ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദേശം അഭിവൃദ്ധി പ്രാപിക്കുന്നത് മൂന്നാം നൂറ്റാണ്ടു മുതല്‍ ഏഴാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന പല്ലവ രാജവംശ കാലഘട്ടത്തിലാണ്. ഇക്കാലയളവില്‍ വിവിധ കലകളുടെയും വാസ്തുവിദ്യയുടെയും സാഹിത്യത്തിന്റെയും വിളനിലമായിരുന്നു മഹാബലിപുരം. എന്നാല്‍, അതിനും മുമ്പുതന്നെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ഒരു പ്രധാന തുറമുഖം കൂടിയായിരുന്നു.
ഖനനത്തിൽ ലഭിച്ച നാണയങ്ങളും പുരാവസ്തുക്കളും പല്ലവ സാമ്രാജ്യകാലഘട്ടത്തിനു മുമ്പുതന്നെ റോമാക്കാരുമായുള്ള കച്ചവടബന്ധത്തിന്റെ തെളിവായിരുന്നു. പൗരാണിക കാലഘട്ടത്തിലെ നാവികര്‍ മഹാബലിപുരത്തെ ഏഴു പഗോഡകളുടെ നാടായാണ് കണക്കാക്കുന്നത്. ബിസി 10,000നും 13,000നും മധ്യേ മഹാബലിപുരം ഒരു മഹാപ്രളയത്തെ നേരിട്ടെന്നാണ് ചില ചരിത്രകാരന്മാര് പറയുന്നത്.
പ്രളയസിദ്ധാന്തം
2002ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയുടെയും ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലുള്ള സയന്റിഫിക് എക്സ്പ്ലോറേഷന്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ഡൈവര്‍മാരുടെ ഒരു സംഘം മഹാബലിപുരത്തിന്റെ തീരത്തിനു സമീപം സമുദ്രാന്തര്‍ഭാഗത്തു ചില പഠനങ്ങള്‍ നടത്തി. വിവാദ ചരിത്രകാരനായ ഗ്രഹാം ഹാന്കോക്കായിരുന്നു പഠനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
പ്രളയ സിദ്ധാന്തത്തില്‍ മുമ്പേതന്നെ വിശ്വസിച്ചിരുന്ന അദ്ദേഹം ഈ പര്യവേക്ഷണത്തിനു ശേഷം തന്റെ വാദഗതികള്‍ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. മുങ്ങിപ്പോയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ സമുദ്രാന്തര്‍ ഭാഗത്തു കണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നേരത്തേ ഇക്കാര്യം പറയുമ്പോള്‍ ഒരു മിത്തായിട്ടാണ് ആളുകള്‍ കണ്ടിരുന്നതെന്നും എന്നാല്‍, ഇപ്പോള്‍ ആ മിത്ത് സത്യമായിരിക്കുകയാണെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.
വളരുന്നു
പ്രദേശത്തിനു പേരുവന്നതു സംബന്ധിച്ചു പലവിധ വാദങ്ങളുണ്ട്. ഏറ്റവും ജനപ്രിയമായത് ഹിന്ദു പുരാണത്തിലെ മഹാബലിയുമായി ബന്ധപ്പെട്ടാണ്. മഹേന്ദ്ര വര്മന് ഒന്നാമന്റെ ഭരണകാലയളവി (എഡി 600-630)ലാണ് മഹാബലിപുരം കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായി വളരുന്നത്.വിഖ്യാതനായ കവിയും നാടകരചയിതാവും വാഗ്മിയുമായിരുന്നു അദ്ദേഹം. നിരവധി നിര്‍മിതികളാണ് അദ്ദേഹത്തിന്റെ ഉത്സാഹം ഒന്നുകൊണ്ടു മാത്രം അന്നു യാഥാര്‍ഥ്യമായത്.
അദ്ദേഹത്തിന്റെ പുത്രനായ നരസിംഹ വര്‍മനും (എഡി 630-680) പിതാവിന്റെ അതേ ഗുണവിശേഷങ്ങളുള്ള വ്യക്തിയായിരുന്നു. പിന്നീടു വന്ന പല്ലവ രാജാക്കന്മാരും ഇതേ പാരമ്പര്യം തുടര്‍ന്നതോടെ ഒരു മഹത്തായ സംസ്കാരകേന്ദ്രമായി മഹാബലിപുരം വളർന്നു. (തുടരും).
അജിത് ജി. നായർ