മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒരു രാജകീയ ഗേഹം വേറെയില്ല. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം നിരവധി തകര്‍ച്ചകളെ അതിജീവിച്ചാണ് നിലനില്‍ക്കുന്നത്.
14-ാം നൂറ്റാണ്ടിലാണ് വോഡയാര്‍ രാജാക്കന്മാര് ഇവിടെ ആദ്യ കൊട്ടാരം നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. ഒരു പഴയ കോട്ടയ്ക്കുള്ളില്‍ നിര്‍മിച്ച ഈ കൊട്ടാരം പലതവണ അഗ്നിബാധയ്ക്കിരയായി. തടി ഉപയോഗിച്ചായിരുന്നു കൊട്ടാരത്തിന്റെ നിര്‍മാണം. ഇതായിരുന്നു തീപിടിത്തത്തിനുള്ള പ്രധാന കാരണവും. 1638ല്‍ നടന്ന ഒരു വലിയ തീപിടിത്തത്തില്‍ കൊട്ടാരം ഏറെക്കുറെ പൂര്‍ണമായും നശിച്ചു.
ബ്രിട്ടീഷ് ശില്പി
പിന്നീട് പുനര്‍നിര്‍മിച്ചെങ്കിലും 1793ല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്നു കൊട്ടാരം വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു. എന്നാല്‍, ടിപ്പുവിന്റെ മരണത്തിനു ശേഷം വോഡയാര്‍ രാജവംശം കൊട്ടാരം ഒരിക്കല്‍കൂടി പണിതുയര്‍ത്തി. എന്നാൽ, നാശത്തിന്റെ കഥ അവസാനിച്ചിരുന്നില്ല. 1896ല്‍ രാജകുമാരി ജയലക്ഷ്മിഅമ്മണിയുടെ വിവാഹ സമയത്തു കൊട്ടാരം വീണ്ടും അഗ്നിക്കിരയായി.
ഇതേത്തുടര്‍ന്നു മഹാരാജ കൃഷ്ണരാജ വോഡയാര്‍ നാലാമനും അദ്ദേഹത്തിന്റെ അമ്മ മഹാറാണി കെമ്പേഞ്ചമ്മണി ദേവിയും ചേര്‍ന്നു ബ്രിട്ടീഷ് വാസ്തു ശില്പി ഹെന്റി ഇര്‍വിനെ പുതിയ കൊട്ടാരം നിർമിക്കാന്‍ ചുമതലപ്പെടുത്തി.
1897ല്‍ ആരംഭിച്ച കൊട്ടാര നിര്‍മാണം 1912ലാണ് പൂര്‍ത്തിയായത്. തീപിടിത്തത്തെ അതിജീവിക്കാന്‍ ഇത്തവണ കല്ലും ഇഷ്ടികയും കൂടുതലായായി ഉപയോഗിച്ചായിരുന്നു നിർമാണം. ഇന്തോ-സാരസെനിക് റിവൈവല്‍ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്. മൂന്നു നിലകളുള്ള ഈ കൊട്ടാരത്തിന്റെ മുകളില്‍ ചതുരശ്രാകൃതിയിലുള്ള ഗോപുരങ്ങളും ഗോപുരങ്ങളില്‍ താഴികക്കുടങ്ങളും ഉണ്ട്. കൊട്ടാരത്തിലേക്കു കയറുന്പോൾ ആദ്യം കാണുന്നത് അലങ്കാരങ്ങള്‍ നിറഞ്ഞ ഡര്‍ബാര്‍ ഹാളുകളാണ്.
വര്ണമയമായ കണ്ണാടി ടൈല്‍ വിരിച്ച കല്യാണമണ്ഡപം മറ്റൊരു പ്രത്യേകതയാണ്. വാതിലുകളിലെ കൊത്തുപണികളും സ്വര്‍ണ ആനയിരിപ്പടം, ചരിത്രം പറയുന്ന ചിത്രങ്ങള്‍ എന്നിവയും ശ്രദ്ധേയം. ദസറയുടെ സമയത്തു മാത്രം പ്രദര്‍ശിപ്പിക്കുന്ന രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ സിംഹാസനം കാണാന്‍ മാത്രം നിരവധി ആളുകളാണ് എത്തുന്നത്.
ദസറ ആഘോഷം
മൈസൂര്‍ കൊട്ടാരത്തിലെ ദസറ ആഘോഷം പ്രസിദ്ധമാണ്. 10 ദിനങ്ങളിലായി നടക്കുന്ന ആഘോഷത്തിൽ കൊട്ടാരത്തില്‍ വിപുലമായ അലങ്കാരങ്ങളും ജംബൂ സവാരി പോലുള്ള ചടങ്ങുകളും നടക്കുന്നു. എല്ലാ ഞായറാഴ്ചകളിലും പൊതു അവധിദിനങ്ങളിലും രാത്രി 97,000 ലൈറ്റുകള്‍കൊണ്ട് കൊട്ടാരം അലങ്കരിക്കുന്നു. സ്വര്‍ണപ്രഭയില്‍ ജ്വലിച്ചു നില്ക്കുന്ന കൊട്ടാരം ഒരു അസുലഭ കാഴ്ചയാണ്.
ഇനി മൈസൂര്‍ കൊട്ടാരത്തിന്റെ അധിപരായിരുന്ന വോഡയാര്‍ രാജാക്കന്മാരുടെ ചരിത്രത്തിലേക്ക് വരാം. ഗുജറാത്തിലെ ദ്വാരകയില്‍നിന്നു വന്ന തീര്‍ഥാടകരായ രണ്ടു രാജകുമാരന്മാരുമായി ബന്ധപ്പെട്ടതാണ് വോഡയാര്‍ രാജവംശത്തിന്റെ ഉത്ഭവ ചരിത്രം. മൈസൂരിലൂടെ സഞ്ചരിക്കുമ്പോള്‍ സ്ത്രീകളുടെ വിലാപം കുമാരന്മാരുടെ ശ്രദ്ധയില്‍പ്പെട്ടു.
മൈസൂര്‍ രാജാവിന്റെ മരണത്തെത്തുടര്‍ന്ന് അയല്‍ പ്രവിശ്യയായ കരഗഹള്ളിയുടെ ഭരണാധികാരി മൈസൂര്‍ പിടിച്ചടക്കി രാജകുമാരിയെ ബലമായി വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്നതായിരുന്നു സ്ത്രീകളുടെ വിലാപത്തിനു കാരണം.മൈസൂറിന്റെയും രാജകുമാരിയുടെയും രക്ഷ ഏറ്റെടുത്ത സഹോദരന്മാര് സൈന്യത്തെ സംഘടിപ്പിച്ച് കരഗഹള്ളിയുടെ ഭരണാധികാരിയെ വധിച്ചു.
ഈ ധീരതയ്ക്കും വിശ്വസ്തതയ്ക്കുമുള്ള നന്ദി അറിയിച്ചു കൊണ്ട് മൈസൂര്‍ രാജകുമാരി ദേവജമ്മിണി മുതിര്‍ന്ന രാജകുമാരന് യദുരായയെ വിവാഹം കഴിച്ചു. അങ്ങനെ യദുരായ വോഡയാര്‍ രാജവംശത്തിലെ ആദ്യ ഭരണാധികാരിയായി മാറി എന്നാണ് ചരിത്രം. എന്നാല്‍, ചില ചരിത്രകാരന്മാര് ഈ കഥ അംഗീകരിക്കുന്നില്ല.
വാസ്തവത്തില്‍ മൈസൂറിനെ ഒരു സാമന്ത രാജ്യത്തില്‍നിന്നു രാജ്യമാക്കി മാറ്റിയത് വംശത്തിലെ എട്ടാമത്തെ രാജാവായിരുന്ന രാജ വോഡയാര്‍ ഒന്നാമന് (1578-1617) ആണ്. തകര്‍ച്ചയിലായിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ രാജാവിനെ തോല്‍പ്പിച്ച് അദ്ദേഹം തലസ്ഥാനം മൈസൂറില്‍നിന്ന് ശ്രീരംഗപട്ടണയിലേക്കു മാറ്റി. ദസറ ആഘോഷം പുനരുജ്ജീവിപ്പിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ക്രിഷ്ണരാജ വോഡയാര്‍ രണ്ടാമന്റെ (1734-1766) സൈന്യാധിപനായിരുന്ന ഹൈദര്‍ അലിയും പിന്നീട് അദ്ദേഹത്തിന്റെ മകന് ടിപ്പു സുല്‍ത്താനും മൈസൂറിന്റെ ഭരണം ഏതാണ്ട് കൈയടക്കി. 1799ല്‍ ടിപ്പുവിന്റെ മരണശേഷം, അഞ്ച് വയസുള്ള രാജകുമാരന് കൃഷ്ണരാജ വോഡയര്‍ മൂന്നാമനെ (1799-1868) മൈസൂരിന്റെ ഭരണാധികാരിയായി നിയമിച്ചു.
അദ്ദേഹത്തിന്റെ പുത്രന് കൃഷ്ണരാജ വോഡയാര്‍ നാലാമന്റെ ഭരണകാലയളവായ 1895-1940 കാലഘട്ടത്തില്‍ മൈസൂര്‍ ഒരു ആധുനിക നഗരമായി വളര്‍ന്നു.1940ല്‍ കൃഷ്ണരാജ വോഡയാര്‍ നാലാമന്റെ മരണ ശേഷം ചാമരാജ വോഡയാര്‍ രാജവംശത്തിലെ 25-ാമത്തെയും അവസാനത്തെയും രാജാവായി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതോടെ രാജഭരണം അവസാനിക്കുകയും ചെയ്തു. വോഡയാര്‍ രാജാക്കന്മാരുടെ ഭരണം അവസാനിച്ചിട്ട് ഏഴു ദശാബ്ദം പിന്നിട്ടെങ്കിലും വോഡയാര്‍ രാജവംശത്തിന്റെ പ്രതീകമായി ഏഴു നൂറ്റാണ്ടിനിപ്പുറവും മൈസൂര്‍ കൊട്ടാരം നിലകൊള്ളുന്നു.
അജിത് ജി. നായർ