മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പതിനാല് പ്രബന്ധങ്ങളിൽ നിബന്ധിച്ചിരിക്കുന്ന ഈ പഠനഗ്രന്ഥം. എഡിറ്റ് ചെയ്തവർ നാലു പ്രഗല്ഭ ഗവേഷകരും പണ്ഡിതരും- പയസ് മലേക്കണ്ടത്തിൽ, കെ.എസ്. മാത്യു, ജയിംസ് കുരികിലംകാട്ട്, ജെനി പീറ്റർ. ആമുഖത്തിൽ ഡോ. മലേക്കണ്ടത്തിൽ പുസ്തകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വിഷയത്തിന്റെ ഇതുവരെയുള്ള ഗവേഷണ നിലയും അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ വിഭാഗം കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളാണെന്ന് എല്ലാ ചരിത്രപണ്ഡിതരും അംഗീകരിക്കും. അവർ അതിപുരാതന കാലം തൊട്ടേ ക്രൈസ്തവരാണ് എന്നേ പറയൂ. എന്നുമുതൽ എന്നു പറയാൻ അവർക്ക് ഉറപ്പില്ല. ഏറിവന്നാൽ എഡി നാലാം നൂറ്റാണ്ടു വരെയുള്ള പഴക്കമേ ഈ സഭയ്ക്കുള്ളൂ എന്ന് അവർ സമ്മതിക്കും.
എന്നാൽ, മാർത്തോമ്മാ ക്രൈസ്തവരുടെ അനുസ്യൂതപാരന്പര്യം, എഡി ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്തുശിഷ്യനായ മാർത്തോമ്മാ ശ്ലീഹ കേരളത്തിലെത്തിയെന്നും അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തന ഫലമായി ഈ നാട്ടിൽ ക്രൈസ്തവ സഭ ഉത്ഭവിച്ചു എന്നുമാണ്. ഇതു മാർത്തോമ്മാ ക്രൈസ്തവരുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വിശ്വാസമാണ്.
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പതിനാല് പ്രബന്ധങ്ങളിൽ നിബന്ധിച്ചിരിക്കുന്ന ഈ പഠനഗ്രന്ഥം. എഡിറ്റ് ചെയ്തവർ നാലു പ്രഗല്ഭ ഗവേഷകരും പണ്ഡിതരും- പയസ് മലേക്കണ്ടത്തിൽ, കെ.എസ്. മാത്യു, ജയിംസ് കുരികിലംകാട്ട്, ജെനി പീറ്റർ. ആമുഖത്തിൽ ഡോ. മലേക്കണ്ടത്തിൽ പുസ്തകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വിഷയത്തിന്റെ ഇതുവരെയുള്ള ഗവേഷണ നിലയും അവതരിപ്പിക്കുന്നു.
തികച്ചും അക്കാദമികമായ ഒരു സമീപനമാണ് ഗ്രന്ഥത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. മാർത്തോമ്മാ ക്രൈസ്തവരുടെ ചരിത്രം വിശകലനം ചെയ്യുന്ന മൂന്നു പഠനഗ്രന്ഥങ്ങളാണ് കാക്കനാട്ടെ ലിറ്റർജിക്കൽ റിസർച്ച് സെന്റർ വിഭാവനം ചെയ്യുന്നത്. അതിൽ ആദ്യത്തേതാണ് ഈ വാല്യം. രണ്ടാം വാല്യം, ഒന്നാം നൂറ്റാണ്ടുമുതൽ പോർട്ടുഗീസ് കോളനിവത്കരണക്കാർ കേരളത്തിലെത്തിയ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലവും മൂന്നാം വാല്യം 16-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ള ചരിത്രവും വിശകലനം ചെയ്യുന്നു.
ആധുനിക ഗവേഷണങ്ങളുടെ ഫലമായി തോമ്മാശ്ലീഹാ രണ്ടു തവണ ഇന്ത്യയിൽ വന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യ സന്ദർശനത്തിൽ അദ്ദേഹം പടിഞ്ഞാറെ ഇന്ത്യയിലാണ് എത്തിയത്. വടക്കുപടിഞ്ഞാറെ ഇന്ത്യയുടെ ചരിത്രാവലോകനവും അവിടെ തോമ്മാശ്ലീഹ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളുമാണ് ആദ്യത്തെ അധ്യായങ്ങളിൽ. ഡോ. മലേക്കണ്ടത്തിൽ, ഡോ. കുരികിലംകാട്ട് എന്നിവരാണ് രചയിതാക്കൾ.
മൂന്നാം ലേഖനം രചിച്ചതു ഡോ. മലേക്കണ്ടത്തിലാണ്. ദക്ഷിണേന്ത്യയുടെ ഒന്നാം നൂറ്റാണ്ടിലെ സാമൂഹ്യ, സാന്പത്തിക, രാഷ്ട്രീയ അവസ്ഥകളാണ് അതിലെ ചർച്ചാവിഷയം. തുടർന്ന് ഡോ. ഫ്രാൻസിസ് തോണിപ്പാറ, ഡോ.കുരികിലംകാട്ട് എന്നിവർ മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിത പ്രവർത്തനങ്ങളെപ്പറ്റിയുള്ള തദ്ദേശീയ വിവരണങ്ങൾ പരിശോധിക്കുന്നു.
വാമൊഴിയായും വരമൊഴിയായും നിലവിലിരിക്കുന്ന പാട്ടുകളുടെയും പാരന്പര്യങ്ങളുടെയും ചരിത്രപരതയും വിശ്വാസ്യതയും സൂക്ഷ്മമായി ചർച്ച ചെയ്യുന്നുണ്ട്. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ചു എന്നു കരുതുന്ന ഏഴു പള്ളികളെക്കുറിച്ചുള്ള പഠനമാണ് ഡോ. കുരികിലംകാട്ട് അടുത്ത അധ്യായത്തിൽ നടത്തുന്നത്.
മാർത്തോമ്മാ ശ്ലീഹായുടെ കബറിടം വണങ്ങപ്പെടുന്നത് ചെന്നൈയിലെ മൈലാപ്പൂരിലാണ്. അവിടത്തെ കബറിടത്തിന്റെ പുരാവസ്തുപരമായ ഒരന്വേഷണമാണ് തുടർന്നുള്ള പ്രബന്ധത്തിൽ ഡോ. ജെനി പീറ്റർ നടത്തുന്നത്. കബറിടത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന രേഖകൾ മുതലുള്ള ചരിത്രരേഖകളും സാക്ഷ്യങ്ങളും ഡോ. മലേക്കണ്ടത്തിൽ അടുത്ത ലേഖനത്തിൽ പഠനവിധേയമാക്കുന്നു.
മാർത്തോമ്മ ശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെപ്പറ്റി സുറിയാനി, അറബി ഭാഷകളിലുള്ള വിവരണങ്ങൾ ഡോ. ഹെർമൻ ടോയ്ലെ തുടർന്നു വിശദീകരിക്കുന്നു. ആദിമക്രൈസ്തവ രചയിതാക്കൾ അതേവിഷയത്തെപ്പറ്റി എഴുതിയിരിക്കുന്നവയാണ് അടുത്ത ലേഖനത്തിന്റെ വിഷയം. ഡോ. ജയിംസ് പുലിയുറുന്പിൽ ആണ് രചയിതാവ്.
കേരളത്തിലെ പുരാതന പാട്ടുകളിൽ ചിത്രീകരിക്കപ്പെടുന്ന മാർത്തോമ്മാ ശ്ലീഹാ യാണ് ഡോ. ബൈജു മാത്യു മുകളേൽ അടുത്ത പ്രബന്ധത്തിൽ വിഷയമാക്കുന്നത്.
സഭയുടെ ഒൗദ്യോഗിക ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന മാർത്തോമ്മാ ശ്ലീഹയുടെ പ്രേഷിതപ്രവർത്തനം (ഡോ. പോളി മണിയാട്ട്), അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യൻ പ്രവർത്തനങ്ങളെപ്പറ്റിയുള്ള പോർട്ടുഗീസ് വിവരണങ്ങൾ (ഡോ. കെ.എസ്. മാത്യു), ഇന്ത്യ സന്ദർശിച്ച ബിഷപ്പുമാരും പേപ്പൽ പ്രമാണ രേഖകളും മാർത്തോമ്മാ ശ്ലീഹായെപ്പറ്റി (ഡോ. സിന്റോ ചിറ്റിലപ്പള്ളി), മാർത്തോമ്മാ ശ്ലീഹയുടെ പ്രേഷിത പ്രവർത്തനങ്ങളും അതിന്റെ സാംസ്കാരികാനുരൂപണങ്ങളും അനുഷ്ഠാനങ്ങളും (ഡോ. മലേക്കണ്ടത്തൽ) എന്നിവയാണ് അവസാനത്തെ നാലു ലേഖനങ്ങൾ.
ഏറ്റവും സമഗ്രവും അക്കാദമികവും ശാസ്ത്രീയവുമായ ഈ പഠനഗ്രന്ഥം ഈ വിഷയത്തിലുള്ള അവസാന വാക്ക് ആണ്. ബന്ധപ്പെട്ട രേഖകളുടെയും ഗ്രന്ഥങ്ങളുടെയും സൂചിക വളരെ ഉപകാരപ്രദമാണ്. ഈ വിഷയത്തെപ്പറ്റിയുള്ള ഏതു പഠനവും ഇനി ഈ ഗ്രന്ഥത്തെക്കൂടി ഉൾപ്പെടുത്തി മാത്രമേ നടത്താനാകൂ.
ന്യൂഡൽഹി പ്രിമൂസ് ബുക്സ് ആണ് പ്രസാധകർ. വില: 1,695 രൂപ. (കാക്കനാട്ട് മൗണ്ട് സെന്റ് തോമസിൽനിന്ന് 1,200 രൂപയ്ക്കു ലഭിക്കും. ഫോൺ: 9497324768).