അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഉത്തമമായ ശിക്ഷണം നൽകുകയെന്നത് മാതാപിതാക്കളുടെ ദൗത്യമാണ്.
സ്കൂളിൽ പഠിക്കുന്ന മകനും അവന്റെ അഞ്ചു സഹപാഠികളും ഒരാഴ്ചത്തെ അവധിക്കാല വിനോദയാത്ര പോയിരിക്കുകയാണെന്ന് ബാങ്ക് ജോലിക്കാരനായ അച്ഛൻ പറഞ്ഞപ്പോൾ അതിശയവും ആശങ്കയും തോന്നി. അച്ഛനമ്മമാരെ കൂടാതെ പതിനാലു വയസുകാരായ ആറു കുട്ടികൾ ഗോവയിലേക്കാണ് മുൻകൂർ ക്രമീകരണങ്ങളോടെ പാക്കേജ് ടൂർ പോയിരിക്കുന്നത്.
ഈ പ്രായത്തിലുള്ള കുട്ടികളുടെ തനിച്ചുള്ള സഞ്ചാരം സുരക്ഷിതമാണോ എന്നു ചോദിച്ചപ്പോൾ കാലം മാറിപ്പോയില്ലേ, കുട്ടികളല്ലേ അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹോട്ടലിലും ബീച്ചിലും ബിവറേജിലുമൊക്കെയായി ഈ കൗമാരക്കാർ കുഴപ്പത്തിൽപ്പെടാമെന്നു ചിന്തിക്കാനുള്ള തിരിച്ചറിവ് രക്ഷിതാക്കൾക്കു ഇല്ലാതെ പോയിരിക്കുന്നു.
ആവശ്യത്തിലേറെ പണവും മുന്തിയ സ്മാർട്ട് ഫോണും എടിഎം കാർഡുമൊക്കെ കൊടുത്തുവിട്ടാൽ മക്കളുടെ വഴികൾ സുരക്ഷിതമായെന്ന് ധരിച്ചാൽ അത് അബദ്ധമാണ്.
ഒരാഴ്ച ഇവരെ കുട്ടികൾക്കുള്ള ധ്യാനത്തിന് അയച്ചുകൂടായിരുന്നോ എന്നു ചോദിച്ചപ്പോൾ ഈ പ്രായക്കാർക്ക് അതിലൊന്നും താൽപര്യമില്ലെന്നായിരുന്നു പ്രതികരണം. പതിനാല് എന്ന വയസ് നന്നാകാനും മോശമാകാനും സാഹചര്യമുള്ള വല്ലാത്തൊരു പ്രായമാണെന്ന് പഠിപ്പും പണവുമുള്ള രക്ഷിതാക്കൾക്ക് അറിയില്ലപോലും.
സാഹിത്യം, സംഗീതം, കായികം, വ്യക്തിത്വവികസനം തുടങ്ങി വിവിധ പരിശീലനക്കളരികൾ പല സ്ഥാപനങ്ങളിലും അവധിക്കാലത്ത് നടത്തിവരുന്പോൾ അതിലേക്കൊന്നുമല്ല ഇത്തരക്കാരുടെ മക്കൾക്ക് താൽപര്യം.
വ്യക്തിത്വവും വിവരവും വിവേകവുമുള്ളവരാക്കി മാറ്റാൻ വിധം മക്കളെ പരിശീലിപ്പിക്കാൻ തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന രക്ഷിതാക്കൾക്ക് സമയമില്ലാതായിരിക്കുന്നു. വേനൽ അവധിക്കാലം നാട്ടിലും നഗരത്തിലും ഒട്ടേറെ കുട്ടികൾക്ക് കുത്തഴിവിന്റെയും തോന്നിയവാസത്തിന്റെതുമാണ്. മൊബൈലും ടിവിയും ആഡംബരങ്ങളും പണവും അവരുടെ ചിന്തകളെയും കാഴ്ചകളെയും വികലമാക്കുന്നുവെന്ന് പറയാതെ വയ്യ.
രക്ഷാകർത്താക്കൾ അറിയാതെ കുട്ടികൾ ബൈക്കും കാറും ഓടിക്കാൻ പോയി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വേനൽ അവധിക്കാലത്ത് പതിവാണ്. മലകയറാനും പുഴയിൽ നീന്താനും പോയി വേറെയും അപകടങ്ങൾ. വലിയവധിക്കാലം കഴിഞ്ഞ കാലങ്ങളിലൊക്കെ കുട്ടികൾക്ക് സമഗ്രമായ പരിശീലനത്തിനുള്ള കാലമായിരുന്നു.
വീട്ടുജോലികളിൽ സഹായിക്കുക, മുടങ്ങാതെ ആരാധനാലയങ്ങളിൽ പോവുക, മതബോധനം നടത്തുക, പ്രാർഥിക്കുക, നല്ല പുസ്തകങ്ങൾ വായിക്കുക, കഥയും കവിതയും എഴുതുക തുടങ്ങി വിവിധ നല്ലശീലങ്ങൾ. പാചകവും കൃഷിയുമൊക്കെ പരിശീലിക്കുന്ന ദിവസങ്ങൾ.
മുതിർന്നവരുടെ ശിക്ഷണം ഏറ്റവും ലഭിച്ചിരുന്ന മാസങ്ങളായിരുന്നു വലിയ അവധി. ബന്ധുക്കൾ, സുഹൃത്തുക്കൾ, വൈദികർ, സന്യസ്തർ തുടങ്ങിയവരുമായി ആരോഗ്യപരമായ സൗഹൃദം പുലർത്താൻ ഉപകരിക്കുന്ന കാലം.
ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽനിന്നു യൗവനത്തിലേക്കുമുള്ള ഉത്തമമായ പരിശീലനകാലമാണ് വേനലവധി. ഉയർന്ന ക്ലാസിലേക്ക് പ്രവേശിക്കുന്പോൾ പഠനത്തിലും പാഠ്യേതരതലത്തിലും കൂടുതൽ നേട്ടമുണ്ടാക്കാൻ മാനസികമായി തയാറെടുക്കുന്നതും ഇക്കാലത്താണ്. ട്യൂഷനും സ്പെഷൽ ക്ലാസുമൊക്കെ ക്രമീകരിക്കുന്നതും ഇതിനായാണ്.
പലപ്പോഴും ആളൊഴിഞ്ഞ തോട്ടങ്ങളിലും പുഴയോരങ്ങളിലും വീടുകളിലുമൊക്കെ കുട്ടികൾ അലസരായി അലയുന്നതു കാണാറുണ്ട്. ഫ്രണ്ട്സ് എന്നും കന്പനിയെന്നുമൊക്കെ ഇത്തരം കുട്ടിക്കൂട്ടങ്ങൾക്ക് വിളിപ്പേരുണ്ടെങ്കിലും ഇവരിൽ ചിലരെങ്കിലും മദ്യത്തിന്റെയും കഞ്ചാവിന്റെയും പിടിയിൽ എത്തിച്ചേരാൻ ഇത് ഇടയാക്കും.
ചില സൗഹൃദങ്ങളിൽ ആണ്-പെണ് വ്യത്യാസവും ഇല്ലാതായിരിക്കുന്നു. വഴിവിട്ട ബന്ധങ്ങളും അധാർമികതയുമൊക്കെയാണ് ഇത്തരം സൗഹൃദങ്ങളുടെ നീക്കിയിരിപ്പ്. മക്കൾ വഴിപിഴച്ചുപോയി എന്ന ആവലാതിയുമായി പിൽക്കാലത്ത് വിലപിക്കുന്ന മാതാപിതാക്കൾ പലരാണ്.
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഉത്തമമായ ശിക്ഷണം നൽകുകയെന്നത് മാതാപിതാക്കളുടെ ദൗത്യമാണ്.
അവധിയാഘോഷങ്ങളിലാണ് കുട്ടികളിൽ പലരും വഴിതെറ്റുന്നതും അപകടത്തിൽപ്പെടുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുന്നത്. മക്കൾക്കായി ആസ്തിയും അവസരവും സ്വരുക്കൂട്ടാൻ വ്യഗ്രത കാട്ടുന്നവർ ഓർമിക്കുക, അവരെ സദ്സ്വഭാവത്തിലും വ്യക്തിമഹിമയിലും ചെറിയ പ്രായത്തിലാണ് പരിശീലിപ്പിക്കേണ്ടത്.
മക്കൾ വീടിനും നാടിനും കരുതലും കാവലുമായി മാറാൻ ആഗ്രഹിക്കുന്നെങ്കിൽ കുട്ടികളുടെ ഓരോ ചലനവും നീക്കവും ജാഗ്രതയോടെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അതാത് സമയം തിരുത്തലുകൾ നൽകണം. കുട്ടികളുടെ ആവേശത്തിന്റെ കാലത്തും ആഗ്രഹങ്ങളുടെ പ്രായത്തിലും രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടുഭാഷയിൽ പറഞ്ഞാൽ മക്കളെ ഒരാളും കയറൂരി വിടരുത്.
പി.യു. തോമസ്, നവജീവൻ