ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വിത്തിനു തുല്യമാണ്. അത് കിളിർത്ത് ചില്ലകളുള്ള വലിയൊരു മരമാകുന്നു. ഓരോ ചില്ലയും അനേകർക്കു തണലും ഓരോ ഫലവും അനേകർക്ക് ഭക്ഷണവുമായി മാറുന്നു. ഉപകാരം എന്ന വിത്ത് പരമാവധി വിതച്ച് നൻമ മരങ്ങളായി തീരാൻ എല്ലാവർക്കും സാധിച്ചാൽ ലോകത്തിന് വലിയ ആശ്വാസമായി ഭവിക്കും.
വിതുന്പലോടെയാണ് ആ യുവതിയും അവളുടെ അമ്മയും ആർപ്പൂക്കരയിലെ നവജീവൻ ഭവനിലെത്തിയത്. കൂപ്പുകൈകളിൽ ഒതുക്കിവച്ചിരുന്ന ഒരു പൊതിക്കെട്ട് മേശപ്പുറത്തുവച്ചശേഷം യുവതി പറഞ്ഞു. ’ ഞങ്ങളെ ഓർമയുണ്ടാകുമോ എന്നറിയില്ല. ഞാനൊരു അധ്യാപികയാണ്. ജോലി ലഭിച്ചശേഷം ആദ്യമായി ലഭിച്ച ശന്പളമാണിത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡിൽ കിടക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ഊണ് കൊടുക്കാൻ ഈ പണം ചെലവഴിക്കണം.’
പതിനാലാം വാർഡ് എന്ന് എടുത്തുപറയാൻ കാരണം ചോദിച്ചപ്പോൾ അവൾ ഏറെ വിഷമത്തോടെയാണ് ആ സംഭവം വിവരിച്ചത്. ’ഇരുപത്തിനാല് വർഷം മുൻപ് ഗുരുതരാവസ്ഥയിൽ എന്റെ അച്ഛനെ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.
അന്ന് പൂർണ ഗർഭിണിയായിരിക്കെ അമ്മയാണ് അച്ഛനെ ശുശ്രൂഷിക്കാനുണ്ടായിരുന്നത്. അച്ഛനെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയ സമയം അമ്മയ്ക്ക് പ്രസവവേദന തുടങ്ങി. അബോധാവസ്ഥയിലായിരുന്ന അച്ഛന് ശസ്ത്രക്രിയ്ക്കിടെ മരണം സംഭവിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽവച്ച് അമ്മ അച്ഛന്റെ മൃതദേഹം അവസാനമായി കണ്ടു. ലേബർ റൂമിലെ നഴ്സിന്റെ കൈകളിൽനിന്ന് എന്നെ ഏറ്റുവാങ്ങിയതും അമ്മയെ സ്ട്രെച്ചറിൽ ഉന്തി വാർഡിൽ എത്തിച്ചതും നവജീവൻ തോമസ് ചേട്ടനായിരുന്നുവെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല അച്ഛന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കാൻ സഹായങ്ങൾ ചെയ്തതും അമ്മയുടെ പ്രസവച്ചെലവുകൾ ഏറ്റെടുത്തതും നവജീവനിൽ നിന്നായിരുന്നു. അമ്മയ്ക്കും എനിക്കും എങ്ങനെ മറക്കാനാവും ആ വലിയ കടപ്പാട്.
നാം മറ്റുള്ളവർക്ക് ചെയ്യുന്ന എല്ലാ നൻമകൾക്കും അർഹമായ പ്രതിഫലം ലഭിക്കുമെന്നു തീർച്ചയാണ്. ഒരു പക്ഷെ ഒന്നോ ഒൻപതോ അൻപതോ വർഷങ്ങൾക്കു ശേഷമായിരിക്കും പ്രതിഫലം വരിക. ചെയ്യുന്ന സഹായങ്ങൾക്ക് ദൈവാനുഗ്രഹം ലഭിക്കുക
ഒരുപക്ഷെ വരും തലമുറകൾക്കായിരിക്കാം. ഇരുപത്തിനാല് വർഷങ്ങൾക്കു മുൻപ് ചെയ്ത സഹായത്തിനുള്ള പ്രതിഫലവുമായി ആ പെൺകുട്ടി മടങ്ങിവന്നിരിക്കുന്നു. അവർ തിരികെ പോയതിനുപോയി രണ്ടു ദിവസങ്ങൾക്കു ശേഷം അതേ സ്കൂളിലെ രണ്ട് അധ്യാപികമാർ കൂടി രോഗികൾക്ക് സഹായം ചെയ്യാനുള്ള താൽപര്യത്തിൽ നവജീവനിലെത്തി.
അവരുടെ സ്കൂളിലെ എല്ലാ കുട്ടികളും ഓരോ പൊതിച്ചോറുമായി രോഗികളെ കാണാൻ വൈകാതെ ഒരു ദിവസം വരുമെനന്ന് അറിയിച്ചശേഷമാണ് അവരിരുവരും മടങ്ങിയത്.
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വിത്തിനു തുല്യമാണ്. അത് കിളിർത്ത് ചില്ലകളുള്ള വലിയൊരു മരമാകുന്നു. ഓരോ ചില്ലയും അനേകർക്കു തണലും ഓരോ ഫലവും അനേകർക്ക് ഭക്ഷണവുമായി മാറുന്നു. ഉപകാരം എന്ന വിത്ത് പരമാവധി വിതച്ച് നൻമ മരങ്ങളായി തീരാൻ എല്ലാവർക്കും സാധിച്ചാൽ ലോകത്തിന് വലിയ ആശ്വാസമായി ഭവിക്കും.
പി.യു. തോമസ്, നവജീവൻ