എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി നിര്മിച്ചതാണ് കാഴ്ചയില് വിചിത്രമായ കിണറെന്നോ കുളമെന്നോ വിശേഷിപ്പിക്കാവുന്ന ഈ നിര്മിതി.
ഒരു കാലത്ത് മണ്ണിനടിയിലായിരുന്ന ഈ വാസ്തുവിസ്മയം ഏറെക്കാലത്തിനു ശേഷം വീണ്ടെടുക്കുകയായിരുന്നു. ഗുജറാത്തിലെ പഠാനില് സരസ്വതി നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന റാണി കി വാവ് പണികഴിപ്പിച്ചത് എഡി 1022നും 1063നും ഇടയിലാണെന്നു കരുതപ്പെടുന്നു.
കിണറാണെങ്കിലും,
പേരില് ഒരു കിണറാണെങ്കില് ഇന്ത്യയിലെ പൗരാണികമായ ക്ഷേത്രങ്ങളെയും മന്ദിരങ്ങളെയും വെല്ലുന്ന കൊത്തുപണികളാണ് റാണി കീ വാവിനെ ഉല്കൃഷ്ട സൃഷ്ടിയായി നിലനിര്ത്തുന്നത്. ഇതേ കാലഘട്ടത്തില് നിര്മിച്ച മൗണ്ട് അബുവിലെ വിമല വസാഹി ക്ഷേത്രവുമായി റാണി കി വാവിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്.
മാരു-ഗുര്ജാന വാസ്തുകലയുടെ മകുടോദാഹരണമാണ് റാണി കി വാവ്. പടിക്കിണര് നിര്മാണ വിദ്യയുടെ അവസാനവാക്ക് എന്നാണ് യുനസ്കോ റാണി കി വാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉള്ളിലേക്ക് ഒതുങ്ങിയിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയില് ഏഴു നിലകളിലായി നിര്മിക്കപ്പെട്ടിരിക്കുന്ന റാണി കി വാവിലെ കൊത്തുപണികളുടെ ശില്പചാരുത അവാച്യമാണ്.
ജലസംഭരണി
വ്യത്യസ്തമായ ജ്യാമിതീയ രൂപാകൃതമായ പടവുകള് സന്ദര്ശകരെ റാണി കി വാവിലേക്ക് നയിക്കുന്നു. പടവുകള് അവസാനിക്കുന്നിടത്ത് ആളുകളെ കാത്തിരിക്കുന്നത് നിരവധി കല്ത്തൂണുകൾ. ഏഴു നിലകളില് നാലാമത്തെ നിലയാണ് ഏറ്റവും ആഴമേറിയത്. ചതുരാകൃതിയിലുള്ള ജലസംഭരണിയിലേക്ക് ഇതു നയിക്കുന്നു. 9.5 മീറ്റര് നീളവും 9.4 മീറ്റര് വീതിയും കണക്കാക്കുന്ന ഈ ജലസംഭരണിയുടെ ആഴം 23 മീറ്ററാണ്.
500ല്പരം മഹാശില്പങ്ങളും 1000ല്പരം ചെറിയ ശില്പങ്ങളും റാണി കി വാവില് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ബ്രഹ്മാവ്, വിഷ്ണു, ശിവന്, ഗണപതി, സൂര്യന്, ഭൈരവന്, ലക്ഷ്മി, പാര്വതി തുടങ്ങിയ ഹിന്ദു ദേവതകളുടെ ശില്പങ്ങളും ഐതിഹ്യം, പ്രകൃതി തുടങ്ങിയ വിഷയങ്ങളില് അധിഷ്ഠിതമായ ശില്പങ്ങളും ഇവിടെ കാണാം.
വിഷ്ണുവിന്റെ ശില്പങ്ങള് എണ്ണത്തില് മറ്റുള്ളവയെ പിന്നിലാക്കുന്നു. കല്ക്കിയും നവഗ്രഹങ്ങളും അപ്സരുകളുമെല്ലാം ഇവിടെയുണ്ട്. സ്ത്രീകളുടെ ദിനചര്യയും ജീവിതവും പ്രതിപാദ്യവിഷയങ്ങളായ ശില്പങ്ങളുമുണ്ട്.
സ്ത്രീരൂപങ്ങൾ
കൊത്തുപണികളാല് സമ്പന്നമായ തൂണുകളിലെല്ലാം ദേവീദേവന്മാര് ഇടംപിടിച്ചിരിക്കുന്നു. തൂണുകളുടെ മുകള് ഭാഗത്തെല്ലാം സ്ത്രീരൂപങ്ങളാണുള്ളത്. സ്ത്രീകള് തങ്ങളുടെ ചുമലുകളില് മേല്ക്കൂരയെ താങ്ങി നിര്ത്തുന്ന രീതിയിലാണ് ഇവയുടെ നിര്മിതി.കൊത്തുപണികളാല് സമൃദ്ധമായ തൂണുകളാല് ഈ പടിക്കിണര് പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തൂണുകളുടെ താഴ്ഭാഗം ഒഴിച്ചിട്ട ശേഷം മുകള്ഭാഗം ശില്പാലംകൃതമാക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.
ഭിത്തികളില് നിറയെ വിഷ്ണുവിന്റെ അവതാരങ്ങളും അപ്സര കന്യകകളും അവരുടെ നൃത്തങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. നാഗകന്യക, യോഗിനി തുടങ്ങിയ ഐതിഹ്യ കഥാപാത്രങ്ങളെയും ഇവിടെ കാണാം. വേറെയും നിരവധി അവിസ്മരണീയ ശില്പങ്ങളുണ്ട്.
സരസ്വതി നദിയില് ഉണ്ടായ ഒരു വെള്ളപ്പൊക്കമാണ് റാണി കി വാവിനെ മണ്ണിനടിയിലാക്കിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ദശാബ്ദങ്ങള്ക്കു ശേഷമാണ് റാണി കി വാവിന് ഒരു പുനര്ജന്മം ഉണ്ടാകുന്നത്. 1940ലാണ് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ റാണി കി വാവിനെ വീണ്ടും വെളിച്ചത്തു കൊണ്ടുവരുന്നത്. 1980കളില് ഈ നിര്മിതിയെ പൂര്ണമായി വീണ്ടെടുക്കാന് എസ്ഐക്കു കഴിഞ്ഞു. 2014ല് യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയിലും റാണി കി വാവ് ഇടം നേടി.
അജിത് ജി. നായർ