ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശിപ്പിച്ചുവരുന്ന വ്യത്യസ്തങ്ങളായ സൈൻബോർഡുകളുടെ ആവിർഭാവം ഇങ്ങനെയായിരുന്നുവോ?
അനേകവർഷങ്ങൾക്കു മുന്പ് തൊപ്പികൾ നിർമിക്കുന്ന ഒരു മനുഷ്യൻ തൊപ്പികളുടെ വിപുലമായ വില്പനയ്ക്ക് ഒരു പുതിയ ഷോറൂം തുറക്കാൻ തീരുമാനിച്ചു. ഒപ്പം അവിടെ ആകർഷകമായ ഒരു ബോർഡു സ്ഥാപിക്കാനും പ്ലാനിട്ടു.
സ്ഥാപിക്കാനുദ്ദേശിക്കുന്ന ബോർഡിൽ വളരെ ഭംഗിയായി ഇങ്ങനെ എഴുതിവയ്ക്കാനും നിശ്ചയിച്ചു. ‘തൊപ്പി നിർമാതാവായ ജോണ് തോംസണ് തൊപ്പികൾ നിർമിക്കുകയും രൊക്കം പണത്തിനു വിൽക്കുകയും ചെയ്യുന്നു’. ഇതിനു പുറമെ മനോഹരമായ ഒരു തൊപ്പിയുടെ ചിത്രവും ഒരു ബോർഡിൽ വരപ്പിക്കാനും തീരുമാനിച്ചു.
ഈ ആശയവും വാചകവുമായി ജോണ് തോംസണ് തന്റെ സുഹൃത്തും പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനും ശാസ്ത്രജ്ഞനുമായിരുന്ന ബെഞ്ചമിൻ ഫ്രാങ്ക്ളിനെ (1706-1790) സമീപിച്ചു. എന്നിട്ടു പറഞ്ഞു ‘കുറച്ചു കാലമായി വിവിധതരം തൊപ്പികൾ ഞാൻ നിർമിക്കുന്നു.
കൂടുതൽ വില്പന ലഭിക്കാൻ വേണ്ടി പൊതുജനത്തിന്റെ സൗകര്യാർഥം സാമാന്യം വലിപ്പമുള്ള ഒരു ബോർഡ് വയ്ക്കണമെന്നു വിചാരിക്കുന്നു. സുഹൃത്തേ! ഇതൊന്നു വായിച്ചുനോക്കൂ. ഇതിൽ എന്തെങ്കിലും ഭേദഗതി വരുത്തണോ, വരുത്താൻ കഴിയുമോ?’
ഫ്രാങ്ക്ളിൻ അതു രണ്ടുമൂന്നുവട്ടം വായിച്ചിട്ടു അല്പനേരം ചിന്തിച്ചശേഷം മറുപടി പറഞ്ഞു. ‘ഓ, തീർച്ചയായും വരുത്താമല്ലോ’. അദ്ദേഹം തുടർന്നു: ഒന്നാമതായി ‘തൊപ്പി നിർമാതാവായ’ എന്ന വാക്ക് ഉപേക്ഷിക്കാം. കാരണം തൊപ്പികൾ നിർമിക്കുകയും എന്ന വാക്കുകൾ പിറകെ വരുന്നുണ്ടല്ലോ.
രണ്ടാമതായി ‘നിർമിക്കുകയും’ എന്ന വാക്കിന്റെ ആവശ്യമെന്താണ്? അതെടുത്തു കളയാം. വാങ്ങാൻ വരുന്നവർക്കു തൊപ്പി ആരാണുണ്ടാക്കിയെന്നതു ഒരു പ്രശ്നമല്ല. നല്ലതാണെങ്കിൽ അവർ വാങ്ങും. നല്ലതല്ലെങ്കിൽ എത്ര ഭംഗിയുള്ള ബോർഡുണ്ടായാലും വാങ്ങുകയില്ല. മൂന്നാമതായി ‘രൊക്കം പണത്തിന്’ എന്ന പദം എന്തിനാണ്? ഇവിടെ രൊക്കം പണത്തിനല്ലാതെ ആരും കടത്തിനു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നില്ല. നാലാമതായി ‘വിൽക്കുകയും ചെയ്യുന്നു’ എന്നുള്ളതും ഞാനെടുത്തുകളയുകയാണ്.
കാരണം ഇവ വില്പനയ്ക്കല്ലേ വച്ചിരിക്കുന്നത്. അതിനാൽ അതു പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. അവസാനമായി ‘തൊപ്പികൾ’ എന്ന വാക്കും ഇവിടെ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ തൊപ്പിയുടെ ഒരു ചിത്രം ബോർഡിൽ വരപ്പിക്കുന്നുണ്ടല്ലോ.
അങ്ങനെ ആ നീണ്ട വാചകം ചുരുക്കിച്ചുരുക്കി ‘ജോണ് തോംസണ്’ എന്ന പേരു മാത്രം ബാക്കിയായി. ആ പേരും തൊപ്പിയുടെ ചിത്രവും മാത്രമുള്ള ആകർഷകമായ ഒരു സൈൻ ബോർഡ് ഷോറൂമിനു മുകളിൽ സ്ഥാപിക്കപ്പെട്ടു. ബോർഡിൽ ഇത്രയേ ആവശ്യമുള്ളൂവെന്നു തൊപ്പിനിർമാതാവിനു ബോധ്യമാകുകയും ചെയ്തു.
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശിപ്പിച്ചുവരുന്ന വ്യത്യസ്തങ്ങളായ സൈൻബോർഡുകളുടെ ആവിർഭാവം ഇങ്ങനെയായിരുന്നുവോ?
സി.എൽ. ജോസ്