നട്ടുവളർത്തി ആദായമെടുക്കാൻ ചന്ദനമരങ്ങൾ
Saturday, February 1, 2025 5:44 PM IST
മലയാളികൾക്കു പുതിയ കൃഷികൾ എക്കാലത്തും അവേശമാണ്. ബ്രസീലുകാരനായ മരച്ചീനിയെ എത്രവേഗമാണ് നമ്മുടേതാക്കി മാറ്റിയത്. പിന്നെ റബറിനെ സ്വീകരിച്ചു. തുടർന്നു കൊക്കോയും, റംബൂട്ടാനും തുടങ്ങി ഡ്രാഗണ് ഫ്രൂട്ടുവരെ എത്രഎത്ര വിളകളെ നമ്മൾ സ്വന്തമാക്കി.
അതിൽ ഏറ്റവും പുതുതായി കടന്നുവരുന്ന വൃക്ഷവിളയാണ് ചന്ദനം. ചന്ദനം പക്ഷേ, വരത്തനല്ലന്നു മാത്രം. നമ്മുടെ തന്നെ വനവൃക്ഷമാണ്. ചന്ദനത്തിന്റെ സാധ്യതകൾ കണ്ടറിഞ്ഞ്, സംസ്ഥാനത്ത് നൂറുകണക്കിനു കർഷകരാണ് തോട്ടമടിസ്ഥാനത്തിൽ ഏക്കർ കണക്കിനു ചന്ദനകൃഷിക്കു തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കർണാടകയിലും തമിഴ്നാട്ടിലും പിന്നെ കേരളത്തിലുമാണുള്ളത്. കേരളത്തിലെ മറയൂർ കാടുകളാണ് ചന്ദനത്തിന് പ്രസിദ്ധം.
ചന്ദനത്തിന്റെ പ്രാധാന്യം
ചന്ദനം ഭാരതീയരെ സംബന്ധിച്ച് ഒരു പുണ്യവൃക്ഷമാണ്. ക്ഷേത്രാവശ്യങ്ങൾക്കു ചന്ദനം അനിവാര്യം. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യം ചന്ദന തൈലമാണ്. നിരവധി സൗന്ദര്യ വർധക വസ്തുക്കൾ വ്യവസായികാടിസ്ഥാനത്തിൽ ചന്ദനത്തിൽ നിന്ന് ഉദ്പാദിപ്പിക്കുന്നുണ്ട്.
സോപ്പ്, പൗഡർ, ക്രീമുകൾ, അഗർബത്തികൾ എന്നിങ്ങനെ പോകുന്നു ആ ഉത്പന്നങ്ങൾ. പലതരം ഔഷധങ്ങളിലും ചന്ദനം പ്രധാന ചേരുവയാണ്. ദാരുശില്പങ്ങൾക്കും, കരകൗശല ഉത്പന്നങ്ങൾക്കും ചന്ദനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മണ്ണും കാലാവസ്ഥയും
വെള്ളക്കെട്ടുള്ളതും ചതുപ്പായതും ഉപ്പിന്റെ ആധിക്യം ഏറെയുള്ളതുമായ സ്ഥലങ്ങൾ ഒഴിവാക്കിയാൽ കേരളത്തിലെ ഏതു മണ്ണിലും ചന്ദനം കൃഷി ചെയ്യാം. നല്ല നീർവാർച്ചയുള്ളതും വരണ്ടതുമായ സ്ഥലമാണ് അനുയോജ്യം.
പാറക്കെട്ടുള്ളതും ആഴം കുറഞ്ഞ മണ്ണുള്ള കുന്നിൻ ചരിവിലും ചന്ദനം നന്നായി വളരും. 12 ഡ്രിഗ്രി മുതൽ 40 ഡിഗ്രി വരെയുള്ള താപനിലയും ഇടത്തരം മഴയും നല്ല സൂര്യപ്രകാശവും നീണ്ട വേനൽക്കാലവും ചന്ദനത്തിന് ഉത്തമമാണ്.
നടീൽ വസ്തു
ചന്ദനത്തിന്റെ തൈകളാണ് നടീൽ വസ്തു. വിത്തിട്ട് മുളപ്പിച്ചെടുക്കുന്നതാണു തൈകൾ. സാന്തലേഷ്യ കുടുംബത്തിൽ പെട്ട ചന്ദനത്തിന് നിരവധി സ്പീഷിസുകളുണ്ട്. അതിൽ സന്താലം ആൽബം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചന്ദനമാണ് ഏറ്റവും നല്ലത്.
ലോകത്ത് ആ ഇനത്തിൽപ്പെട്ട ഏറ്റവും മികച്ച ചന്ദനമുള്ളത് മറയൂർ കാടുകളിലാണ്. ഗുണമേ·യുള്ള ചന്ദന തൈകൾ വനം വകുപ്പിന്റെ മറയൂരുള്ള സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ സാൻഡൽ ഡിവിഷനിൽ നിന്നും തൃശൂർ പീച്ചിയിലുള്ള ഫോറസ്റ്റ് റിസേർച്ച് സ്റ്റേഷനിൽ നിന്നും ഉത്പാദിപ്പിച്ചു മിതമായ വിലയിൽ വിതരണം ചെയ്യുന്നുണ്ട്.
നടീൽ
ഒറ്റതായ്തടിയുള്ളതും എട്ടുപത്തു മാസം പ്രായമെത്തിയതുമായ കരുത്തുറ്റ തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. 20 മുതൽ 25 സെന്റീ മീറ്റർ വരെ പൊക്കവും തണ്ടു കനം 5 സെന്റീ മീറ്ററും 20 മുതൽ 25 എണ്ണം ഇലകളും ചെറു ശാഖകളും ഉള്ളതാണ് ലക്ഷണമൊത്ത ചന്ദന തൈകൾ.
എകവിള സന്പ്രദായത്തിൽ വരികൾ തമ്മിലും ചെടികൾ തമ്മിലും മൂന്നു മീറ്റർ അകലം മതിയാകും. ഇങ്ങനെ നട്ടാൽ ഏക്കറിന് 330 ചന്ദന തൈകൾ നടാൻ കഴിയും. കുഴികൾക്ക് അരമീറ്റർ ആഴവും വീതിയും ഉണ്ടാവണം.
കുഴിയെടുത്താലുടൻ മണ്ണിന്റെ പുളി അഥവാ അമ്ലത കുറയ്ക്കുന്നതിനായി അര കിലോ ഡോളോമൈറ്റും മേൽമണ്ണും മിക്സ് ചെയ്തു കുഴിയുടെ മുക്കാൽ ഭാഗം നിറയ്ക്കണം. മഴയില്ലെങ്കിൽ ഈ മിശ്രിതം രണ്ടാഴ്ച നനയ്ക്കണം.
അതിനു ശേഷം അടിവളങ്ങൾ ചേർത്ത് കൊടുക്കണം. അടിവളമായി കുഴിയൊന്നിന് 5 കിലോ ജൈവവളവും (കന്പോസ്റ്റാണ് ഏറ്റവും നല്ലത്) അര കിലോ രാജ്ഫോസും അര കിലോ വേപ്പിൻ പിണ്ണാക്കും ചേർത്തിളക്കിയ മിശ്രിതം ഇട്ടു കുഴിയിലെ മണ്ണുമായി കൂട്ടിക്കലർത്തി ഭൂനിരപ്പിൽ നിന്ന് ഒരല്പം പൊക്കി കുഴി മൂടണം.
വെള്ളം കെട്ടി നിൽക്കാതിരിക്കാനാണിത്. തുടർന്നു പിള്ളക്കുഴി എടുക്കണം. അതിൽ പെർലേറ്റ്, വെർമിക്കുലേറ്റ്, ചകിരിച്ചോർ കംപോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയടങ്ങിയ മിശ്രിതം മണ്ണുമായി കൂട്ടികലർത്തി നിറച്ചശേഷം തൈ നടണം.
വേണം തുണച്ചെടികൾ
ചന്ദനം സ്വന്തമായി ആഹാരം കണ്ടെത്താൻ മടിയുള്ള ഒരു അർധപരാദ സസ്യമാണ്. അടുത്തു നില്ക്കുന്ന ചെടികളുടെ വേരുകളിലേക്ക് സ്വന്തം വേരുകൾ ആഴ്ത്തി അവയുടെ ആഹാരം മോഷ്ടിച്ചെടുക്കുന്ന വിരുതനാണിവൻ.
കാത്സ്യവും, പൊട്ടാഷും മാത്രമാണ് സ്വന്തമായി അല്പമെങ്കിലും മണ്ണിൽ നിന്നു സ്വയം വലിച്ചെടുക്കുന്ന പോഷകങ്ങൾ. അതിനാൽ തൈ നടുന്നതിനൊപ്പം ആതിഥേയ സസ്യങ്ങളും നടേണ്ടതുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധങ്ങളായ തുണച്ചെടികൾ വേണ്ടിവരും.
തുടക്കത്തിൽ തുണയ്ക്ക് തടത്തിൽ തന്നെ പൊന്നാംങ്കണ്ണിചീര നടാം. മറയൂരിൽ നിന്നു ലഭിക്കുന്ന നഴ്സറി തൈകളുടെ കവറിൽ തന്നെ നട്ടിട്ടുണ്ടാവും ഈ ചീര. തൈ നടുന്പോൾ പൊന്നാങ്കണ്ണി ചീരയ്ക്കൊപ്പം പയർവർഗ വിത്തുകളും തടത്തിൽ വിതയ്ക്കാം.
മുതിരയും, തുവരയും, പയറുമൊക്കെയാവാം. ഇവയിൽ നിന്നു വളർച്ചയ്ക്കാവശ്യമായ നൈട്രജൻ യഥേഷ്ടം ലഭിക്കും. ഒന്നു രണ്ടു വർഷത്തേക്കു അമരയും തടത്തിൽ നട്ടു വളർത്താം. ചന്ദനത്തിന്റെ ഇടവും വലവും തെക്കുവടക്കായി കൊന്ന കന്പുകൾ കൂടി നട്ടാൽ തുണയും തണലുമാകും.
വളർച്ചയുടെ രണ്ടാം ഘട്ടത്തിൽ അതായത് തൈകൾ നട്ട് മൂന്നു നാല് വർഷമെത്തിയാൽ തുണച്ചെടിയായി ഗ്രാഫ്റ്റ് ചെയ്ത വാളൻപുളി, അഗത്തിച്ചീര, മലവേപ്പ്, സിൽവർ ഓക്ക്, നെല്ലി, മാവ് തുടങ്ങിയവയെ ഉപയോഗപ്പെടുത്താം.
വളർച്ചയുടെ മൂന്നാംഘട്ടം എത്തുന്പോഴേയ്ക്കും വലിയ മരങ്ങൾ തന്നെ ചന്ദനമരങ്ങൾക്കിടയിൽ നട്ടുവളർത്തണം. മഞ്ഞക്കൊന്നയും, കാറ്റാടിയും പീലിവകയും സുബാബുൾ, പ്ലാവ്, ആഞ്ഞിലി എന്നിവയൊക്കെ തുണച്ചെടികളാക്കാം.
എന്നാൽ, തുണമരങ്ങൾ ചന്ദന മരങ്ങളെ മാറി കടന്നു വളരാൻ അനുവദിക്കരുത്. എപ്പോഴും നല്ല വെയിൽ വേണം. ചന്ദനത്തെ ചുറ്റിപ്പിടിക്കുന്ന വള്ളിച്ചെടികളെ അപ്പപ്പോൾ ഒഴിവാക്കണം.
വളപ്രയോഗവും പരിചരണവും
ചന്ദനത്തോട്ടത്തിലെ മണ്ണിന്റെ അമ്ലത കൂടാതെ ശ്രദ്ധിക്കണം. മരത്തിന്റെ ശരിയായ വളർച്ചയ്ക്ക് മണ്ണിന്റെ പി. എച്ച് തോത് 6 നും 8 നും ഇടയിലായിരിക്കണം. ഇതു ക്രമപ്പെടുത്താൻ കാലവർഷാരംഭത്തിൽ സെന്റിന് രണ്ടു മുന്നു കിലോ കുമ്മായം ചേർത്തു കൊടുത്താൽ മതി.
ഏറ്റവും നല്ലത് ഡോളോമൈറ്റ് ആണ്. കുമ്മായ പ്രയോഗം കഴിഞ്ഞ് മൂന്നാഴ്ചയെങ്കിലും കഴിഞ്ഞിട്ടു മാത്രമേ വളപ്രയോഗങ്ങൾ നടത്താവൂ. ആദ്യം ചെയ്യേണ്ടത് കംപോസ്റ്റു വളങ്ങളാണ്. തുടക്കത്തിൽ തൈ ഒന്നിന് 5 കിലോയിൽ തുടങ്ങി വർഷം തോറും ഇരട്ടി എന്ന ക്രമത്തിൽ 5 വർഷമെത്തുന്പോൾ 25 കിലോ ജൈവവളങ്ങൾ കൊടുക്കണം. ഒപ്പം വേപ്പിൻ പിണ്ണാക്കും നൽകണം.
രാസവളങ്ങളും നൽകേണ്ടതുണ്ട്. തുല്യ അളവിലാണ് ചന്ദനത്തിന്റെ എൻ.പി.കെ ശുപാർശ. നാലഞ്ചുവർഷം വരെ 19:19:19 എന്ന പുതുതലമുറ വളം 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടാഴ്ചയിലൊരിക്കൽ വീതം വൈകുന്നേരമോ, രാവിലെയോ ചന്ദനമരത്തിന്റെ ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്ന പത്രപോഷണ രീതി ഫലപ്രദമാണ്.
ചുവട്ടിൽ മണ്ണിൽ ചേർത്തു കൊടുക്കുന്ന വളപ്രയോഗരീതിയും ആവാം. വളപ്രയോഗം തുണച്ചെടികൾക്കും നൽകണം. യൂറിയ, രാജ്ഫോസ്, പൊട്ടാഷ് അല്ലെങ്കിൽ ഫാക്ടം ഫോസ്, പൊട്ടാഷ് എന്നീ വളങ്ങൾ എൻ.പി.കെ പോഷകങ്ങൾക്കായി 50:50:50 എന്ന അനുപാതത്തിൽ നൽകണം.
ചന്ദന മരത്തിന്റെ തുടക്കത്തിൽ വേനലിൽ നന അത്യാവശ്യമാണ്. മണ്ണിന്റെ തരം അനുസരിച്ച് പ്രതിദിനം 5 മുതൽ 6 ലിറ്റർ വെള്ളം വേണ്ടി വരും. കാലാവസ്ഥാ കണക്കിലെടുത്ത് ജലസേചനം അഞ്ച് വർഷം വരെ തുടരാം.
രോഗങ്ങൾ കീടങ്ങൾ
ചന്ദനമരങ്ങൾക്ക് പലതരം രോഗങ്ങളും കീടങ്ങളും ബാധിക്കാനിടയുണ്ട്. തടി തുരപ്പൻ പുഴു വ്യാപകമായി കണ്ടുവരുന്നുണ്ട്. കീടബാധയുടെ ദ്വാരങ്ങൾ കണ്ടെത്തി അതിലൂടെ രാസകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നതാണ് പ്രായോഗിക പരിഹാര മാർഗം.
ഇലകളിൽ കരിംപൂപ്പ്, ഇലകരിച്ചിൽ, പുളിക്കുത്ത് എന്നീ രോഗങ്ങളും കാണാറുണ്ട്. രോഗബാധ കണ്ടാലുടൻ കുമിൾനാശിനികൾ പ്രയോഗിക്കുക. സ്പൈക്ക് എന്ന മാരകരോഗവും ചന്ദനത്തിനുണ്ട്. മൈക്കോ പ്ലാസ്മ എന്ന രോഗാണുമൂലമുണ്ടാകുന്ന രോഗമാണിത്.
ഇലകൾ മുരടിക്കലും, തളിരില ചുരുളുന്നതും ഇലകളൊക്കെ നേർത്തു കുറ്റിച്ചൂലുപോലെയായി ചന്ദനമരം ഉണങ്ങുന്നതാണ് ലക്ഷണങ്ങൾ. ഈ രോഗത്തിനു മരുന്നില്ല. ലക്ഷണങ്ങൾ കണ്ടാലുടൻ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക മാത്രമാണ് പ്രതിവിധി.
മറ്റൊന്നു നിമവിര ബാധയാണ്. വേരുകളിലെ നിമവിര ബാധ മൂലം മരത്തിന്റെ വളർച്ച മുരടിക്കും. ചന്ദന മരങ്ങളുടെ ചുവട്ടിൽ ബന്ദി, കമ്യൂണിസ്റ്റു പച്ച എന്നിവ നട്ടു വളർത്തുന്നത് നിമബാധയെ നിയന്ത്രിക്കാൻ നല്ലതാണ്.
വിളവെടുപ്പ്
ഭാരത സർക്കാരിന്റെ ബംഗളുരൂ മല്ലേശ്വത്തുള്ള വുഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ പഠനപ്രകാരം ശാസ്ത്രീയ പരിചരണം നൽകി കൃഷിയിടത്തിൽ വളർത്തുന്ന ചന്ദന മരങ്ങൾക്ക് വാർഷിക വളർച്ച തടി കനം 4-5 സെന്റീമീറ്റർ വരെ ശരാശരി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അങ്ങനെ വന്നാൽ 12 മുതൽ 15 വർഷം കൊണ്ട് ചന്ദന മരത്തിന്റെ ചുവട്ടിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിലെ തടിയുടെ ചുറ്റുവണ്ണം ശരാശരി 50 സെന്റീ മീറ്റർ വരെ എത്താനിടയുണ്ട്. അതിൽ നിന്നും 20 കിലോ കാതൽ ലഭിക്കും.
ചന്ദനത്തടി മാത്രമല്ല, അതിന്റെ വേരും ശിഖരങ്ങളും വരെ ഉപയോഗപ്പെടുത്താവുന്നതാണ്. വേരിലാണു തൈലം ഏറ്റവും കൂടുതലുള്ളത്. ചന്ദനത്തിന്റെ ഇലയൊഴികെ എല്ലാ ഭാഗത്തിനും വിലയുണ്ടെന്നു ചുരുക്കം.
വിളവെടുക്കാൻ ചില നടപടി ക്രമങ്ങൾ
കേരളത്തിൽ 2012 ലെ ഫോറസ്റ്റ് റൂൾ പ്രകാരം ചന്ദനം കൃഷി ചെയ്യാനും ചില നടപടിക്രമങ്ങൾ അനുസരിച്ച് വിൽക്കുന്നതിനും അനുമതിയുണ്ട്. ഈ റൂളുകൾ പ്രകാരം ചന്ദനമരത്തിന് നെഞ്ചുയരത്തിൽ 50 സെന്റിമീറ്ററോ അതിൽ കൂടുതലോ ചുറ്റുവണ്ണം എത്തിയാൽ സ്ഥലമുടമയ്ക്കു ചന്ദനം മുറിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കു അപേക്ഷ നൽകാം.
അപേക്ഷ ലഭിച്ചാൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തിയ ട്രീ കമ്മിറ്റി രൂപീകരിക്കും. റവന്യു ഉദ്യോഗസ്ഥരും കൃഷി ഓഫീസറും വേണ്ടി വന്നാൽ ലോക്കൽ പോലീസ് പ്രതിനിധികളും കർഷകനും ഈ കമ്മിറ്റിയിൽ ഉണ്ടാവും.
കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മരം മുറിക്കുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ മരം പിഴുതെടുത്ത് പ്രത്യേകം പ്രത്യേകം കഷണങ്ങളാക്കി മറയൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിൽ എത്തിക്കും. ശരിയായ ഉണക്കു വന്നശേഷംചെന്തി ലേലത്തിനു വയ്ക്കും.
ലേലത്തിൽ കിട്ടുന്ന വിലയുടെ 90 ശതമാനവും കർഷകനു ലഭിക്കും. ബാക്കി 10 ശതമാനം മുറികൂലി, കടത്തുകൂലി, മറ്റു ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിക്കും. 2024 ലെ സംസ്ഥാന ബജറ്റിൽ ചന്ദനം ശേഖരിക്കാൻ കൂടുതൽ വനം ഡിപ്പോകളെ ചന്ദന ശേഖരണ കേന്ദ്രങ്ങൾ ആക്കാനും, തടികളുടെ മൂല്യത്തിന്റെ അന്പതു ശതമാനം മുൻകൂറായി ഉടമസ്ഥർക്കു നൽകുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.
കൃഷിവകുപ്പും വനം വകുപ്പും ചേർന്ന് ചന്ദന കൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിലവിൽ ഭാരതത്തിന്റെ ആഭ്യന്തര ആവശ്യകത 10000 ടണ് ചന്ദനമാണെന്നു കണക്കാക്കിയിട്ടുണ്ട്. അതിൽ 3000 ടണ് മാത്രമാണ് പ്രതിവർഷ ലഭ്യത. ബാക്കി മുഴുവൻ ഇറക്കുമതിയാണ്.
ഫോണ്: 9447459071
വിവരങ്ങൾക്ക് കടപ്പാട്: കേരള വനം വകുപ്പ്, കാർഷിക സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് & ടെക്നോളജി, ബംഗളൂരൂ കേരള കാർഷിക സർവകലാശാല