"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മുകൾഭാഗത്തെ ഇടതുവശം തകരുന്നതുകണ്ടു. മുകൾത്തട്ട് ശക്തമായ കാറ്റിൽ ചിതറിപ്പറിഞ്ഞു പോവുകയാണ്. ചെറിയ ഒരു ദ്വാരത്തിൽനിന്നാണ് ഇതാരംഭിച്ചത്. പൊടുന്നനെ അതു പൊട്ടിത്തകരാൻ തുടങ്ങി.
മേൽക്കൂരയില്ലാത്ത വിമാനത്തിൽ അന്തരീക്ഷത്തിൽ ഇരിക്കുന്നതുപോലെ. ആളുകൾ അലറിവിളിച്ചു കരയാൻ തുടങ്ങി...’ - അലോഹ എയർലൈൻസ് വിമാനം അപകടത്തിൽപ്പെടുന്പോൾ പിൻഭാഗത്തിരുന്ന യാത്രക്കാരനായ എറിക് ബെക്ക് ലിന്റെ വാക്കുകളാണിത്.
ബെക്ക് ലിന്റെ ഈ വാക്കുകൾ കൊണ്ടെത്തിക്കുന്നത് ഒരു വിമാന അപകടത്തിന്റെ ഞെട്ടിക്കുന്ന ഓർമകളിലേക്കാണ്. 36 വർഷം മുന്പു നടന്ന, ലോക വ്യോമയാനചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്നതും അത്യപൂർവവുമായ അപകടം. ഫ്യൂസ്ലേജിന്റെ (വിമാനത്തിന്റെ ചട്ടക്കൂട്) മുകൾ ഭാഗം തകർന്നു പോയിട്ടും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു എന്നത് ഇന്നും വ്യോമയാന ചരിത്രത്തിലെ അദ്ഭുതമാണ്.
അസ്വാഭാവിക ശബ്ദം
1988 ഏപ്രിൽ 28ന്, അമേരിക്കയിലെ ഹിലോയിൽനിന്നു ഹവായിയിലെ ഹോണോലുലുവിലേക്കു പറക്കുകയായിരുന്നു അലോഹ എയർലൈൻസിന്റെ ഇരട്ട എൻജിനുള്ള ഫ്ലൈറ്റ് 243, ബോയിംഗ് 737 വിമാനം. 89 യാത്രക്കാരും ആറു ജീവനക്കാരുമുൾപ്പെടെ 95 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളായിരുന്നു അവരിലധികവും. ആനന്ദനിമിഷങ്ങളിലൂടെ അവർ തങ്ങളുടെ യാത്ര തുടർന്നു.
വിമാനം പറന്നുയർന്നിട്ട് 20 മിനിറ്റുകൾ കഴിഞ്ഞു. പസഫിക് സമുദ്രത്തിന് മുകളിലൂടെ 24,000 അടി ഉയരത്തിൽ പറക്കുന്പോൾ വിമാനത്തിൽനിന്ന് എന്തോ ശബ്ദം യാത്രക്കാർ കേട്ടു. അതു വിമാനത്തിന്റെ ചട്ടക്കൂടിൽനിന്നുള്ളതായിരുന്നു. എന്തോ പൊട്ടിപ്പൊളിയുന്ന പോലുള്ള ആ ശബ്ദം.
യാത്രക്കാരുടെ നെഞ്ചിൽ ഭയമായി എരിയാൻതുടങ്ങി. എന്താണു സംഭവിക്കാൻ പോകുന്നതെന്നു തിരിച്ചറിയും മുന്പ് വിമാനത്തിന്റെ ചട്ടക്കൂടിന്റെ മുൻവശത്തെ മേൽക്കൂരഭാഗം ഇളകിപ്പറിഞ്ഞു പോകാൻ തുടങ്ങി. പൈലറ്റുമാർ ഇരിക്കുന്ന കോക്പിറ്റ് കഴിഞ്ഞുള്ള ഭാഗമാണു ചിതറിപ്പറിഞ്ഞു പോകുന്നത്. മേൽക്കൂര തകർന്നതും വിമാനത്തിനുള്ളിലേക്കു അതിശക്തമായ കാറ്റ് പാഞ്ഞുകയറി.
ആ സമയം തന്റെ യാത്രക്കാർക്കു നിർദേശങ്ങൾ നൽകിയിരുന്ന എയർ ഹോസ്റ്റസ് ക്ലാരബെല്ലെ ലാൻസിംഗ് ശക്തമായ കാറ്റിൽ പുറത്തേക്കു പറന്നുപോയി. അതോടെ, തങ്ങളും ഇതുപോലെ കാറ്റിൽ പറന്നുപോകുമോ എന്ന് എല്ലാവരും ഭയന്നു. വിമാനത്തിനുള്ളിൽ കൂട്ടക്കരച്ചിലും ബഹളവും.
മനസു പതറാതെ പൈലറ്റ്
9,000 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള 44കാരനായ പൈലറ്റ് റോബർട്ട് ഷോൺസ്തീമർ ഫസ്റ്റ് ഓഫീസറിൽനിന്നു വിമാനത്തിന്റെ പൂർണനിയന്ത്രണം ഏറ്റെടുത്തു. അതിസമർഥനായ പൈലറ്റിന്റെ അനുഭവസന്പത്തും മനക്കരുത്തും 94 പേരുടെ ജീവനാണു രക്ഷിച്ചത്.
അപകടം സംഭവിച്ച് 13 മിനിറ്റുകൾക്കുള്ളിൽ മൗയിയിലെ വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കാൻ പൈലറ്റിനു കഴിഞ്ഞു. ഏതു നിമിഷവും ചിന്നിച്ചിതറാം എന്ന അവസ്ഥയിൽനിന്നാണ് വിമാനം ഷോൺസ്തീമർ എന്ന അസാമാന്യ വൈമാനികൻ അദ്ഭുതകരമായി നിലത്തിറക്കിയത്.
അപകടത്തിൽപ്പെട്ട വിമാനം കണ്ട ആർക്കും ആ രക്ഷപ്പെടൽ വിശ്വസിക്കാനായില്ല. വിമാനത്തിന്റെ മേൽക്കൂര ചിന്നിച്ചിതറി പറന്നുപോയിരിക്കുന്നു. എട്ടു പേർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടാണ് യാത്രക്കാർക്കു രക്ഷപ്പെടാൻ കഴിഞ്ഞത്.
അപകടത്തിൽ എയർ ഹോസ്റ്റസ് ക്ലാരബെല്ലെ ലാൻസിംഗ് മാത്രമാണു മരിച്ചത്. വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ക്ലാരബെല്ലയെ കണ്ടെത്താൻ കഴിഞ്ഞില്ല.പുറപ്പെടുന്നതിനു മുന്പ് യാത്രക്കാരിലൊരാൾ വിമാനത്തിന്റെ ചട്ടക്കൂടിൽ ചെറിയൊരു സുഷിരം കണ്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിലുമുണ്ട്.
ഇതാണ് ശക്തമായ കാറ്റിൽ വിള്ളലായി വളർന്ന് അവസാനം വിമാനത്തിന്റെ മേൽഭാഗം തന്നെ തകർത്തത്. ടേക്ക് ഓഫ് ചെയ്യുന്നതിനു മുമ്പ് യാത്രികൻ സുഷിരത്തിന്റെ കാര്യം ജീവനക്കാരോടു പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു.
പി.ടി. ബിനു