വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംഗീതത്തെയും നൃത്തത്തെയും സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വേറെയും. മന്ദിരത്തിന്റെ വാസ്തു വൈദഗ്ധ്യം തന്നെയാണ് ഏറ്റവും ആകര്‍ഷണീയം.
(കഴിഞ്ഞ ലക്കം തുടർച്ച)
1914ല്‍ തോമസ് ബ്രോക്ക് എന്ന ശില്പിയെ സമീപിച്ച കഴ്സണ് പ്രഭു വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ശില്പം നിര്‍മിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ മെമ്മോറിയല്‍ രൂപകല്പന ചെയ്ത ശില്പിയായിരുന്നു ബ്രോക്ക്.
സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്നത് ബ്രോക്ക് നിര്‍മിച്ച ഈ ശില്പമാണ്. മ്യൂസിയമായ ഇവിടെ റോയല്‍ ഗാലറി, ദി നാഷണല്‍ ലീഡേഴ്സ് ഗാലറി, ദി പോര്‍ട്രെയ്റ്റ് ഗാലറി, സെന്‍ട്രല്‍ ഹാള്‍, ദി സ്കള്‍പ്ച്ചര്‍ ഗാലറി, ആര്‍മറി ഗാലറി, കോല്‍ക്കത്ത ഗാലറി എന്നിങ്ങനെ 25 ഗാലറികളാണുള്ളത്.
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംഗീതത്തെയും നൃത്തത്തെയും സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വേറെയും. മന്ദിരത്തിന്റെ വാസ്തു വൈദഗ്ധ്യം തന്നെയാണ് ഏറ്റവും ആകര്‍ഷണീയം.
ബ്രിട്ടീഷ് ഭരണകാലത്തെ ചിത്രങ്ങള്‍, ആയുധങ്ങള്‍, ഭൂപടങ്ങള്‍, നാണയങ്ങള്‍, തപാലുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. സ്വാതന്ത്ര്യാനന്തരം ചില കൂട്ടിച്ചേര്‍ക്കലുകളും ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയുണ്ടായതാണ് കോല്‍ക്കത്ത ഗാലറി.
സഞ്ചാരികൾ ഒഴുകുന്നു
1970കളുടെ മധ്യത്തിലാണ് കോല്‍ക്കത്തയുടെ സാംസ്കാരിക പൈതൃകം ധ്വനിപ്പിക്കുന്ന ഒരു ഗാലറിയെക്കുറിച്ചു ചര്‍ച്ചകളുയര്‍ന്നത്. തുടര്‍ന്ന് 1986ല്‍ അന്നത്തെ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി സയിദ് നൂറുള്‍ ഹസന് മുന്‍ കൈയെടുത്തു കോല്‍ക്കത്ത ഗാലറി യാഥാർഥ്യമാക്കി. 1992ല്‍ ഇതു തുറന്നുകൊടുത്തു.
ഉദ്യാന പരിപാലനത്തിനായി 21 പേർ ഇവിടെയുണ്ട്. വിക്ടോറിയ രാജ്ഞിയുടെ വെങ്കല പ്രതിമ ഉദ്യാനത്തിലാണ്.
വാറന്‍ ഹേസ്റ്റിംഗ്സ്, ചാള്‍സ് കോണ്‍വാലിസ്, റോബര്‍ട്ട് ക്ലൈവ് തുടങ്ങിയവരുടെയും പ്രതിമകള്‍ ഉദ്യാനത്തിന്റെ പല ഭാഗങ്ങളിലായി കാണാം. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഗാലറി സന്ദര്‍ശിക്കാനുള്ള സമയം. അതേസമയം, രാവിലെ 5.30 മുതല്‍ ഉദ്യാനത്തില്‍ പ്രവേശനമുണ്ട്.
അജിത് ജി. നായർ