സൂര്യകാന്തി ശോഭയിൽ വട്ടവട
Monday, October 21, 2024 11:03 AM IST
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ടു. കാരറ്റും ക്യാബേജുമെല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ് വട്ടവടയിലേത്.
തട്ടുതട്ടായി കൃഷിയിടങ്ങള്‍ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂ പ്രകൃതി ഏറെ മനോഹരമാണ്. ഈ കാഴ്ച്ചകള്‍ കണ്ട് വട്ടവടയുടെ കുളിരാസ്വദിച്ച് മടങ്ങാനാണ് സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. എന്നാല്‍, വട്ടവടയിലെ കര്‍ഷകനായ ശിവകുമാറിന്റെ കൃഷിയിടത്തില്‍ ശീതകാല പച്ചക്കറികളും സ്ട്രോബറിയും മാത്രമല്ല സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നില്ക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്.
സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകര്‍ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞാല്‍ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്കാകര്ഷിക്കാമെന്ന് ശിവകുമാര്‍ പറയുന്നു.
പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഒപ്പം സൂര്യകാന്തി പൂക്കളും വട്ടവടക്കിപ്പോള് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.