അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്കരാക്കാനുള്ള സഹനപൂർണമായ അധ്വാനം.
ഇവരുടെ മൂത്ത മകൻ ഇക്കൊല്ലം പ്ലസ്ടുവിനും രണ്ടാമൻ പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ മികച്ച വിജയം നേടി. മൂന്നാമൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. എത്രത്തോളം അഭിനന്ദിക്കണം, ആദരിക്കണം ഈ മാതാപിതാക്കളെയും ഇവരുടെ മക്കളെയും.
നിഴൽപോലെ മാത്രം കാഴ്ചയുള്ള അച്ഛൻ. രാവിലെ സ്കൂളിലേക്കു പോകുന്നതിനു മുൻപ് മക്കളിലൊരാൾ അച്ഛന്റെ കൈപിടിച്ച് ലോട്ടറി വിൽപനയിൽ സഹായിക്കാൻ പോകും.
അവധി ദിവസങ്ങളിൽ പകലന്തിയോളം ഇവരിലൊരാൾ അച്ഛനോടൊപ്പം ലോട്ടറി വിറ്റു നടക്കും. വിൽക്കുന്ന ടിക്കറ്റിന്റെ പണം കൃത്യമായി ബാഗിൽ കരുതുന്നതും എണ്ണിത്തിട്ടപ്പെടുത്തുന്നതുമൊക്കെ മക്കൾതന്നെ. ഇവർ സ്കൂളിൽപോകുന്പോൾ അമ്മയാണ് അച്ഛന്റെ കൈപിടിക്കുക.
മുടന്തുള്ള സ്ത്രീയും കാഴ്ചപരിമിതിയുള്ള ഭർത്താവും വഴിയോരങ്ങളിലൂടെയും കവലകളിലൂടെയും നടന്നു മക്കളുടെ ഭാവിജീവിതം മെനയുകയാണ്. കരുതലായി കൊണ്ടുപോകുന്ന പൊതിച്ചോറ് ഒരേ ഇലയിൽനിന്ന് ഇരുവരും ഭക്ഷിക്കുന്നതും മഴയും വെയിലും വകവയ്ക്കാതെ യാചനാപൂർവം ലോട്ടറി ടിക്കറ്റ് നീട്ടുന്നതുമൊക്കെ ഇവരുടെ സഹനത്തിന്റെ ഒരു തലം മാത്രം.
വൈകുന്നേരങ്ങളിൽ വഴിയോരത്ത് ഉണക്കമീൻ വിൽക്കും. താൽപര്യക്കാർക്ക് ലോട്ടറിയും. ഇത്തരത്തിൽ ഓരോ ദിവസവും ലഭിക്കുന്ന തുച്ഛവരുമാനത്തിൽനിന്ന് ഭക്ഷ്യസാധനങ്ങളും പഠനസാമഗ്രികളും വാങ്ങിയാണ് വീട്ടിലേക്കുള്ള മടക്കം.
ഒരാളോടും പരിഭവം പറയാതെയും ഒരാളെയും കുറ്റം പറയാതെയും ഒരു പുഞ്ചിരി ഏവർക്കും സമ്മാനമായി നൽകിയുള്ള ജീവിതയാത്ര. ആരെങ്കിലും ആക്ഷേപിച്ചാലും അപമാനിച്ചാലും ഒരു വാക്ക് പ്രതികരിക്കാതെ ഇവർ മൗനം പാലിക്കുന്നു.
സന്പത്തും പ്രമാണിത്വവും ആരോഗ്യവുമാണ് സുഖത്തിനും സന്തോഷത്തിനും അടിസ്ഥാനമെന്നു കരുതിയാൽ അത് പൂർണമായി ശരിയല്ല. അവയൊക്കെ കരുതലായി വേണ്ടതുതന്നെ. എന്നാൽ നന്മയും സ്നേഹവും സമാധാനവും പ്രത്യാശയുമൊക്കെയാണ് ജീവിതത്തിന് സംതൃപ്തിയും അർഥവും പകരുന്നതെന്ന് ഈ കുടുംബം തന്നെ ഓർമിപ്പിക്കുന്നു.
പ്ലസ്ടു പാസായ മൂത്ത മകൻ ഇപ്പോൾ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പോവുകയാണ്. അവനു ഡോക്ടറാവണം. ജോലി നേടി അച്ഛനെയും അമ്മയെയും സംരക്ഷിക്കണം. ഇളയ സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം. ഈ മകൻ പങ്കുവയ്ക്കുന്ന ആഗ്രഹങ്ങൾ എത്രയോ ഹൃദ്യമാണ്. ഇവന്റെ ആദർശം എത്രയോ മഹത്തരമാണ്.
ഒട്ടേറെ യുവജനങ്ങൾ മദ്യത്തിനും കഞ്ചാവിനും മറ്റു ലഹരിക്കും അടിമപ്പെടുന്ന ഇക്കാലത്ത് ഈ പതിനേഴുകാരന്റെ സദ്സ്വഭാവം എത്രയോ മാതൃകാപരമാണ്.
റേഷനരിയും ഉണക്കമീനും ചമ്മന്തിയുമല്ലാതെ ഇവരുടെ വീട്ടിൽ സമൃദ്ധിയുടെ വിഭവങ്ങളൊന്നും പതിവില്ല. ഇടുങ്ങിയ മുറിയിലെ പഠനമേശയ്ക്ക് ചുറ്റുമിരുന്നാണ് മൂന്നു മക്കളുടെ പഠനം. ഇവർ പഠനോപകരണങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നു. വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിൽ റാന്തൽ വെളിച്ചത്തിലാണ് പഠനം. മൂന്നു പേരുടെയും ഉറക്കം നിലത്ത് പായ വിരിച്ചാണ്.
ബഹുനില രമ്യഹർമ്യങ്ങളിലെ ആഢംബര മുറികളിൽ ചേക്കേറുന്ന പല കുട്ടികളും ഇക്കാലത്ത് പലതരം പ്രശ്നങ്ങളിൽ ഉഴലുന്നവരാണ്. അവർക്ക് പഠിക്കാൻ വീട്ടിൽ നല്ല അന്തരീക്ഷമില്ലെന്നാണ് പരാതി. കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയും സ്നേഹവുമുണ്ടെങ്കിൽ എല്ലാത്തരം പരിമിതികളും ഇല്ലായ്മയുമൊക്കെ സന്തോഷമായി മാറുമെന്നതിന് തെളിവല്ലേ ഈ ലോട്ടറി വിൽപനക്കാരനും അദ്ദേഹത്തിന്റെ കുടുംബജീവിതവും.
ചെറിയ വീട്ടിൽ പരസ്പരം കണ്ടും അറിഞ്ഞും സംസാരിച്ചുമുള്ള ജീവിതം. അച്ഛന്റെ കൈപിടിക്കാനും വെളിച്ചമാകാനും മത്സരിക്കുന്ന മക്കൾ. അമ്മയ്ക്ക് വെള്ളം കോരിയും വിറകെടുത്തുകൊടുത്തും സഹായിക്കാൻ ഓടിയെത്തുന്ന മക്കൾ.
പരിമിതികളെയും ഇല്ലായ്മകളെയും നേരിട്ട് ജീവിതം മെനയാൻ അത്യധ്വാനം ചെയ്യുന്ന ഈ കുടുംബത്തിന്റെ പ്രയാണം ഏവർക്കും പാഠമാവേണ്ടതാണ്. പരിമിതികളെ എക്കാലത്തും നിശ്ചയദാർഢ്യത്തോടെ നേരിടണം. ദൈവാശ്രയത്വവും കഠിനാധ്വാനവും ബലമാക്കി ജീവിതമത്സരത്തെ നേരിടുന്ന ഇവരോരുത്തരും വലിയ സന്ദേശമാണ് പകരുന്നത്.
പി.യു. തോമസ്, നവജീവൻ