സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്. പുരാതനമായ വീടുകളുടെയും സിനഗോഗുകളുടെയും നിരത്തുകളുടെയുമൊക്കെ അവശിഷ്ടങ്ങളാണ് ഇന്നു കാണാനുള്ളത്.
ഗലീലി തടാകത്തിന്റെ വടക്കേ തീരത്തോടു ചേർന്നാണ് ഈ സ്ഥലം. മീൻപിടിത്തക്കാരുടെ ഒരു ഗ്രാമമായിരുന്നു ഇത്. ബിസി രണ്ടാം നൂറ്റാണ്ടിലാണ് ജനവാസമുള്ള ഗ്രാമമായി കഫർണാം മാറുന്നത്. ഈശോയുടെ കാലത്ത്, ധാരാളം ജനങ്ങൾ താമസിച്ചിരുന്ന, വളരെ ചലനാത്മകമായ ഒരു പട്ടണമായിരുന്നു കഫർണാം.
കഫർണാം എന്ന പേരിന് നാഹുമിന്റെ ഗ്രാമം എന്നോ ആശ്വാസത്തിന്റെ ഗ്രാമം എന്നോ അർഥം പറയാം. പ്രവാചകൻ നാഹുവുമായി ഈ സംഘത്തിനു ബന്ധമില്ലെന്നാണ് കരുതപ്പെടുന്നത്. കഫർണാമിന്റെ ഇന്നത്തെ പ്രാധാന്യം മുഴുവൻ ബൈബിൾ പുതിയനിയമത്തിലെ സുവിശേഷങ്ങളുമായി ബന്ധപ്പെട്ടാണ്. ഈശോയുടെ ശ്ലീഹന്മാരിൽ ഒന്നാമനായ പത്രോസിന്റെ വീട് ഇവിടെയായിരുന്നു എന്നാണല്ലോ സുവിശേഷങ്ങൾ പറയുന്നത് (മർക്കോസ് 1, 29).
അന്ത്രയോസ്, ജയിംസ്, യോഹന്നാൻ, മത്തായി എന്നിവരും കഫർണാം സ്വദേശികളായിരുന്നു. പത്രോസിന്റെ വീടിനു മുകളിൽ ഇപ്പോൾ അഷ്ടകോണാകൃതിയിലുള്ള ഒരു പള്ളിയുണ്ട്. പള്ളിയുടെ തറയോടുകൾ ചില്ലുകൊണ്ടാണ്. ഈ ചില്ലുകളിലൂടെ നോക്കിയാൽ പഴയ വീടിന്റെ പുരാവസ്തുപരമായ ശേഷിപ്പുകൾ കാണാം.
ഈശോയുടെ നിരവധി അദ്ഭുതപ്രവർത്തനങ്ങളുടെ വേദിയായിരുന്നു കഫർണാം. തളർവാത രോഗിയെയും പത്രോസിന്റെ അമ്മായിയമ്മയെയും സുഖപ്പെടുത്തുന്ന സംഭവങ്ങൾ സുപരിചിതമാണല്ലോ. ശതാധിപന്റെ ഭൃത്യനെയും പിശാചുബാധിതനെയും സുഖപ്പെടുത്തുന്നതും ഇവിടെവച്ചുതന്നെ. കടലന്മീതെ ഈശോ നടക്കുന്നത് കഫർണാമിലേക്കുള്ള യാത്രയിലാണ്.
കഫർണാമിലെ സിനഗോഗിൽവച്ചാണ് ഈശോ നിത്യജീവന്റെ അപ്പത്തെക്കുറിച്ചുള്ള ദീർഘപ്രഭാഷണം ചെയ്യുന്നത് (യോഹന്നാൻ 6). സ്വനഗരമായി തെരഞ്ഞെടുത്തെങ്കിലും കഫർണാം ഗ്രാമവാസികൾ ഈശോയെ അവിശ്വസിക്കുകയാണു ചെയ്തത്. കൊറാസിൻ, ബേത്സയ്ദാ എന്നിവപോലെ കഫർണാമും ശിക്ഷിക്കപ്പെടുമെന്ന് ഈശോ അരുൾചെയ്തത് സംഭവിച്ചുകഴിഞ്ഞെന്ന് നാശക്കൂന്പാരമായി കിടക്കുന്ന ആധുനിക കഫർണാം കാണുന്പോൾ നമുക്കു തോന്നാതിരിക്കില്ല. (മത്തായി 11, 23-24).
മാത്യൂസ് ആർപ്പൂക്കര