"വർമൻ' ഇല്ലെങ്കിൽ "ജയിലർ' ഇല്ല; വിനായകനെ പുകഴ്ത്തി രജനീകാന്ത്
Tuesday, September 19, 2023 3:12 PM IST
വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രം ഇല്ലായിരുന്നുവെങ്കിൽ ജയിലർ സിനിമയ്ക്ക് ഇത്രയും സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്ന് രജനീകാന്ത്. ചെന്നൈയിൽ സംഘടിപ്പിച്ച ‘ജയിലർ’ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.
‘ജയിലർ’ സിനിമയിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമനെ ഷോലയിലെ ഗബ്ബർ സിംഗിനോടും രജനികാന്ത് ഉപമിച്ചു. കഥ കേൾക്കുമ്പോൾത്തന്നെ വർമൻ ആളുകൾക്കിടയിൽ തരംഗമാകുമെന്ന് അറിമായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.
ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ നെൽസണോട് ഷോലയിലെ ഗബ്ബർ സിംഗ് എന്ന കഥാപാത്രത്തെക്കുറിച്ച് ഞാൻ പറയുമായിരുന്നു.
നെൽസണ്‍ ഷോലെ കണ്ടിട്ടില്ല. ആ സിനിമ ഞാൻ കാണിച്ചുകൊടുത്തു. ഗബ്ബർ സിംഗ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു.
അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വിജയാഘോഷത്തിനു വന്നിട്ടില്ല. സൂപ്പർ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.
രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്. രജനികാന്ത് പറഞ്ഞു.