പ്രഫസറുടെ പരീക്ഷണകൃഷി ബയോഫ്ളോക്കിൽ കരിമീൻ
Friday, January 31, 2025 12:29 PM IST
ശുദ്ധജലത്തിലും ലവണാംശമേറിയ ജലാശയങ്ങളിലും നന്നായി വളരുന്ന കരിമീനുകളെ ബയോഫ്ളോക്ക് കുളങ്ങളിൽ വളർത്താൻ പ്രഫ. സണ്ണി പള്ളിക്കമ്യാലിൽ നടത്തുന്ന ശ്രമം വിജയത്തോട് അടുക്കുന്നു.
സ്വാഭാവിക ജലാശയങ്ങളിലെ ചെളിയും തീറ്റയുമടക്കമുള്ള അവശ്യഘടകങ്ങൾ ബയോഫ്ളോക്ക് കുളത്തിൽ കൃത്രിമമായി സൃഷ്ടിച്ചു കരിമീനുകളെ വളർത്തി വലുതാക്കാനാണ് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളജിലെ സുവോളജി വകുപ്പ് മേധാവിയായി വിരമിച്ച പ്രഫ. സണ്ണിയുടെ ശ്രമം.
ബയോ ഫ്ളോക്ക് കുളത്തിൽ സ്വാഭാവിക ജലാശയത്തിലെ സാഹചര്യങ്ങളൊരുക്കുകയും പ്രത്യേക തീറ്റ നൽകുകയും ചെയ്താൽ കരിമീനുകളെ നന്നായി വളർത്താൻ കഴിയുമെന്നാണ് സണ്ണി സാറിന്റെ നിഗമനം.
ഇതിനായി 150 കരിമീൻ കുഞ്ഞുങ്ങളെയാണ് അദ്ദേഹം ബയോഫ്ളോക്ക് കുളങ്ങളിൽ വളർത്തുന്നത്. അലങ്കാര മത്സ്യമെന്ന നിലയിലും വിപണി മൂല്യമുള്ള കരിമീനൊപ്പം രുചിയേറിയ റെഡ് തിലോപ്പിയയിലും അദ്ദേഹം പരീക്ഷണം നടത്തുന്നുണ്ട്.
കൃത്രിമമായി സൃഷ്ടിച്ച സാഹചര്യങ്ങളിൽ രണ്ടിനം മത്സ്യങ്ങളുടെയും വളർച്ച കൂടുന്നതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബയോഫ്ളോക്ക് കുളങ്ങളിൽ സ്വാഭാവിക രീതിയിൽ കരിമീന്റെ പ്രജനനം സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്.
സംസ്ഥാന മത്സ്യമായ കരിമീന് വിപണിയിലെ വിലയിടിവ് അങ്ങനെ കാര്യമായി ബാധിക്കാറില്ല. വേന്പനാട്ടു കായലിലും അനുബന്ധ പുഴകളിലും സുലഭമായി ലഭിച്ചിരുന്ന കരീമിനിന്റെ ലഭ്യതയിൽ ഇപ്പോൾ കാര്യമായ കുറവുണ്ട്.
കരിമീൻ ലഭ്യത ഉറപ്പാക്കാൻ ബയോഫ്ളോക്ക് കുളങ്ങളിലും പടുതാ കുളങ്ങളിലുമൊക്കെ കരിമീൻ വളർത്തുന്നതിനുള്ള സാധ്യത തേടണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രഫ. സണ്ണിയുടെ പരീക്ഷണങ്ങൾ പ്രസക്തമാകുന്നത്.
വിലയേറിയ മത്സ്യത്തീറ്റ നൽകി വളർത്തിയ ഗിഫ്റ്റ് തിലോപ്പിയയ്ക്ക് മതിയായ വില ലഭിക്കാതെ വന്നതോടെ വിപണിയിൽ വില സ്ഥിരതയുള്ള മത്സ്യങ്ങൾ കൂടി ബയോഫ്ളോക്ക് കുളങ്ങളിൽ വളർത്തിയാൽ കർഷകർക്ക് ഉപകാരപ്രദമാകുമെന്ന ചിന്തയിലാണ് സണ്ണിസാർ കരിമീൻ കൃഷിയിലേക്ക് തിരിഞ്ഞത്.
അധ്യാപന കാലയളവിൽ തലയാഴം പഞ്ചായത്തിലെ കൊതവറയിലും സമീപ പഞ്ചായത്തുകളിലുമൊക്കെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് അധിക വരുമാനം കണ്ടെത്താനായി ഫിഷറീസ് വകുപ്പുമായി ചേർന്ന് അലങ്കാര മത്സ്യകൃഷി വ്യാപകമാക്കാൻ പ്രഫ. സണ്ണി ഏറെക്കാലം യത്നിച്ചിരുന്നു.
നൂറുകണക്കിന് കുടുംബങ്ങൾ ഏറ്റെടുത്ത പദ്ധതി വിജയകരമായെങ്കിലും മത്സ്യകുഞ്ഞുങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയാതെ പോയതു തിരിച്ചടിയായി. തൊടുപുഴയിൽ നിന്ന് തലയോലപറന്പിലെത്തി സ്ഥിരതാമസമാക്കിയ സണ്ണിസാർ കുട്ടിക്കാലം മുതൽ കൃഷിയിൽ ഏറെ തത്പരനാണ്.
തലയോലപറന്പിലെ വീട്ടുവളപ്പിൽ അദ്ദേഹം ചെലവു കുറച്ച് മികച്ച ബയോഫ്ളാക്ക് കുളങ്ങളൊരുക്കി ഗിഫ്റ്റ് തിലോപ്പിയയും അലങ്കാര മത്സ്യങ്ങളും കൃഷി ചെയ്തു. എയർ പ്രഷർ കൊണ്ട് പ്രവർത്തിക്കുന്ന മാലിന്യ ശേഖരണ ടാങ്ക് നിർമിച്ച് വെള്ളത്തിന്റെ പുനഃരുപയോഗത്തിലൂടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്.
ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ നിന്ന് ആഴ്ചയിൽ 50 ലിറ്റർ വെള്ളം തുറന്നു വിട്ടാൽ മത്സ്യക്കുളങ്ങളിലെ മാലിന്യം പൂർണമായി നീക്കാം. കുളങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ മാത്രമേ വൈദ്യുതി ആവശ്യമുള്ളു. ഇതുമൂലം മത്സ്യ തീറ്റയുടെ ചെലവൊഴിച്ചാൽ കൃഷിക്കായി കാര്യമായ പണച്ചെലവില്ല.
സണ്ണി സാറിന്റെ കാർഷിക പരീക്ഷണങ്ങൾക്ക് റിട്ട. അധ്യാപികയായ ഭാര്യ കൊച്ചുറാണി ജേക്കബ്, മക്കളായ ഡോ. ആൻമരിയ സണ്ണി വൈക്കം (താലൂക്ക് ആശുപത്രി) യുകെയിൽ ഉപരിപഠനം നടത്തുന്ന ഡോ. ബിയാ മരിയ സണ്ണി, മരുമകനും കോട്ടയം ജില്ലാ ആശുപത്രിയിലെ ഒഫ്താമോളജിസ്റ്റുമായ ഡോ. ലിജു കുര്യാക്കോസ് എന്നിവരുടെയും പിന്തുണയുണ്ട്.