കൽപ്പറ്റ: പട്ടികവർഗക്കാർക്ക് ഡോക്ടറുടെ സേവനവും ചികിത്സയും ലഭ്യമാക്കുന്നതിന് പട്ടികവർഗ വികസന, ആരോഗ്യ വകുപ്പുകളുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ വനം-വന്യജീവി വകുപ്പ് നടപ്പാക്കുന്ന സ്നേഹ ഹസ്തം പദ്ധതിയുടെ ഭാഗമായി മുത്തങ്ങ ഗവ.എൽപി സ്കൂളിൽ ട്രൈബൽ മെഡിക്കൽ ക്യാന്പ് നടത്തി.
വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒഎൻഡിസി പ്ലാറ്റ്ഫോംവഴിയുള്ള വനശ്രീ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം, ആദിവാസി വിദ്യാർഥികൾക്കുള്ള യൂണിഫോം, പഠനോപകരണ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. ഐഎംഎ അംഗങ്ങളായ ഡോക്ടർമാരെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് എന്നിവർ പ്രസംഗിച്ചു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ(ഇക്കോ ഡവലപ്മെന്റ് ആൻഡ് ട്രെെബൽ വെൽഫെയർ)ജസ്റ്റിൻ മോഹൻ സ്നേഹ ഹസ്തം പരിപാടിയെയും ഒഎൻഡിസി പ്ലാറ്റ്ഫോം വഴിയുള്ള വനശ്രീ ഉത്പന്നങ്ങളുടെ വിപണനത്തെയും കുറിച്ച് വിശദീകരിച്ചു. പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്സർവേർ പി. മുഹമ്മദ് ഷബാബ്,
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ അജയ്ഘോഷ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ, സ്നേഹ ഹസ്തം ചെയർമാൻ ഡോ. വേണുഗോപാൽ, കണ്‍വീനർ ഡോ. ഹേമ ഫ്രാൻസിസ്, യെസ് ബാങ്ക് പ്രസിഡന്റ് സനിൽ ചൊറിഞ്ചത്ത്, ഒഎൻഡിസി പ്രതിനിധി രാഹുൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ക്യാന്പിൽ 350 ഓളം ആദിവാസികൾ പങ്കെടുത്തു. ഡോക്ടർമാരും നഴ്സുമാരും സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന സംഘം ചികിത്സ നൽകി.
2024 ജനുവരി 31ന് ആരംഭിച്ച സ്നേഹ ഹസ്തം പദ്ധതിയിൽ ഇതിനകം 100 പട്ടികവർഗ കേന്ദ്രങ്ങളിലാണ് മെഡിക്കൽ ക്യാന്പ് നടത്തിയത്. ഓപ്പണ്‍ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്(ഒഎൻഡിസി) ഉത്പന്ന വിപണനത്തിനുള്ള കേന്ദ്ര സർക്കാർ സംരംഭമാണ്. നിലവിൽ വനസംരക്ഷണ സമിതികളും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളും വിൽക്കുന്ന തേൻ, മഞ്ഞൾ, ഏലം, കുരുമുളക് തുടങ്ങിയ വനശ്രീ ഉത്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ഇന്ത്യയിലുടനീളം പൊതുജനങ്ങൾക്ക് ലഭ്യമാകും.
യെസ് ബാങ്കും ഒഎൻഡിസിയും വഴിയാണ് വിപണനം സുഗമമാക്കുന്നത്. സംസ്ഥാനത്ത് 72 വനശ്രീ ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർധിത വനവിഭവങ്ങൾ വിപണനം ചെയ്യുന്നത്. ഇനി ഉത്പന്നങ്ങൾ ഓണ്‍ലൈനായും വാങ്ങാം.