഒരേ മണ്ണിൽ തന്നെ പലയിനം കൃഷികൾ ചെയ്യാൻ കഴിയുന്നു. വാഴയ്ക്ക് ഇടവിളയായി ചെറു തണലിൽ ചെയ്ത മണിച്ചോളം നല്ല വിളവ് നൽകി. മരച്ചീനി വിളവെടുപ്പിനു ശേഷമായിരുന്നു മില്ലറ്റ് കൃഷി.
കൃഷിയിടത്തിൽ നാട്ടറിവുകൾ പകരാനും അധ്വാനം പങ്കിടാനും ജോസ് ഉറുന്പിൽ, റോയി വെട്ടിക്കുഴി, ബിജു തടത്തിൽ, സ്വാമി എന്നിവരുമുണ്ട്. നെൽപ്പാടത്ത് വിത്തു വിതയ്ക്കാനും ഞാറൊരുക്കാനും കാടുപടലം വെട്ടി തെളിക്കുന്നതിനുമൊക്കെ ഫാ.ആന്റണി ഉരുളിയാനിക്കൽ, ഫാ.ജോണ്സണ് വെട്ടിക്കുഴിയിൽ തുടങ്ങിയവരുമുണ്ട്.
കൃഷി വകുപ്പിന് കൈ കൊടുത്ത്
മഞ്ഞള്ളൂർ പഞ്ചായത്ത് കൃഷി ഓഫീസർ ടി.എം. ആരിഫ, കൃഷി അസിസ്റ്റന്റുമാരായ പി.എ. പ്രദീപ്, റസീന അബ്ദുൽ റഹിം, ഫീൽഡ് അസിസ്റ്റന്റ് ദിനേശ് കെ.സഹദേവൻ എന്നിവർ ആശ്രമ കൃഷിയിടത്തെക്കുറിച്ച് പറയുന്പോൾ തന്നെ വാചാലരാകും.
സർക്കാർ നൽകുന്ന ഏതു കാർഷിക പദ്ധതി പൂർണ മനസോടെ നടപ്പിലാക്കുന്ന വൈദികരെക്കുറിച്ച് ബഹുമാനപൂർവകമായ അഭിമാനമാണ് ഇവർക്കുള്ളത്. കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ വികസിപ്പിച്ചെടുത്ത വിവിധയിനം വിത്തുകളും ചെടികളും ആശ്രമകൃഷിയിൽ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട്.
പുഷ്പകൃഷിയും ടിഷ്യുകൾച്ചർ ഏത്തവാഴയും വിവിധ പച്ചക്കറികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. പടുതാക്കുളത്തിൽ നടത്തുന്ന മത്സ്യകൃഷിയും ചുറ്റുവട്ടത്തെ മുട്ടക്കോഴി വളർത്തലും ചേരുന്പോൾ ആശ്രമാന്തരീക്ഷം തികച്ചും ജീവി സൗഹൃദ മേഖല.