കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബഭദ്രതയുമാണ്. മദ്യപരുടെ കുടുംബങ്ങളിലൊരിടത്തും ശാശ്വതമായ സമാധാനവും അഭിവൃദ്ധിയും കാണാനാവില്ല.
മദ്യാസക്തിയിൽ മുങ്ങുന്നവരുടെ ജീവിതം ഒരിടത്തും ഭദ്രമാവില്ല. എല്ലാത്തരത്തിലുമുള്ള തകർച്ചകളുടെയും ഇരകളായി മദ്യപർ മാറുന്നു എന്നതിന് എത്രയോ അനുഭവങ്ങൾ നമുക്കു ചുറ്റുമുണ്ട്.
പാലായിലെ ഏക്കർ കണക്കിനു ഭൂമിയും സ്വത്തുവകകളും മദ്യധൂർത്തിൽ നശിപ്പിച്ചശേഷം അടിമാലിയിലേക്കു കുടിയേറിയ ജോണി. രാപ്പകൽ കുടിഭ്രാന്തിലായിരുന്ന യുവാവ് തന്റെ മാത്രമല്ല ഭാര്യയുടെയും രണ്ടു മക്കളുടെയും ഭാവിയും സ്വൈര്യതയും ഇല്ലാതാക്കി.
സ്വത്തുക്കൾ നാമാവശേഷമാകും വരെ കൂട്ടുകൂടാനും കുടിക്കാനും ഏറെപ്പേരുണ്ടായിരുന്നു. നശിച്ചു നാടുവിടേണ്ടിവന്നപ്പോൾ ഒരാളും താങ്ങായി കൂടെയുണ്ടായിരുന്നില്ല. ഭാര്യ ഷൈലയെ ക്രൂരമായി മർദിക്കുകയും അർധരാത്രി അവരെയും രണ്ടു മക്കളെയും വീടിനു പുറത്തിറക്കിവിടുകയും ചെയ്യുന്ന ക്രൂരത ജോണിക്കു പതിവായിരുന്നു.
കൊടുംതണുപ്പിൽ ഷൈലയും മക്കളും ജീവഭയത്താൽ അയൽവീടുകളിൽ അഭയം യാചിച്ചുനടന്നു. ജോണി കൊലപ്പെടുത്തുമെന്ന ഭീതിയിൽ ഏറെ വൈകാതെ ഷൈല മക്കളെക്കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. താലിമാലയും ആധാരവും വിട്ടുകൊടുക്കണമെന്ന ഭീഷണിയിൽ ജോണി അവിടെയും എത്തിയതോടെ ഷൈല വിവാഹമോചനം തേടി കോടതിയിൽ കേസ് കൊടുത്തു.
അക്കാലത്ത് ചില ബന്ധുക്കളുടെ താൽപര്യത്തിൽ ജോണി എന്നെ കാണാനെത്തി. മദ്യാസക്തിയിൽ മനോനില തകർന്നിരുന്ന ആ ചെറുപ്പക്കാരനെ ദിവസങ്ങളോളം ഉപദേശിച്ചശേഷം ഒരു ധ്യാനത്തിനയച്ചു. മടങ്ങിയെത്തി മൂന്നു മാസം അയാൾ എന്നോടൊപ്പം നവജീവനിൽ കഴിഞ്ഞു. അക്കാലത്ത് വിവാഹമോചന കേസ് ഏറെക്കുറെ അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.
സ്വന്തം കുടുംബവും സ്വത്തും ഭദ്രതയും വഴിയാധാരമാക്കിയ സാഹചര്യം സൃഷ്ടിച്ചത് ജോണിയാണോ ഷൈലയാണോ എന്ന് ഒരു ദിവസം ഞാൻ ജോണിയോടു ചോദിച്ചു. കടുത്ത കുറ്റബോധത്തോടെ എല്ലാ വീഴ്ചകളും ചെയ്തികളും തന്റെ മദ്യപാനത്തിൽനിന്നുണ്ടായതാണെന്ന് ജോണി സമ്മതിച്ചു.
ഭാര്യയോടും മക്കളോളും മാപ്പുപറഞ്ഞ് വിവാഹ കോടതിയിൽ കേസ് രമ്യതയിലെത്താൻ തയാറാണെന്ന് അയാൾ തുറന്നുപറഞ്ഞു. ഞാൻ ഇക്കാര്യം ഷൈലയോടു സംസാരിച്ചപ്പോൾ തന്റെയും മക്കളുടെയും ജീവിതവും മാനവും നിലയും വിലയുമൊക്കെ തകർത്ത ജോണിയോടൊപ്പം ഇനി ജീവിതമില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. ഒരു തരത്തിലും രമ്യതയ്ക്ക് തയാറാവാതെ ഷൈല മടങ്ങി.
അവസാനവട്ട ചർച്ചകൾക്കും തുടർന്ന് വിധി പറയാനുമായി കോടതി ഇരുവരെയും വിളിച്ചദിവസം ജോണി കോടതിയിലും ലൈലയുടെ പാദം തൊട്ടും നിലവിളിച്ചു മാപ്പുപറഞ്ഞു. വീഴ്ചകളെല്ലാം തന്റേതാണെന്നും ഷൈലയും മക്കളും ക്ഷമിക്കാൻ തയാറായാൽ ശേഷിക്കുന്ന കാലം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും ജോണി പറഞ്ഞതോടെ ഷൈല കോടതിയിൽ പൊട്ടിക്കരഞ്ഞു.
തുടർന്ന് മക്കളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി കോടതി ഭാവികാര്യങ്ങൾ സംസാരിച്ചു ബന്ധുക്കളുടെ സാന്നിധ്യത്തിൽ ധാരണകളുണ്ടാക്കി.
വിവാഹമോചന കേസ് ധാരണയിലാക്കി ജോണിയും ഷൈലയും മക്കളും അടിമാലിയിലേക്ക് മടങ്ങി. ആ സംഭവം പത്തു വർഷം പിന്നിടുന്പോൾ ഇക്കഴിഞ്ഞ ക്രിസ്മസ് വേളയിൽ ജോണിയും ഷൈലയും മക്കളും എന്നെ കാണാനെത്തിയിരുന്നു.
മദ്യപാനമുണ്ടാക്കിയ തകർച്ചയിൽ നിന്ന് പൂർണമായി മോചിതനല്ലെങ്കിലും കഠിനാധ്വാനിയായ കർഷകനാണ് ഇപ്പോൾ ജോണി . മദ്യപാനം ബാക്കിവച്ച കരൾരോഗത്തിനു ശമനമുണ്ട്. പ്രാർഥനയിലും അധ്വാനത്തിലും അധിഷ്ഠിതമായ പുതുജീവിതത്തിൽ ഈ കുടുംബം സന്തോഷത്തിലും സമാധാനത്തിലും കഴിയുന്നു. വീടിനോടു ചേർന്ന് പശുഫാം നോക്കിനടത്തി ഷൈലയും അധ്വാനിയായി കുടുംബം പോറ്റുന്നു.
പാലായിലെ സാന്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗമായ ജോണി ആറേഴ് ഏക്കർ തോട്ടമാണ് മദ്യപാനത്തിനായി വിറ്റഴിച്ചത്. ഇപ്പോഴാവട്ടെ അടിമാലിയിൽ അറുപത് സെന്റ് സ്ഥലത്ത് ജീവിക്കാൻ അത്യധ്വാനം ചെയ്യുന്നു.
മദ്യപാനമൊരു പൈശാചിക ബന്ധനമാണ്. വ്യക്തിയുടെയും കുടുംബത്തിന്റെയും ഭദ്രതയും ധാർമികതയും ആരോഗ്യവും മാനവുമൊക്കെ മദ്യം നശിപ്പിക്കും. മദ്യപൻ ഏറെവൈകാതെ മനോരോഗിയുടെ സ്ഥിതിയിലെത്തും. നോക്കുന്നതും കാണുന്നതും കുറ്റം. തന്റെ പക്ഷത്ത് കുറ്റവും കുറവുമൊന്നുമില്ല എന്നതാണ് ഇക്കൂട്ടരുടെ മാനസികാവസ്ഥ.
മദ്യപാനികളുടെ ഇരകളായി എത്രയോ വീടുകളിൽ ഭാര്യമാരും ഉറ്റവരും വിലപിച്ചും നരകിച്ചും കഴിയുന്നു. എല്ലാം ഭർത്താവ് തകർത്തുവെന്ന തിരിച്ചറിവിലും വിവാഹം എന്ന ഭദ്രമായ സംവിധാനത്തെ മുറിച്ചുമാറ്റാതെ മക്കളുടെ ഭാവിയോർത്ത് ഭർത്താവിനെ സ്വീകരിക്കാൻ തയാറായ ഷൈലയുടെ മനസ് നമ്മെ പലതും പഠിപ്പിക്കുന്നു.
ക്ഷമിക്കാനും പൊറുക്കാനുമുള്ള വലിയ സന്ദേശമാണ് ഈ കുടുംബസംഭവം. വീഴ്ചകൾ ഏറ്റു പറയാൻ തയാറായ ജോണിയും ക്ഷമിക്കാൻ തയാറായ ഷൈലയും. വിവാഹമോചനം നേടാമായിരുന്ന ഒരു കുടുംബം ജീവിതത്തിലേക്കു തിരികെവന്നു. ജീവിതത്തിന് ഭദ്രത കൈവന്നതോടെ സമാധാനം, ആത്മീയത, കരുതൽ എന്നിവയെല്ലാം തിരികെവന്നിരിക്കുന്നു.
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബഭദ്രതയുമാണ്. മദ്യപരുടെ കുടുംബങ്ങളിലൊരിടത്തും ശാശ്വതമായ സമാധാനവും അഭിവൃദ്ധിയും കാണാനാവില്ല.
പി.യു. തോമസ്, നവജീവൻ