അധികാരം കിട്ടിയാൽ ആരു മുഖ്യമന്ത്രിയാകണമെന്നു കോൺഗ്രസിനു തീരുമാനിക്കാം. പക്ഷേ, ആർക്ക് അധികാരം കൊടുക്കണമെന്നു തീരുമാനിക്കുന്നത് ജനമാണ്; മറക്കരുത്.
“ഇന്ത്യ ഒരു കംപ്യൂട്ടറാണെങ്കിൽ കോൺഗ്രസ് അതിന്റെ അടിസ്ഥാന പ്രോഗ്രാമാണ്”-2013ൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എൻഎസ്യു യൂത്ത് കോൺഗ്രസ് പ്രതിനിധികളോട് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. ആ പ്രോഗ്രാം എന്നാണ് ഇന്ത്യയെന്ന കംപ്യൂട്ടറിൽ സ്ഥാപിക്കപ്പെട്ടത് എന്നു രാഹുൽ പറഞ്ഞില്ലെങ്കിലും ജനങ്ങൾക്കറിയാം സ്വാതന്ത്ര്യസമരത്തിലൂടെയാണെന്ന്.
പക്ഷേ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ആ ചരിത്രയാഥാർഥ്യത്തിനു വിലകൊടുക്കുന്ന തലമുറ അപ്രത്യക്ഷമാകുകയും, സ്വാതന്ത്ര്യസമരത്തെ അപ്രസക്തമാക്കുന്നവർ മേൽക്കൈ നേടുകയും ചെയ്യുന്നതോടെ ഇന്ത്യയെന്ന കംപ്യൂട്ടറിൽനിന്ന് കോൺഗ്രസ് എന്ന പ്രോഗ്രാം മാഞ്ഞുപോകുമെന്ന് പാർട്ടി ഇനിയെങ്കിലും തിരിച്ചറിയണം. അതിനു പുറമെയാണ് പാർട്ടിയിലെ തമ്മിലടിയുടെയും അന്തഃഛിദ്രത്തിന്റെയും വൈറസുകൾ കോൺഗ്രസ് പ്രോഗ്രാമിനെ ശിഥിലമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ചേക്കാമെന്ന സാധ്യത കണ്ടപ്പോൾതന്നെ കോൺഗ്രസിലെ തമ്മിലടി രൂക്ഷമായി. ജനം അധികാരം കൊടുക്കുന്നതിനു മുന്‍പുതന്നെ മുഖ്യമന്ത്രിപ്പട്ടത്തിനുള്ള യുദ്ധമാരംഭിച്ചു. വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു.
തനിക്കു മുഖ്യമന്ത്രിയാകാനായില്ലെങ്കിൽ അധികാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലേക്ക് കോൺഗ്രസ് നേതാക്കൾ താഴുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. അതായത്, ആദ്യമൊക്കെ കോൺഗ്രസ് മുക്തഭാരതം ആഗ്രഹിച്ച മോദിയും ബിജെപിയും താമസിയാതെ കോൺഗ്രസ് ഉള്ളതാണ് തങ്ങൾക്കു ഗുണപ്രദം എന്നു തിരിച്ചറിഞ്ഞതുപോലെ.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒന്നിച്ചൊരു പത്രസമ്മേളനം നടത്താൻ പോലും സാധിക്കുന്നില്ല. രമേശ് ചെന്നിത്തലയും പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ടെങ്കിലും നേതാക്കളിലെ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു.
രാഷ്ട്രീയകാര്യ സമിതി മാറ്റിവച്ചു. പ്രശ്നം പരിഹരിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ജീവനുംകൊണ്ട് ഓടിപ്പോയെങ്കിലും വീണ്ടുമെത്തിയിട്ടുണ്ട്. നേതാക്കളിലെ അനൈക്യം തത്കാലം വെടിനിർത്തലിൽ എത്തിക്കാനായാലും അണികളിലേക്കും പടർന്നിരിക്കുന്ന ശീതസമരം വോട്ടിൽ പ്രതിഫലിച്ചാൽ സിപിഎമ്മിനും ബിജെപിക്കും സന്തോഷിക്കാനുള്ള വകയുണ്ടാകും.
അഴിമതിയിലും കെടുകാര്യസ്ഥതയിലും സാന്പത്തിക പ്രതിസന്ധിയിലും രോഷാകുലരായിരിക്കുന്ന ജനത്തെ തണുപ്പിക്കുന്നത് എൽഡിഎഫിന് അത്ര എളുപ്പമല്ല. പക്ഷേ, ഭരണവിരുദ്ധ വോട്ടുകൾ കോൺഗ്രസ് ഭിന്നിപ്പിച്ചാൽ പിണറായിയുടെ മൂന്നാം സർക്കാർ അസാധ്യമല്ലെന്ന് അവർ ഗണിക്കുന്നുണ്ട്.
മൂന്നു തവണ പ്രതിപക്ഷത്തിരിക്കേണ്ടിവന്നാൽ പിന്നെ കോൺഗ്രസിന്റെ സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ബിജെപിക്കുമറിയാം. കോൺഗ്രസിന്റെ അണികൾക്കും അനുഭാവികൾക്കും മനസിലായതു പക്ഷേ, നേതാക്കളുടെ തലയിൽ കയറിയിട്ടില്ല.
മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ അനുവദിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. മുഖ്യമന്ത്രിയാകാനുള്ള സാധ്യത പൊതുവേ പ്രതിപക്ഷനേതാവിനാണ്. പക്ഷേ, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണോ മുൻപ് ആ സ്ഥാനത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയാണോ മുഖ്യമന്ത്രിയാകേണ്ടത് എന്നതാണ് തർക്കം.
രണ്ടുപേരും പൊതുവിഷയങ്ങൾ ഏറ്റെടുത്ത് കൂടുതൽ സജീവമാകാനുള്ള ശ്രമങ്ങളും ഊർജിതമാക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ഥി സാധ്യതയെക്കുറിച്ചും വി.ഡി. സതീശന് ജനുവരി ഒന്‍പതിലെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വ്യക്തമാക്കി.
എന്നാൽ, ആരോടു ചോദിച്ചിട്ടാണ് സർവേ നടത്തിയത് എന്ന ചോദ്യവുമായി എ.പി. അനില്‍കുമാര്‍ രംഗത്തെത്തിയതോടെ അതും തർക്കമായി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് സാധാരണക്കാരുടെ അഭയകേന്ദ്രമാകുന്നില്ലെന്ന് ശൂരനാട് രാജശേഖരനും വിമർശനമുന്നയിച്ചു.
ഇതെല്ലാം ശരിയാണെങ്കിൽ കലാപത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതു പ്രാദേശിക തലത്തിലും ചേരിതിരിവിനു കാരണമായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിനു ജയിക്കാനിടയുള്ള മണ്ഡലങ്ങളിൽ ഈ പ്രാദേശികയുദ്ധം വിധിനിർണായകമാകും. അങ്ങനെ പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുത്തിയ പാരന്പര്യം കോൺഗ്രസിനുണ്ട്.
ജനാധിപത്യത്തിൽ, ജനങ്ങൾ ആഗ്രഹിക്കുന്നവർ തെരഞ്ഞെടുക്കപ്പെടണം. അല്ലെങ്കിൽ അതു തെരഞ്ഞെടുപ്പ് അട്ടിമറിയാണ്. ബൂത്ത് പിടിത്തം, അക്രമം, അഴിമതി, കൂറുമാറ്റം... എന്നിങ്ങനെ ജനഹിതത്തെ മാറ്റിമറിക്കുന്ന നീക്കങ്ങളെല്ലാം അട്ടിമറിയാണ്. ഇതുകൂടാതെ, വിമതപ്രവർത്തനങ്ങളിലൂടെ വോട്ട് ഛിന്നഭിന്നമാക്കിയാലും സമ്മതിദായകർ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തില്ല.
അത്തരമൊരു അട്ടിമറിസാധ്യതയ്ക്കാണ് കോൺഗ്രസ് വഴിയൊരുക്കുന്നത്. അധികാരം കിട്ടിയാൽ ആരു മുഖ്യമന്ത്രിയാകണമെന്നു കോൺഗ്രസിനു തീരുമാനിക്കാം. പക്ഷേ, ആർക്ക് അധികാരം കൊടുക്കണമെന്നു തീരുമാനിക്കുന്നത് ജനമാണ്; മറക്കരുത്.