നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമായിരം സംഗീതാർഥികൾ തളിർവെറ്റിലയിൽ ഗുരുക്കന്മാർക്കു ദക്ഷിണവയ്ക്കും. "സ പ സ'യെന്ന് സ്വരങ്ങൾ വിടരും. പിന്നെ വർണങ്ങളും കൃതികളും മനസുനിറയ്ക്കുകയായി. ഗുരുവും ശിഷ്യഗണങ്ങളും ചേർന്ന് സൃഷ്ടിക്കുന്നത് സാമ്യങ്ങളില്ലാത്ത രാഗകാലാവസ്ഥ.
ഇതാ, ഒരു ഗുരുവിന് ശിഷ്യരെല്ലാംചേർന്ന് സംഗീതസമ്മാനം നൽകുകയാണ് നാളെ. കാഞ്ചീപുരത്തെ സ്വർണ കാമാക്ഷി കോവിൽ പരിസരം നാളെ വൈകുന്നേരം രാഗാർച്ചനയാൽ തിളങ്ങിനിൽക്കും. ഗുരുവിനു നൽകാവുന്ന ഏറ്റവും ഗംഭീരമായ സമ്മാനം. ആ ഗുരുവിനെ നിങ്ങളറിയും- നിത്യശ്രീ മഹാദേവൻ!ശിഷ്യരുടെ രണ്ടു സംഘങ്ങളാണ് നാളെ സംഗീതാർച്ചനയിൽ പങ്കെടുക്കുന്നത്. അവരെല്ലാം പരിശീലനം പൂർത്തിയാക്കി. രണ്ടാമത്തെ സംഘത്തിന് ഒരു പ്രത്യേകതയുണ്ട്. അതിൽ നിത്യശ്രീയുടെ രണ്ടാമത്തെ മകൾ തനുജശ്രീയും പാടും. ഒപ്പം ഒരു മലയാളി ശിഷ്യയുമുണ്ടാകും- തൃശൂർ പേരാമംഗലം സ്വദേശിയായ ഗായിക അനുശ്രീ.
അമ്മയുടെ ശിഷ്യ, അച്ഛമ്മയുടെയും
ശിഷ്യപരന്പരയെക്കുറിച്ചോർക്കുന്പോൾ ആരാണ് നിത്യശ്രീയുടെ ആദ്യഗുരു എന്നുചോദിക്കാം. അതു മറ്റാരുമല്ല, അമ്മ ലളിത ശിവകുമാറാണ്. പാട്ടിന്റെ പാലാഴിയായ തിരുവയ്യാറിൽ പ്രൗഢമായ സംഗീതപാരന്പര്യത്തിലാണ് നിത്യശ്രീയുടെ ജനനം. കഴിഞ്ഞതലമുറയിലെ ഏറ്റവും പ്രശസ്തരായ വായ്പ്പാട്ടുകാരിലൊരാൾ ഡി.കെ. പട്ടമ്മാൾ അച്ഛന്റെ അമ്മ. മൃദംഗ മഹാവിദ്വാൻ പാലക്കാട് മണി അയ്യർ അമ്മയുടെ അച്ഛൻ. അംബി ദീക്ഷിതർ, പാപനാശം ശിവൻ, മുത്തയ്യാ ഭാഗവതർ തുടങ്ങിയ മഹാന്മാരുടെ ശിഷ്യപരന്പരയിൽപ്പെട്ടവരായിരുന്നു ഡി.കെ. പട്ടമ്മാളും അവരുടെ സഹോദരൻ ഡി.കെ. ജയരാമനും.
അമ്മ ലളിതയ്ക്കൊപ്പം അച്ഛമ്മ പട്ടമ്മാളും നിത്യശ്രീയെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു. പട്ടമ്മാളിന്റെ കച്ചേരികളിൽ മാതാപിതാക്കൾക്കൊപ്പം നിത്യശ്രീയും പോയിത്തുടങ്ങി.
പതിനാലാം വയസിൽ ഒരു ഗംഭീരസദസിനു മുന്നിൽ നിത്യശ്രീ സ്വന്തംനിലയ്ക്ക് കച്ചേരി അവതരിപ്പിച്ചു. കെ.വി. നാരായണസ്വാമി, ഡി.കെ. പട്ടമ്മാൾ, ഡി.കെ. ജയരാമൻ തുടങ്ങിയവരെല്ലാം കച്ചേരി കേൾക്കാനെത്തിയിരുന്നു. തുടർന്നിങ്ങോട്ട് രാജ്യത്തെ എല്ലാ പ്രധാന സംഗീതസഭകളിലും നിത്യശ്രീ പാടി. വിവിധ തീമുകളിലായി അഞ്ഞൂറിലേറെ ആൽബങ്ങൾ പുറത്തിറക്കി. സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി സ്മരണയ്ക്ക് ദേശഭക്തി മുഖ്യ തീം ആക്കി ഒട്ടേറെ കച്ചേരികൾ നടത്തി. "പാപനാശം ശിവൻ- എ ലെജൻഡ്' എന്ന വിഷയത്തിൽ ആൽബങ്ങളൊരുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.
ഭൈരവി രാഗാധിഷ്ഠിതമായ കൃതികൾ മാത്രം ഉൾപ്പെടുത്തി മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കച്ചേരി അവതരിപ്പിച്ച് ശ്രദ്ധേയയായി. 17 രചനകളാണ് ഇതിൽ ഉൾപ്പെട്ടത്. ഗോപാലകൃഷ്ണ ഭാരതിയുടെ ജീവിതവും സംഭാവനകളും എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിച്ചു. ഇതിനെല്ലാം നിത്യശ്രീക്കു മാതൃക ഡി.കെ. പട്ടമ്മാൾതന്നെയായിരുന്നു. രാജ്യത്തിനു പുറത്ത് നൂറുകണക്കിനു വേദികളിൽ പാടി. വെറുതെയൊരു കൃതി പാടിക്കേൾപ്പിക്കുന്നതിനേക്കാൾ ഏറ്റവും അനായാസം നിത്യശ്രീ ആ അനുഭവം കേൾവിക്കാർക്കു പകരുന്നു.
കണ്ണോടു കാണ്‍പതെല്ലാം
ജീൻസ് എന്ന ചിത്രത്തിനുവേണ്ടി എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരു പാട്ടുപാടിയതോടെ നിത്യശ്രീ സാധാരണ സംഗീതാസ്വാദകർക്കും പ്രിയങ്കരിയായി. പുറത്തിറങ്ങിയതും ഈ പാട്ട് വന്പൻ ഹിറ്റായി. കണ്ണോടു കാണ്‍പതെല്ലാം എന്നതായിരുന്നു ആ പാട്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിത്യശ്രീയെ തേടിയെത്തി. പടയപ്പയിലെ മിൻസാര കണ്ണാ, സംഗമം എന്ന ചിത്രത്തിലെ സൗക്കിയമാ കണ്ണേ, മന്മഥമാസം.. അങ്ങനെ നിരവധി പാട്ടുകൾ. എല്ലാം ഹിറ്റുകൾ. മലയാളത്തിൽ ഒൗസേപ്പച്ചന്റെ ഈണത്തിൽ അരികെ എന്ന ചിത്രത്തിലും പാടി.
ആകാശവാണിയുടെ ടോപ് റാങ്ക് ഗ്രേഡ് ആർട്ടിസ്റ്റാണ് നിത്യശ്രീ. ഒട്ടേറെ പദവികളും പുരസ്കാരങ്ങളും സ്വന്തം. ടിവി ഷോകൾ, സീരിയലുകൾ, സംഗീതക്ലാസുകൾ എന്നിങ്ങനെ പാട്ടിന്റെ ലോകത്ത് പലതലങ്ങളിൽ സജീവം.
ശ്രീയോടെ ശിഷ്യ
പാട്ടുവേദികളിൽ നേരത്തെയുള്ള പരിചയംവച്ചാണ് വർഷങ്ങൾക്കുമുന്‍പ് ഗായിക അനുശ്രീ തന്നെ ശിഷ്യയാക്കാമോ എന്ന് നിത്യശ്രീ മഹാദേവനോടു ചോദിക്കുന്നത്. ഉടനെ ഒരു കീർത്തനം പാടിച്ചുകേട്ട് അവർ പറഞ്ഞു- കുഴപ്പമില്ല, വരൂ. അങ്ങനെ ഔദ്യോഗികമായി ശിഷ്യയായി ഒപ്പംചേർന്നു.
ചെന്നൈയിലെ വീട്ടിലാണ് ക്ലാസുകൾ. സമയമുള്ളതിനനുസരിച്ച് നിത്യശ്രീ വിളിക്കും. ഒരു മണിക്കൂർ നീളുന്ന ക്ലാസ്. സംഗീതത്തോടുള്ള ഗുരുവിന്റെ സമർപ്പണവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ലാളിത്യവുമെല്ലാം തനിക്ക് വലിയ പ്രചോദനമാണെന്ന് അനുശ്രീ പറയുന്നു. ശിഷ്യരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുക. പ്രതിഭയുള്ളവരെ അളവറ്റു പ്രോത്സാഹിപ്പിക്കും. അതേസമയം വളരെ ഡിസിപ്ലിൻഡുമാണ്. ശിഷ്യയാകാൻ കഴിഞ്ഞതിൽ അഭിമാനം.
കർണാടക സംഗീതവും വെസ്റ്റേണ്‍ ക്ലാസിക്കലും ഒരുപോലെ ഇഷ്ടപ്പെടുന്ന അനുശ്രീ ലണ്ടൻ ട്രിനിറ്റി കോളജിന്റെ എട്ടാം ഗ്രേഡ് നേടിയിട്ടുണ്ട്. പിയാനോയും പഠിക്കുന്നു. ലിഡിയൻ നാദസ്വരം ഒരുക്കിയ തിരുക്കുൾ 1330 പ്രോജക്ടിൽ ഒരു കുറൾ പാടി. രണ്ട് ഓപ്പറ പെർഫോർമൻസുകൾ നടത്തി. സിനിമകളിലും പാടി. അനുശ്രീയുടെ കവർ പതിപ്പുകൾക്ക് യുട്യൂബിൽ ദശലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്.
ഹരിപ്രസാദ്