മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്നു ചോദിച്ചപ്പോൾ പോലീസ് പറഞ്ഞു. ’മോഷണം’. പതിനേഴുകാരനും പ്ലസ് ടു വിദ്യാർഥിയുമായ മകൻ എന്തു മോഷണമാണ് നടത്തിയതെന്ന മാതാപിതാക്കളുടെ ചോദ്യത്തിന് പോലീസ് മറുപടി പറഞ്ഞു. ’വീടുകവർച്ച’.
മകൻ നായാപൈസ മോഷ്ടിക്കില്ലെന്ന് അച്ഛനും അമ്മയും ആണയിട്ടപ്പോൾ മൊബൈൽ ഫോണിൽനിന്നും പോലീസ് കുറെ ഫോട്ടോകളും വീഡിയോകളും തെളിവായി നിരത്തി. മകനും അവന്റെ ആറേഴു കൂട്ടുകാരും ചേർന്ന് അർധരാത്രി പ്രദേശത്തെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തി പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ. ആൾതാമസമില്ലാത്ത വീടുകളിൽനിന്ന് ആഭരണങ്ങളും പാത്രങ്ങളും ഉപകരണങ്ങളുമൊക്കെ മോഷണം പോകുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളികാമറകളിൽ കുട്ടിമോഷ്ടാക്കളെ കണ്ടെത്തിയത്.
രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടകളിലും ആക്രിക്കടകളിലുമൊക്കെ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടികൾ തൊണ്ടിമുതൽ ഇവിടങ്ങളിൽ വിറ്റഴിച്ചിരുന്നതായി കണ്ടെത്തി. പലപ്പോഴായി അഞ്ചു ലക്ഷത്തോളം രൂപയുടെ വക മോഷ്ടിച്ചുവിറ്റതായി തെളിഞ്ഞു. റോഡരുകിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററിയും സ്പെയർ പാർട്സുമൊക്കെ കുട്ടിസംഘം കവർച്ച നടത്തിയിരുന്നു.
പ്രായപൂർത്തിയാകാത്തവർ എന്ന ആനുകൂല്യത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും അവിശ്വസനീയമായ വിവരങ്ങളാണ് പുറത്തുവന്നത്. ഗ്രൂപ്പ് സ്റ്റഡി എന്ന പേരിൽ ഓരോ വീടുകളിൽ സംഗമിച്ചിരുന്ന കുട്ടികൾ രാത്രി രക്ഷിതാക്കൾ ഉറങ്ങുന്പോൾ പുറത്തിറങ്ങിയാണ് കവർച്ച നടത്തിയിരുന്നത്. മോഷണമുതൽ താമസക്കാരില്ലാത്ത വീടുകളോടു ചേർന്നും കാടുകയറിയ തോട്ടങ്ങളിലുമാണ് ഇവർ ഒളിപ്പിച്ചിരുന്നത്. കൂടാതെ, കടകൾ കുത്തിത്തുറന്ന് പണവും സിഗരറ്റും പഴവും മറ്റും ഇവർ അപഹരിച്ചിരുന്നു.
ഈ കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് പല കാര്യങ്ങളും പുറത്തുവരുന്നത്. പത്താം ക്ലാസ് ഫൈനൽ പരീക്ഷയ്ക്കുശേഷം അവധിക്കാലത്ത് ഇവർ കഞ്ചാവിന്റെ ലഹരിക്ക് അടിമപ്പെട്ടതാണ്. അവരിൽ ഒരാളുടെ വീട്ടിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളിയിൽനിന്ന് കഞ്ചാവ് ബീഡി വാങ്ങി വലിച്ചു തുടങ്ങി. അവൻ കൂട്ടുകാരെയും ഇതിൽ പങ്കാളികളാക്കി. ലഹരിയുടെ അടുത്ത ഘട്ടമായി പുഴയോരത്തും ആളൊഴിഞ്ഞ തോട്ടങ്ങളിലും ഒത്തുകൂടി ബിയർ കുടിക്കാൻ തുടങ്ങി. ഇതിനുള്ള പണം രക്ഷിതാക്കളുടെ ബാഗുകളിൽ നിന്നാണ് അപഹരിച്ചിരുന്നത്.
പ്ലസ് വണ്‍ കാലം മുതൽ ബിയർ കുടി ഹോട്ട് ലിക്കറിലേക്ക് മാറി. കഞ്ചാവും ലഹരിയും ചേർന്ന ആസക്തിയുടെ അടുത്ത ഭാഗമായിരുന്നു വീടുകവർച്ച. ലഹരി വാങ്ങാൻ പണം വേണം. അതിനായി സ്വന്തം വീടുകളിൽ തുടങ്ങിയ പണാപഹരണം ഇത്ര വലിയ അകൃത്യങ്ങളിലേക്ക് കടക്കാൻ രണ്ടു വർഷമേ വേണ്ടിവന്നുള്ളു. പോലീസ് നടത്തിയ പരിശോധനയിൽ ഈ കൗമാരക്കാരുടെ മുറികളിൽനിന്ന് കത്തി, പിച്ചാത്തി, ചുറ്റിക തുടങ്ങിയവയും കണ്ടെടുത്തു. കവർച്ചയുടെ അടുത്ത ഘട്ടത്തിൽ ഇവർ കൊലപാതകമോ ആക്രമണമോ ഒക്കെ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി സംശയിക്കേണ്ടിയി രിക്കുന്നു.
ഈ കുട്ടികൾക്ക് ആഴ്ചകളും മാസങ്ങളും നീണ്ട കൗണ്‍സിലിംഗ് വേണ്ടിവരും. പതിനെട്ട് വയസാകാൻ മാസങ്ങളുടെ കുറവുണ്ടായിരുന്നു എന്നതിനാലാണ് ഇവർ ക്രിമിനൽ കേസ് പ്രതികളായി മാറാതിരുന്നത്. ഒരു കാര്യം തീർച്ച. ഈ കുട്ടികൾ പതിനെട്ടിലേക്ക് കടന്നാലും കുറ്റവാസനയ്ക്കോ ലഹരി ആസക്തിയ്ക്കോ മാറ്റമുണ്ടാകണമെന്നില്ല.
ആഴത്തിലുള്ള തിരുത്തലുകൾ നൽകിയില്ലെങ്കിൽ ഈ കുട്ടികൾ കൂടുതൽ മാരകവും ഭീതികരവുമായ കൃത്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത ഏറെയാണ്. തുടര്‍ കൗണ്‍സലിംഗും കടുത്ത ശിക്ഷണവും നിരീക്ഷണവും ഇവർക്ക് അനിവാര്യമാണ്. ചെറിയ തെറ്റിൽ നിന്നാണ് കുട്ടികൾ വലിയ കുറ്റങ്ങളിലേക്ക് കടക്കുന്നത്. ഇക്കാലത്തെ കൗമാരക്കാ രായ കുട്ടികളുടെ ഓരോ നീക്കവും ഇടപെടലു കളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആരൊക്കെയാണ് മക്കളുടെ കൂട്ടുകാരെന്നും അവർ ഏതു തരക്കാരാണെന്നും അറിഞ്ഞിരിക്കണം. കൂട്ടുകെട്ടാണ് മകനെ പിഴപ്പിച്ചതെന്ന് പിന്നീട് പരിഭവിച്ചിട്ട് കാര്യമില്ല. ചീത്ത കൂട്ടുകെട്ടിൽ വീഴാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര എംഎംഎസ്