ബോളിവുഡ് സിനിമ സംവിധാനം ചെയ്യാൻ ലിജോ ജോസ് പെല്ലിശേരി; സംഗീതം എ.ആർ. റഹ്മാൻ
Wednesday, October 15, 2025 9:19 AM IST
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന് ലിജോ ജോസ് പെല്ലിശേരി. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിക്കുക ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ഹന്‍സല്‍ മേത്തയായിരിക്കും. എ.ആര്. റഹ്മാന് സംഗീതം നിര്‍വഹിക്കും.
ലിജോയും കരണ്‍ വ്യാസും ചേര്‍ന്നായിരിക്കും രചന. നിര്‍മാണത്തില്‍ ലിജോയും പങ്കാളിയായിരിക്കുമെന്നാണ് വിവരം. മേത്തയുടെ ട്രൂസ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുടേയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.
പ്രശസ്ത ബോളിവുഡ് സംവിധായകന് രാജ്കുമാര് ഹിരാനിയുടെ മകന് വീര്‍ ഹിരാനിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി ലിജോ ജോസ് പെല്ലിശേരിയും എ.ആര്. റഹ്മാനും ഒന്നിക്കുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടാവുന്നത്.
നായകനിലൂടെ സംവിധായകനായ ലിജോ, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം, മലൈക്കോട്ടെ വാലിബന് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്.