മാണിക്യവീണയുമായി...
എസ്. മഞ്ജുളാ ദേവി
Tuesday, October 14, 2025 1:02 PM IST
പ്രശസ്ത ചലച്ചിത്ര സംവിധായകന് രാജസേനന് മനോഹരമായി മാണിക്യവീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളേ... എന്ന കാട്ടുപൂക്കള്‍ സിനിമയിലെ പ്രണയഗാനം പാടുന്നു. തൊട്ടടുത്തിരിക്കുന്നത് ആരെന്നല്ലേ? കാട്ടുപൂക്കളിലെ നായകന് സാക്ഷാല്‍ മധു തന്നെ. തിരുവനന്തപുരം നഗരത്തിലെ കണ്ണമൂലയിലെ മധുവിന്റെ വസതിയായ ശിവഭവനിലാണ് ഈ ചരിത്രസുന്ദര നിമിഷങ്ങള്‍ നിറഞ്ഞത്.
സെപ്റ്റംബര്‍ 23ന്, അതായത് മലയാളത്തിന്റെ അനുഗൃഹീത നടനും സംവിധായകനുമായ മധുവിനന്റെ 92-ാം പിറന്നാള്‍ ദിനം. ചലച്ചിത്ര ഗവേഷകനും എഴുത്തുകാരനുമായ വയലാര്‍ വിനോദിനന്റെ മധുവസന്തം എന്ന മധുവിനെക്കുറിച്ചുള്ളപുസ്തകം പ്രകാശിപ്പിച്ച ശേഷമാണു രാജസേനന് മാണിക്യവീണയും... ശ്യാമസുന്ദരപുഷ്പമേയും... ഉള്‍പ്പെടുന്ന ഗാനങ്ങള്‍ പാടിയത്. മധു ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഉൾപ്പെട്ടതാണിവ എന്നു കൂടി ഓര്‍മിക്കാം.
1965- ല്‍ പുറത്തിറങ്ങിയ കാട്ടുപൂക്കളില്‍ ഡോ. ജോണി എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്. പൊന്‍കുന്നം വര്‍ക്കിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. തിരക്കഥയും സംഭാഷണവും പൊന്‍കുന്നം വര്‍ക്കി തന്നെയാണ് നിര്‍വഹിച്ചത്.
നൃത്തസംവിധായകനായ കെ. തങ്കപ്പന് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് കെ. തങ്കപ്പന് തന്നെ. മനുഷ്യജീവിതത്തിന്റെ ദുരന്തങ്ങളും ഒട്ടേറെ പ്രതിസന്ധികളും നിറയുന്ന ട്രാജഡി ചിത്രത്തില്‍ ആനി എന്ന നായികയായി എത്തുന്നത് ദേവികയാണ്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന ആനിയോട് ഡോ. ജോണിക്കു തോന്നുന്ന പ്രണയമാണ് മാണിക്യവീണ... എന്ന ഗാനത്തില്‍ നിറയുന്നത്.
പ്രണയം മാത്രമല്ല, തന്റെ പ്രണയം ആനി തിരിച്ചറിയുന്നില്ല എന്നതിന്റെ തീവ്ര വേദനയും. സഹോദരിയുടെ ആത്മഹത്യ ഉള്‍പ്പെടെ കുടുംബദുരന്തങ്ങളേറ്റുക്കഴിയുന്ന ആനി സ്വന്തം ജീവിതം അനാഥരെ സംരക്ഷിക്കുവാനായി മാറ്റിവയ്ക്കുകയാണ്. അതുകൊണ്ടു തന്നെ ഡോ. ജോണിയുടെ പ്രണയം സ്വീകരിക്കാനുള്ള മനസ് ആനിക്കില്ല.
ഈ സന്ദര്‍ഭത്തിലാണ് ഒഎന്‍വി- ജി. ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മാണിക്യവീണയുമായെന്‍... എന്ന ഗാനം നായകന് പാടുന്നത്. എന്‍ മുഖം കാണുമ്പോള്‍ നിന് കണ്മുനകളില് എന്തിത്ര കോപത്തിന് സിന്ദൂരം...എന്നാണ് നായകനായ മധുവിന്റെ ചോദ്യം! സിനിമയില്‍ അമേരിക്കയില്‍ നിന്നു മടങ്ങിയെത്തുന്ന പ്രമുഖനായ ഡോക്ടറാണ് ഡോ. ജോണി. അതുകൊണ്ടാവും വിലപിടിപ്പുള്ള നിശാവസ്ത്രം ധരിച്ച്, ഇടയ്ക്കു സിഗരറ്റ് ഒക്കെ വലിച്ച് നായകന് പാടുന്നത്.
പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന ജാഗ്രതാനിര്‍ദേശം വരുന്നതിനു മുമ്പു വന്ന ചിത്രമാണ് എന്നും ഓര്‍മിക്കാം. അക്കാലത്ത് സിഗരറ്റ് വലിക്കുന്ന ഹീറോകള്‍ പല സിനിമകളിലും ഉണ്ടായിരുന്നു. പൗരുഷത്തിന്റെയോ പദവിയുടെയോ പണത്തിന്റെയോ അടയാളമായും സിനിമകളില്‍ ഈ പുകവലിയെ ഉപയോഗിച്ചിരുന്നു. പിന്നെ ഇതുപോലെ പ്രണയഭംഗത്തില്‍ വിങ്ങുന്ന കാമുകന്റെ ആശ്വാസമായും പല സന്ദര്‍ഭങ്ങളിലും സിഗരറ്റ് കടന്നുവരുന്നുണ്ട്.
ഏതായാലും നിശാവസ്ത്രമൊക്കെ ഇട്ടു വളരെ സുന്ദരനായിരുന്നു ഡോ. ജോണി ആയി മാറിയ മധു പാടുന്നത് എത്ര കാലം, എത്ര തലമുറകള്‍ ആസ്വദിച്ചതാണ്. തന്നെ തിരിച്ചറിയാതെ പോവുന്ന പ്രണയിനിക്കു മുന്നിലെ കാമുകന്റെ അപേക്ഷ എത്ര ഭംഗിയായാണ് മധു എന്ന നടന് സ്വന്തമാക്കുന്നത്. യേശുദാസ് പാടുന്നത് ഇനി നന്നായിട്ടൊന്നു ശ്രദ്ധിക്കണം. ശരിക്കും നായകന്റെ വിങ്ങല്‍ മുഴുവന്‍ ആ നാദത്തിലുണ്ട്.
പ്രേംനസീറിനെയാണ് കാല്പനിക കാമുകറോളില് പ്രേക്ഷകര്‍ പൊതുവെ പ്രതിഷ്ഠിക്കുന്നത്. ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നതു തനിക്കു വഴങ്ങുന്ന കാര്യമല്ലെന്നു മധുസാര്‍ തന്നെ പറയാറുണ്ട്. എന്നാല്‍ മലയാളത്തില്‍ എത്രയോ അനശ്വര ഗാനരംഗങ്ങളില്‍ പാടി അഭിനയിച്ചിട്ടുള്ള നായകനാണ് മധു. സൂപ്പര്‍ഹിറ്റായ നിരവധി പ്രണയഗാനങ്ങള്‍ക്കും ഭാവം പകര്‍ന്നത് മധു തന്നെയാണ്. ഓമലാളെ കണ്ടു ഞാന്‍.., വൃശ്ചിക രാത്രിതന്‍ അരമനമുറ്റത്തൊരു.., പൊന്നില്‍ കുളിച്ച രാത്രി.., തുടങ്ങി എത്രയോ പ്രണയഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നു.
കാട്ടുപൂക്കള്‍ എന്ന സിനിമ മധുവിന്റെ ആദ്യ കാലചിത്രങ്ങളില്‍ ഒന്നാണ്. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് റിലീസായ ചിത്രത്തിലെ ഈ ഗാനത്തില്‍ നമുക്കു നഷ്ടപ്പെട്ടുപോയ, അല്ലെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാമുകഹൃദയത്തിന്റെ തുടിപ്പുകളുമുണ്ട്.
കാമുകിമാരെയും ഭാര്യമാരെയും കൊന്നു രസിക്കുന്ന വര്‍ത്തമാനകാലത്ത്, ടോക്സിക് ബന്ധങ്ങളും ട്രോമ ബോണ്ടുകളും ചർച്ചാ വിഷയമാവുന്ന ഇക്കാലത്ത് ഈ സ്നേഹഗാനത്തിന്റെ പ്രസക്തി ചെറുതല്ല. പ്രിയതമയുടെ വേദനകളില്‍ പങ്കുചേരാന്‍ മനസില്ലാത്ത, കരുത്തില്ലാത്ത, ബലഹീനരായ, സ്വാര്‍ഥരായ കാമുകന്മാരുടെ ലോകമാണിത്.
ഇവിടെയാണ്, പാടുകില്ലേ, വീണ മീട്ടുകില്ലേ, നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ... എന്നു മധുവിന്റെ ഡോ. ജോണി ആര്‍ദ്രതയോടെ ചോദിക്കുന്നത്!