സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസിലാക്കിയ മമ്മൂട്ടി ചേട്ടന് അഭിനന്ദനങ്ങൾ; രമേശ് പിഷാരടി
Thursday, January 16, 2025 3:16 PM IST
രേഖാചിത്രത്തിനും സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്കും പ്രശംസയുമായി നടൻ രമേശ് പിഷാരടി. മൂന്നു വർഷങ്ങൾക്ക് മുൻപ് താൻ രേഖാചിത്രത്തിന്റെ കഥ കേട്ടിരുന്നുവെന്നും സിനിമയിൽ പോലീസുകാരനായ ആസിഫ് അലിയുടെ കഥാപാത്രം ഒരു മരണത്തിനു പിന്നിലെ ചുരുളുകൾ അഴിക്കുവാൻ നടത്തുന്ന യാത്രയെക്കാൾ വലിയ യാത്രയാണ് ഈ സിനിമ തിയറ്ററിലെത്തിക്കാൻ സംവിധായകൻ ജോഫിൻ നടത്തിയതെന്ന് രമേശ് പിഷാരടി വെളിപ്പെടുത്തി.
സംവിധായകന്റെയും എഐയുടെയും ബുദ്ധി നേരത്തെ മനസിലാക്കിയ ‘മമ്മൂട്ടി ചേട്ടനെ’യും രമേശ് പിഷാരടി അഭിനന്ദിച്ചു.
""രേഖാചിത്രം കണ്ടു. സുഹൃത്ത് ജോഫിൻ ടി. ചാക്കോയുടെ മാന്യമായ പരിശ്രമത്തിന് അർഹമായ വലിയ വിജയം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുമ്പ് ചിത്രത്തിന്റെ രൂപരേഖ കേട്ടിരുന്നു. സ്ക്രീനിൽ ആസിഫ് അലിയുടെ കഥാപാത്രം ചുരുളുകൾ അഴിക്കുവാൻ നടത്തുന്ന യാത്ര പോലെയോ അതിനുമപ്പുറമോ ആയിരുന്നു ജോഫിന്റെ യാത്ര.
സംശയങ്ങൾ, സമ്മതങ്ങൾ, സംവാദങ്ങൾ. ഒടുവിൽ സംവിധായകന്റെ പേര് തിയറ്ററിൽ എഴുതികാണിച്ചപ്പോഴുള്ള കരാഘോഷങ്ങളിൽ ആ യാത്ര എത്തി നിൽക്കുന്നു. ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് തന്നെ കുറിക്കട്ടെ "സിനിമ അവിടെ എത്തുന്ന ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാക്കും.
ജോഫിന്റെ ഇന്റലിജൻസിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും വളരെ നേരത്തെ മനസിലാക്കിയ, വിശ്വസിച്ച മമ്മൂട്ടി ചേട്ടനും രേഖാചിത്രത്തിന്റെ തിരശീലയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ ആശംസകൾ
ദ് പ്രീസ്റ്റിന് ശേഷം ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.