ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ലെന്ന്! നൂറായിരം വർഷങ്ങളുടെ സംഗീതാനുഭവം പകരുന്നതാണ് കിഷോർ ഓർമ. ഇതാ, കോഴിക്കോട്ടെ വേദിയിൽ കിഷോർ കുമാറിനൊപ്പം ചുവടുവച്ച ഒരു ഫോട്ടോഗ്രാഫറുടെ സുന്ദരമായ അനുഭവകഥ...
കല്യാണവീടുകളിൽ സദ്യ വിളന്പാൻ ഉപയോഗിക്കുന്നതുപോലുള്ള ഇരുന്പുമേശ. കാലുകൾ മടക്കിയെടുക്കാവുന്ന ആ മേശയിൽ ഒരു സാധാരണ തുണിവിരിച്ച് അതിനു മുകളിൽ മൈക്ക് സ്റ്റാൻഡ് വച്ചിട്ടുണ്ട്. തീരെ ചെറുതാണ് സ്റ്റേജ്. ഉപകരണങ്ങളുമായി സംഗീതജ്ഞർ തൊട്ടുതൊട്ടിരിക്കുന്നു.
ഏതാണ്ടു നാലു പതിറ്റാണ്ടുമുന്പ് കോഴിക്കോട് സ്റ്റേഡിയത്തിൽ നടന്ന ആ സംഗീതപരിപാടി പ്രശസ്ത ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ മനസിൽ ഒരു ബഹുവർണ ചിത്രമായി തെളിഞ്ഞുനിൽക്കുന്നു. ശ്രോതാക്കൾ കാത്തുകാത്തിരുന്ന പ്രിയഗായകൻ അതാ എത്തുകയാണ്. കട്ടിക്കണ്ണടയും വലിയ രോമത്തൊപ്പിയും ധരിച്ച്, നീളമുള്ള മാലയണിഞ്ഞ്.. സ്വതസിദ്ധമായ ചിരിയുമായി ശ്രോതാക്കൾക്കിടയിലൂടെ മെല്ലെ നടന്ന്... സാക്ഷാൽ കിഷോർ കുമാർ!!
ആ നാലാമത്തെ പാട്ട്
ഒരു ഇംഗ്ലീഷ് ദിനപത്രത്തിനുവേണ്ടി ഫോട്ടോയെടുക്കാനാണ് അന്ന് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന മുസ്തഫ എത്തിയത്. പാട്ടിനോടുള്ള കന്പം അന്നുമുണ്ട്. അതുകൊണ്ടുതന്നെ അവിടെവന്ന മറ്റേതാനും ഫോട്ടോഗ്രാഫർമാർ തിടുക്കത്തിൽ ഫോട്ടോകളെടുത്തു മടങ്ങിയിട്ടും മുസ്തഫ സ്റ്റേജിന്റെ ഒരുവശത്തു നിന്നു.
ആദ്യത്തെ രണ്ടുപാട്ടുകൾക്കുശേഷം മുഹമ്മദ് റഫിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചുള്ള ഒരു ഗാനമാണ് കിഷോർ കുമാർ പാടിയത്. റഫി സാഹിബ് വിടപറഞ്ഞിട്ട് അന്ന് അധികകാലമായിട്ടില്ല.
നാലാമത്തെ പാട്ടു തുടങ്ങുംമുന്പ് കിഷോർ ശ്രോതാക്കളോടു പറഞ്ഞു- ഈ പാട്ടിൽ നിങ്ങൾ സ്റ്റേജിൽവന്ന് എന്റെയൊപ്പം നൃത്തംചെയ്യണം. പക്ഷേ പാട്ടുതുടങ്ങിയിട്ടും ആർക്കും അനക്കമില്ല.
പിന്നീടു നടന്നത് മുസ്തഫയുടെ വാക്കുകളിൽ:
പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് ഞാൻ സ്റ്റേജിന്റെ ഒരു വശത്തുതന്നെ നിൽക്കുകയാണ്. കൈയിൽ കാമറയുണ്ട്. എനിക്കാണെങ്കിൽ ഡാൻസ് ചെയ്യാനും ഭയങ്കര ഇഷ്ടമാണ്. കിഷോർ വിളിച്ചിട്ട് ആരും വരാതായപ്പോൾ കാമറ എന്റെയൊരു സുഹൃത്തിന്റെ കൈയിൽ കൊടുത്തു. നേരേ കിഷോറിന്റെ അടുത്തേക്ക് ചെന്നു.
ഞാനും കിഷോറും ഒരുമിച്ച് ഡാൻസ് ആയി. അദ്ദേഹമത് ചിരിയോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകണ്ട് മൂന്നുനാലു ചെറുപ്പക്കാർ ആവേശത്തോടെ സ്റ്റേജിൽ കയറിവന്നു. അത്രയ്ക്കുണ്ടായിരുന്നു കിഷോർ സൃഷ്ടിച്ച ഓളം. പിന്നെ അവരും കിഷോറും കൂടിയായി ഡാൻസ്. മെല്ലെ പിന്നിലേക്കു നീങ്ങി എന്റെ കാമറ തിരികെവാങ്ങി ആ ആവേശചിത്രം പകർത്തി.
ഒരു ഫാസ്റ്റ് നന്പറായിരുന്നെങ്കിലും ഏതായിരുന്നു കിഷോർ പാടിയ ആ പാട്ടെന്ന് കൃത്യമായി ഓർമയില്ല. അതിലെനിക്ക് ഇപ്പോൾ വലിയ സങ്കടം തോന്നുന്നു. മേരേ സപ്നോം കി റാണി ആയിരുന്നോ എന്നു സംശയമുണ്ട്.
അന്ന് യാഷിക 120 കാമറയാണ് എന്റെ കൈയിൽ. 12 ചിത്രങ്ങളേ ഒരു റോളിൽ എടുക്കാനാവൂ. ഫിലിമിനൊക്കെ വലിയ വിലയുള്ള കാലമാണല്ലോ. മൂന്നേമൂന്നു ക്ലിക്കുകളേ ഞാൻ ചെയ്തുള്ളൂ- മുസ്തഫ പറയുന്നു.
അതു കാലത്തെ തോൽപ്പിക്കുന്ന ചിത്രങ്ങളായി. കിഷോർ കുമാറിനൊപ്പം അന്ന് പത്നി ലീന ചന്ദ്രവർക്കറും മകൻ അമിത് കുമാറും കോഴിക്കോട്ടെത്തിയിരുന്നു. ആയിരങ്ങളാണ് ഗാനമേള ആസ്വദിക്കാൻ എത്തിയത്.
പാട്ടിനെ പടങ്ങളാക്കിയയാൾ
പി. മുസ്തഫ പിന്നീട് കേരളകൗമുദി, മലയാള മനോരമ പത്രങ്ങളുടെ ഫോട്ടോഗ്രാഫറായി രാജ്യത്തിന്റെ പലയിടങ്ങളിൽ പ്രവർത്തിച്ചു. അപൂർവങ്ങളായ ഒട്ടേറെ നിമിഷങ്ങൾ കാമറയിൽ പകർത്തി. നിരവധി അംഗീകാരങ്ങൾ നേടി. 2011ൽ ജോലിയിൽനിന്നു വിരമിച്ചെങ്കിലും ഫോട്ടോഗ്രഫി രംഗത്ത് സജീവം. മീഡിയ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുവേണ്ടി ക്ലാസുകളെടുക്കുന്നു.
ചാലപ്പുറം മൂരിയാട് താമസിക്കുന്ന അദ്ദേഹത്തിന് കോഴിക്കോടിന്റെ സംഗീതപാരന്പര്യം ഹൃദയത്തിലലിഞ്ഞതാണ്. റഫിയോടും കിഷോറിനോടും ഇഷ്ടം അല്പം കൂടും. ഇരുവരുടെയും വൈവിധ്യത്തോട് അപാരമായ ആരാധന. സംഗീതവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെ മാത്രമായുള്ള പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
വിഖ്യാതരായ മൈക്കിൾ ജാക്സണ്, യാനി, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, ലതാ മങ്കേഷ്കർ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. ദുബായ്, ഷാർജ എന്നിവിടങ്ങളും ഈ അപൂർവ ഫോട്ടോ പ്രദർശനത്തിനു വേദിയായി.
അഭിമാനദിനം
കിഷോർകുമാറിന്റെ ജന്മദിനം ഇന്ന് അദ്ദേഹത്തിന്റെ സ്വദേശമായ ഖാണ്ഡ്വയിൽ ഗംഭീരമായി ആഘോഷിക്കും. മധ്യപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിലുള്ള പരിപാടികൾക്ക് ഇന്നലെത്തന്നെ തുടക്കമായി. ഗൗരവ് ദിവസ് എന്ന പേരിലാണ് ആഘോഷം. പരിപാടികൾ നാളെ സമാപിക്കും. നഗരത്തിലെ ബോംബെ ബസാറിലുള്ള കിഷോർദായുടെ വീടു സന്ദർശിക്കാൻ രാജ്യമെന്പാടുനിന്നുമുള്ള ആരാധകർ എത്തുന്നുണ്ട്.
ഹരിപ്രസാദ്