‘ഗർഭത്തിലുള്ളത് ആണ്കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെലിവറി നടക്കില്ലെങ്കിൽ അന്നുതന്നെ സിസേറിയൻ നടത്തുന്നതിൽ വിരോധമില്ല. എന്തായാലും കുട്ടി നല്ല നാളിൽത്തന്നെ പിറക്കണം. ’
വിദ്യാസന്പന്നർ മുതൽ പാവപ്പെട്ടവർ വരെ നാൾ നന്നായിരിക്കണമെന്ന പിടിവാശിയിലാണ്. നാൾനോട്ടക്കാരും കവടിനിരത്തുകാരും ലക്ഷണംപറച്ചിലുകാരുമൊക്കെ പറയുന്നതാണ് ജാതകം. നാളിലും നക്ഷത്രത്തിലും ജാതകത്തിലുമൊക്കെ വിശ്വാസമുറപ്പിച്ച് നവജാതന്റെ ഭാവി ശോഭനമോ ദുരിതപൂർണമോ എന്നു പ്രവചിക്കുന്നവരും അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ വിശ്വസിക്കുന്നവരും ഏറെപ്പേരാണ്.
വിവാഹം ഉൾപ്പെടെ എല്ലാ മംഗളകാര്യങ്ങൾക്കും അടിസ്ഥാനമായി നാളും ജാതകവും നോക്കുന്നവർ എക്കാലത്തും ഏറെപ്പേരാണ്. വീട്ടുവർത്തമാനങ്ങളിൽവരെ ഓരോ അംഗത്തിന്റെയും വിശേഷം പറയുന്പോൾ നാൾപൊരുത്തം കടന്നുവരുന്നു.
നല്ലതു സംഭവിച്ചാലും അനർഥമുണ്ടായാലും നാളാണ് ഘടകം. എല്ലാ ഘടകങ്ങളും ഒത്തുവന്നാലും നാളിന്റെ പൊരുത്തക്കേടിൽ വിവാഹാലോചന ഒഴിവാക്കുന്നർ ഏറെയാണ്. ചോറൂട്ടിനും അക്ഷരംകുറിക്കലിനും ഗൃഹപ്രവേശത്തിനും യാത്രകൾക്കുമൊക്കെ നാളും മുഹൂർത്തവും നിമിത്തമായി മാറുന്നു. ഇത്തരം വിശ്വാസങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കുമെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ തിരുത്തലുകളും ബോധ്യങ്ങളും പകരുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകർ.
നല്ല നാൾ ദിനത്തിൽ കോഴ വാങ്ങി സിസേറിയൻ നടത്തിക്കൊടുക്കുന്ന ഡോക്ടറെക്കുറിച്ചും കൂട്ടസിസേറിയനുകൾ പതിവാക്കിയ ആശുപത്രികളെക്കുറിച്ചും വാർത്തകൾ പലതുണ്ടായ നാട്ടിലാണ്് ഗൈനക്കോളജിയിലെ സത്യവും മിഥ്യയും വ്യക്തമാക്കിക്കൊടുക്കാൻ ഈ ഡോക്ടർ സമയം കണ്ടെത്തുന്നത്.
ഭ്രൂണം ഉരുവാകുന്പോൾ തുടങ്ങുകയാണ് പലതരത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും. ഇതിനൊപ്പം കാലാകാലങ്ങളായി തലമുറകൾ കൈമാറി വരുന്ന മിഥ്യാധാരണകൾകൂടിയാകുന്പോൾ ജനങ്ങളെ തിരുത്തുകയെന്നതും പിൻതിരിപ്പിക്കുകയെന്നതും പ്രയാസമേറിയ കാര്യമാണ്. തമിഴ്നാട്ടിലെ ഉശിലാംപെട്ടിയിൽ മുൻകാലത്ത് നവജാത പെണ്ശിശുക്കളെ അരുംകൊല ചെയ്തിരുന്നതും ഇത്തരം വിശ്വാസങ്ങളുടെ പരിണിതഫലമായിരുന്നു.
ഗർഭസ്ഥശിശുവിന്റെ മാതാപിതാക്കളെ മാത്രമല്ല അന്ധവിശ്വാസങ്ങളിൽ കുടുങ്ങിയ അവരുടെ കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ബോധവത്കരിക്കേണ്ടിവരും. വീടുകളിൽ വയറ്റാട്ടിമാർ പ്രസവശുശ്രൂഷ നടത്തിയിരുന്ന കാലങ്ങളിൽ നിരവധിയായ അനാചാരങ്ങൾ നിലനിന്നിരുന്നു. അതേ പാരന്പര്യം ആശുപത്രികളിലും തുടരാൻ താത്പര്യപ്പെടുന്നവർ ഇക്കാലത്തുമുണ്ട്. ജീവനും ജീവിതവും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ഫേസ്ബുക്ക് അനുഭവക്കുറിപ്പുകളും രോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കെതിരേ യൂട്യൂബ് വീഡിയോകളും ഷോട്ട് ഫിലിമുകളും തയാറാക്കി വ്യത്യസ്തനാവുകയാണ് ഡോ. റെജി ദിവാകർ.
ചില നാളുകളിലും സമയത്തും ജനിച്ചാൽ അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഉറ്റ ബന്ധുക്കൾക്കോ ദോഷം സംഭവിക്കുമെന്നു വിശ്വസിക്കുന്നവരുണ്ട്. ഇത്തരക്കാർ കുട്ടി ജനിക്കേണ്ട സമയവും നാളും നക്ഷത്രവും ജോത്സ്യന്റെ അടുത്തു പോയി കുറിച്ചുകൊണ്ടു വരും. ജോത്സ്യൻ പറഞ്ഞ സമയത്തുതന്നെ സിസേറിയൻ ചെയ്യണമെന്ന വാശിയിലാകും വീട്ടുകാർ. ജ്യോതിഷത്തിന്റെ വിശ്വാസധാരണകളുടെ ഇരയായി മാറുക പലപ്പോഴും ഗർഭിണികളാണ്.
ഗർഭിണികളെ പരിചരിക്കുന്പോൾ പലരും പലതരം വിശ്വാസങ്ങളിലും മിഥ്യകളിലും ആചാരങ്ങളിലും കുടുങ്ങിക്കിടക്കുന്നതായി ഡോ. റെജിക്കു മനസിലായി. ദന്പതികൾ ഗൈനക്കോളജിസ്റ്റിനോടു ചോദിക്കുന്നതും പറയുന്നതുമായ വിചിത്രകാര്യങ്ങളുടെ സത്യാവസ്ഥ സമൂഹത്തിൽ എത്തിക്കണമെന്ന തോന്നലിൽ നിരവധി ഷോർട്ട് ഫിലിമുകൾ ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. അപസ്മാരബാധിതരായ സ്ത്രീകൾ പ്രസവിക്കില്ല എന്ന തെറ്റിദ്ധാരണയ്ക്കെതിരേ തയാറാക്കിയതാണ് ‘മിഥ്യ’ എന്ന ഫിലിം. അപസ്മാരമുള്ള യുവതികളുടെ വിവാഹം മുടങ്ങാൻ പ്രധാന കാരണം അവർക്ക് പ്രസവിക്കാനാവില്ലെന്ന് ആരോ പറഞ്ഞുണ്ടാക്കിയ കെട്ടുകഥയാണ്. ഈ വിശ്വാസവുമായി സമീപിച്ച അപസ്മാരബാധിതർക്ക് പിൽക്കാലത്ത് രണ്ടും മൂന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടായ അനുഭവമാണ് ഡോക്ടർക്കു പറയാനുള്ളത്.
കൂടാതെ, ഗൈനക്കോളജി സംബന്ധമായ തെറ്റിദ്ധാരണകൾ തിരുത്താൻ സഹായകമായ ചെറുകുറിപ്പുകൾ ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. വ്യക്തിസ്വകാര്യതകളും തമാശകളും വിമർശനങ്ങളും പങ്കുവയ്ക്കാറുള്ള ഫേസ് ബുക്ക് പ്ലാറ്റ്ഫോമിൽ ഗൗരവതരമായ വിഷയം കുറിച്ചാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
എന്നാൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ജീവിതസംബന്ധിയായ വാസ്തവങ്ങളെ സമൂഹവുമായി പങ്കുവയ്ക്കാനുള്ള താത്പര്യം വർധിച്ചു. 21 വർഷത്തെ മെഡിക്കൽ ജീവിതത്തിനിടെ സാക്ഷ്യം വഹിച്ച നിരവധിയായ ചികിത്സാ അനുഭവങ്ങൾ രോഗികളുടെ യഥാർഥ പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിൽ എഴുതിത്തുടങ്ങി. വായനക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം നാൾ, നക്ഷത്രം, ജാതകം തുടങ്ങിയവയിലെ അബദ്ധവിശ്വാസങ്ങളിൽപ്പെട്ടുപോയ പല ദന്പതികൾക്കും ഇത് കാതലായ ബോധ്യങ്ങൾ പകർന്നു.
ഗർഭാശയ രോഗങ്ങളാലും മറ്റ് ആരോഗ്യപ്രശ്നങ്ങളാലും ചില സ്ത്രീകൾക്ക് പ്രസവിക്കാൻ പറ്റാതെവരുന്ന സാഹചര്യമുണ്ടാകാം. ഇത്തരം കാര്യങ്ങൾ മറച്ചുവച്ച് കല്യാണം നടത്തുന്ന മാതാപിതാക്കളുടെ എണ്ണം കുറവല്ല. കുട്ടികളുണ്ടാകാൻ പിന്നീട് ഇവർ പിന്നീട് പ്രാർഥനയും നേർച്ചകാഴ്ചകളും പൂജാവിധികളുമായി നടക്കും. പലപ്പോഴും രക്ഷിതാക്കളുടെ ഇത്തരം ചെയ്തികൾ കുടുംബ ജീവിതമാണ് തകർക്കുന്നത്. ഇവയേറെയും വിവാഹമോചനത്തിലാണ് അവസാനിക്കുക.
വിവാഹത്തിനൊരുങ്ങുന്ന യുവാവിനോ യുവതിക്കോ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ അതു മറച്ചുവയ്ക്കരുത്. രോഗാവസ്ഥയെക്കുറിച്ച് ഇരുകൂട്ടർക്കും മുൻകൂർ ധാരണയുണ്ടായാൽ കുടുംബജീവിതം സുഗമമായി മുന്നോട്ടുപോകും. ഇത്തരത്തിൽ മറച്ചുവയ്ക്കപ്പെടുന്ന രോഗങ്ങളെക്കുറിച്ച് വിദഗ്ധരായ ഡോക്ടർമാരുമായി സംവാദം എന്ന നിലയിലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.
രോഗാവസ്ഥയെക്കുറിച്ച് പങ്കാളിയോടോ കുടുംബാംഗങ്ങളോടോ പറയാൻ ധൈര്യമില്ലാത്തവർക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊടുക്കുകയാണ് സംവാദങ്ങളുടെ ലക്ഷ്യം. അർബുദം, മുഴ തുടങ്ങി വിവിധ കാരണങ്ങളാൽ ഗർഭാശയം നീക്കംചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ശരീരം രോഗലക്ഷണങ്ങൾ കാണിക്കുന്പോൾതന്നെ ചികിത്സ തുടങ്ങിയാൽ ഈ രോഗാവസ്ഥയിൽനിന്ന് രക്ഷപ്പെടാനാകും. എന്നാൽ ഇവയുടെ ആരംഭലക്ഷണം തിരിച്ചറിയാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാറില്ല. അതിനു കാരണം ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. ആരോഗ്യസംരക്ഷണത്തിൽ അവബോധം വളർത്തുകയാണ് യൂട്യൂബ് ചാനലിലൂടെ ഉദ്ദേശിക്കുന്നത്.
ഒരു കുഞ്ഞു ജനിക്കുകയെന്നത് ദന്പതികളുടെയും കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ഒപ്പം, പ്രതീക്ഷയും കരുതലുമാണ്. ഇവർക്ക് എക്കാലവും ഗൈനക്കോളജി ഡോക്ടർ പലപ്പോഴും ഈശ്വരതുല്യനായിരിക്കും. കാരണം, ഭ്രൂണം രൂപംകൊള്ളുന്നതു മുതൽ ശിശു ജനിക്കുംവരെയുള്ള ദിനങ്ങളിലെ ചികിത്സയും ആരോഗ്യപരിപാലനയും ഗൈനക്കോളജിസ്റ്റിന്റെ കരുതലിലാണ്. ഇതിനകം 15,000 പ്രസവങ്ങൾക്ക് ശുശ്രൂഷ ചെയ്ത അനുഭവങ്ങളാണ് ഡോ. റെജിക്കുള്ളത്.
ഗർഭകാലത്ത് പരിചരിച്ച ഡോക്ടർ ലേബർ റൂമിലും ഒപ്പമുണ്ടാകണമെന്ന ആഗ്രഹം പേറുന്നവരാണ് ദന്പതികൾ. പ്രസവത്തിനെത്തുന്പോൾ വിശ്വസ്തനായ സ്വന്തം ഡോക്ടർ അവധിയിലാണെന്നറിയുന്പോൾ മാനസികമായി അസ്വസ്ഥരാകാത്ത ഗർഭിണികൾ ഇല്ലെന്നു തന്നെപറയാം. കാരണം, ഫാമിലി ഡോക്ടർ വിശ്വാസവും ബലവുമാണ്.
അതേസമയം, ഗൈനക്കോളജി ഡോക്ടർമാരുടെ ത്യാഗപൂർണമായ ജീവിതത്തെക്കുറിച്ച് സമൂഹം പലപ്പോഴും ചിന്തിക്കാറില്ല. ഒരു പിറവിയുടെ സാക്ഷാത്കാരത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്നവരാണവർ. ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ‘എ ഡേ ഇൻ ദി ലൈഫ് ഓഫ് എ ഗൈനക്കോളജിസ്റ്റ്’ എന്ന ചെറുസിനിമ ചെയ്തത്. ഇതിൽ ഒരു ഗൈനക്കോളജി ഡോക്ടറുടെ ഒരു ദിവസമാണ് വരച്ചുകാട്ടുന്നത്.
കോട്ടയം നീണ്ടൂരാണ് ഡോ. റെജി ദിവാകറിന്റെ സ്വദേശം. അച്ഛൻ: പരേതനായ ദിവാകരൻ, അമ്മ: ചന്ദ്രമതി. ഭാര്യ: ഡോ. ശോഭശ്രീ. മക്കൾ: റാം കേശവ്, വൈഗാ ശോഭശ്രീ.
അരുണ് ടോം