ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
Tuesday, October 22, 2024 11:12 AM IST
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോപോണിക്സ് കൃഷിയും ഒരുക്കി ടെക്നോപാർക്ക് ഉദ്യോഗസ്ഥനായ സന്തോഷ്കുമാർ നൂതന കൃഷിയിൽ നേട്ടങ്ങൾ കൊയ്യുകയാണ്.
കൃഷി വകുപ്പിന്റെ നൂതന കൃഷി രീതിക്കുള്ള സംസ്ഥാന അവാർഡ് നേടുന്നിടം വരെയെത്തി അദ്ദേഹത്തിന്റെ കൃഷി. വിപണിയിൽ നിന്നു വാങ്ങിയ ഉപകരണങ്ങളും സ്വതന്ത്ര സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഫാം ഹൗസ് ഒരുക്കിയത്.
ആധുനിക ലാബ്, ഇലട്രോണിക്സ് ഉപകരണങ്ങളും ഇതിനായി ഉപയോഗിച്ചു. വിപണിയിലുള്ള വിലകൂടിയ ഫാം ഹൗസ് ഉപകരണങ്ങൾ ഒഴിവാക്കിയാണ് ഫാം ഹൗസ് നിർമിച്ചത്. ഇതിലൂടെ പ്രാഥമിക ചെലവിൽ 20 ശതമാനം ലാഭിക്കാനായി.
കൃഷിക്ക് ഹൈബ്രീഡ് ഇനം
കന്പനികൾ നൽകുന്ന ഹൈബ്രീഡ് വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പുതിന കൃഷിയായിരുന്നു ആദ്യം. അത് വൻ വിജയമായി. ഇപ്പോൾ തക്കാളിയാണ് നട്ടിരിക്കുന്നത്. രണ്ടില വിരിഞ്ഞാൽ ഒരു തക്കാളിപ്പഴമുണ്ടാകുന്ന ഇനമാണ് കൃഷിയിറക്കിയത്.
ഒരു തക്കാളി ചെടിയിൽ നിന്ന് ആറു മാസത്തിനുള്ളിൽ 10 കിലോ തക്കാളി ലഭിക്കുമെന്നാണ് വിത്ത് നൽകിയ കന്പനി ഉറപ്പു പറയുന്നത്.
മണ്ണിനു പകരം കല്ല്
രണ്ടു തട്ടുള്ള ബക്കറ്റിൽ മേൽ ഭാഗത്തേതിൽ ചെടി വളർത്തുന്നതാണ് ചെറിയ രീതിയിലുള്ള ഹൈഡ്രോപോണിക്സ് കൃഷിയിൽ ചെയ്യുന്നത്. താഴത്തെ ബക്കറ്റിൽ ചെടിക്കാവശ്യമായ പോഷക ജലം സംഭരിക്കും.
മേൽത്തട്ടിലെ ബക്കറ്റിൽ വളർത്തുന്ന ചെടിയുടെ വേര് കീഴ്ഭാഗത്തെ ബക്കറ്റിലേക്ക് വളർന്നിറങ്ങി ചെടിക്കാവശ്യമായ പോഷകങ്ങളും ജലവും വലിച്ചെടുക്കും.
ഫാം ഹൗസിലെ കൃഷി രീതി
നിശ്ചിത നീളവും വീതിയുമുള്ള ഷെഡിൽ മേൽക്കൂരയും ചുറ്റിലും ഷീറ്റുകൊണ്ടുള്ള മറയും ഒരുക്കി കാറ്റും മഴയും കടക്കാത്ത രീതിയിലാണു ഫാം ഹൗസ് നിർമിക്കുന്നത്. അതിനുള്ളിൽ തട്ടിനു മുകളിൽ ചെടി വളർത്താനുള്ള പൈപ്പ് സ്ഥാപിക്കും.
പൈപ്പിൽ നിശ്ചിത അകലത്തിലെ ദ്വാരത്തിൽ കല്ല്, കയർ പിത്ത്, റോക്ക്വുൾ, ഗ്രോ ക്യൂബ്സ് എന്നിവയ്ക്കു നടുവിലായി ചെടി നടുന്നു. കീഴ് ഭാഗത്തെ പൈപ്പിലൂടെ വളവും ന്യൂട്രീഷ്യനും അടങ്ങിയ പോഷക ജലം എപ്പോഴും ഒഴുകികൊണ്ടിരിക്കും.
മുകളിലത്തെ പൈപ്പിൽ വളരുന്ന ചെടിയുടെ വേര് താഴത്തെ പൈപ്പിലെത്തി വളവും പോഷകവും വലിച്ചെടുക്കും. തക്കാളിയോ മറ്റ് ചെടികളോ വളർത്തുന്പോൾ താങ്ങു കൊടുക്കേണ്ടതുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പോളി ഹൗസിൽ സ്പ്രിംഗ്ലർ വഴി ജലസേചനം നടത്തി ചൂട് ക്രമീകരിക്കാനാകും. ആവശ്യാനുസരണം വിവിധ ടാങ്കുകളിൽ നിന്ന് പോഷക ജലം ചാലുകളിലൂടെ ഒഴുക്കുകയും ചെയ്യാം.
മൊബൈൽ വഴി വിവരങ്ങൾ ക്രമീകരിക്കുന്നതിനാൽ പോളിഹൗസിലേക്ക് എല്ലാ ദിവസവും എത്തേണ്ടതുമില്ല. കാമറ ഘടിപ്പിച്ചിട്ടുള്ളതിനാൽ വീട്ടിലോ ഓഫീസിലോ ഇരുന്ന് ഫാം ഹൗസ് നിരീക്ഷിക്കാനുമാകും.
സൂര്യപ്രകാശത്തിനു പകരം പ്രത്യേകമായി രൂപകല്പന ചെയ്ത ഗ്രോ ലൈറ്റുകളാണ് ഫാം ഹൗസിൽ ഉപയോഗിക്കുന്നത്.
കൃത്രിമ പരിസ്ഥിതി
ഫാം ഹൗസിനുള്ളിലാണ് ഹെഡ്രോപോണിക്സ് കൃഷിയിടം ഒരുക്കുന്നത്. ഇത് യഥാർഥത്തിൽ ഒരു ലാബാണ്. വെയിൽ ഏൽക്കുന്നില്ല. മഴ പെയ്താൽ നനയുന്നുമില്ല. കാറ്റോ മഞ്ഞോ ഏൽക്കുന്നുമില്ല.
അതിനാൽ കടുത്ത വേനലുള്ള കുംഭം, മീനം മാസങ്ങളിൽ വേനലിന്റെ കാഠിന്യം ഏൽക്കാതെ പച്ചക്കറി, പയർ ഇനങ്ങൾ മിതോഷ്ണാവസ്ഥയിൽ വളർത്തിയെടുക്കാം.
ഇതുവഴി ചുറ്റുമുളള ആവാസ വ്യവസ്ഥയിൽ വളരുന്ന കീടങ്ങൾക്ക് കൂടാരത്തിനുള്ളിലേക്ക് കടക്കാനും ഉപദ്രവിക്കാനും കഴിയില്ല. കീടങ്ങളില്ലാത്തതിനാൽ കീടനാശിനിയുടെ ആവശ്യവുമില്ല. അതിനാൽ മഴ, വെയിൽ, മഞ്ഞ് വ്യത്യാസമില്ലാതെ ഇഷ്ടപ്പെട്ട സസ്യങ്ങൾ വളർത്താം.
കുറഞ്ഞ ജല ലഭ്യതയാണ് വേറൊരു നേട്ടം. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് ഫാം ഫ്രഷും സ്വാദുള്ളതും പോഷക സന്പുഷ്ടവും സുഗന്ധവുമുള്ള പച്ചക്കറികളും ഇലകളും ഈ രീതിയിലൂടെ ഉത്പാദിപ്പിക്കാം.
വിജയിക്കുന്ന കൃഷികൾ
ഹൈഡ്രോപോണിക്സ് കൃഷിയിൽ എല്ലാത്തരം ചെടികളും വളർത്താമെങ്കിലും പുതിന പോലുള്ള പച്ചിലകൾ, ചീര, തക്കാളി, കുരുമുളക്, സ്ട്രോബറി എന്നിവയാണ് ആദായകരമായി കൃഷി ചെയ്യാവുന്നത്.
വിജയിക്കാത്ത ഇനങ്ങൾ
ധാന്യം പോലെ ഉയരത്തിൽ വളരുന്നവയും ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് ഇനങ്ങളും ആഴത്തിൽ വേര് പടരുന്ന മുന്തിരി പോലുള്ളവയും ഈ രീതിക്ക് ചേർന്നതല്ല. വാഴ പോലുള്ള ഇനങ്ങൾക്കും പറ്റില്ല.
ഫോണ് 9746719785