വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം ഇക്കാലയളവില്‍ ബ്രിട്ടീഷുകാര്‍ മനോഹരങ്ങളായ മന്ദിരങ്ങള്‍ പണിതുയര്‍ത്തി. ഇന്ത്യയിലും ഇത്തരത്തിലുള്ള ധാരാളം മന്ദിരങ്ങള്‍ അക്കാലത്ത് ഉയര്‍ന്നു.
1837-1901 വരെയായിരുന്നു വിക്ടോറിയന്‍ കാലഘട്ടമെങ്കിലും അതിനു ശേഷവും വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി ബ്രിട്ടീഷുകാര്‍ നിരവധി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു.
അതില്‍ ഏറ്റവും പ്രശസ്തമായ നിര്‍മിതിയാണ് കോല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍. ഒരു രാജകുടുംബാംഗത്തിനായി ലോകത്തു നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നെന്ന ബഹുമതിയും വിക്ടോറിയ മെമ്മോറിയലിനുണ്ട്. ഹൂഗ്ലി നദിക്കരയിലെ വിശാലമായ മൈതാനത്താണ് വിക്ടോറിയ മെമ്മോറിയല്‍.
64 ഏക്കര്‍ വിസ്തൃതിയുള്ള ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം കോല്‍ക്കത്തയുടെ പച്ചപ്പ് നിറഞ്ഞ ശ്വാസകോശം കൂടിയാണ്. ഇന്തോ-സാരസെനിക് ശൈലിയിൽ തീർത്ത മന്ദിരം ഇന്നു മ്യൂസിയം കൂടിയാണ്. സാംസ്കാരിക മന്ത്രാലയത്തിന്റെ സംരക്ഷണത്തിലാണിത്.
15 വർഷം
1901ല്‍ വിക്ടോറിയ രാജ്ഞിയുടെ ഒാർമയ്ക്കായി സ്മാരകം നിര്‍മിക്കാമെന്ന ആശയം ബംഗാള്‍ വിഭജനത്തിലൂടെ കുപ്രസിദ്ധനായ കഴ്സണ് പ്രഭുവിന്റേതായിരുന്നു. 1906ല്‍ നിര്‍മാണം ആരംഭിച്ച സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് അന്നത്തെ വെയിൽസ് രാജകുമാരന് (ജോര്‍ജ് അഞ്ചാമന് രാജാവ്) ആയിരുന്നു.
ബ്രിട്ടീഷ് ശൈലിയിലുള്ള നിര്‍മാണത്തിനു പേരു കേട്ട ശില്പിയായ സര് വില്യം എമേഴ്സണാണ് മന്ദിരം രൂപകല്പന ചെയ്തതും നിർമാണ മേല്‍നോട്ടം വഹിച്ചതും. 15 വര്‍ഷങ്ങള്‍ക്കു ശേഷം 1921ലാണ് നിര്‍മാണം പൂര്‍ത്തിയായത്. ഏകദേശം 10,50,000 പൗണ്ട് ആയിരുന്നു അന്നത്തെ നിര്‍മാണച്ചെലവ്. ആ വര്‍ഷം ഡിസംബറില്‍ അന്നത്തെ വെയിൽസ് രാജകുമാരന് (എഡ്വാര്‍ഡ് എട്ടാമന് രാജാവ്) സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
ഉദ്യാനങ്ങള്‍ രൂപകല്പന ചെയ്തത് ലോര്‍ഡ് റിഡെസ്ഡെയ്ൽ, ഡേവിഡ് പെയ്ന് എന്നിവരാണ്. ഉദ്യാനകവാടങ്ങളും മറ്റും രൂപകല്പന ചെയ്തതാവട്ടെ എമേഴ്സന്റെ സഹായിയായിരുന്ന വിന്‍സെന്റ് ജെറോം എഷും.
ഉജ്വല താഴികക്കുടമാണ് ഏറ്റവും വലിയ ആകർഷണം. താഴികക്കുടത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന "ദി എയ്ഞ്ചല്‍ ഓഫ് വിക്ടറി' എന്ന സുന്ദരശില്പം മന്ദിരത്തിന്റെ മനോഹാരിത അനുപമമാക്കുന്നു. 16അടി (4.9 മീറ്റര്‍) ഉയരമുള്ള ഈ പ്രതിമ നിര്‍മിച്ചത് വിന്‍സെന്റ് ജെറോം എഷാണ്.
വിക്ടോറിയ രാജ്ഞിയുടെ രണ്ട് പ്രതിമകള്‍ ഇവിടെയുണ്ട്. 1897ല്‍ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലി ആഘോഷിക്കുന്നതിന്റെ ഓര്‍മയ്ക്കായി കോല്‍ക്കത്തയില്‍ ഒരു പ്രതിമ നിര്‍മിക്കാന്‍ ജോര്‍ജ് ഫ്രാംപ്ടണെ ചുമതലപ്പെടുത്തിയിരുന്നു.
പ്രായമായ രാജ്ഞി വിക്ടോറിയ നക്ഷത്രങ്ങള്‍ തുന്നിച്ചേര്‍ത്ത വസ്ത്രമണിഞ്ഞു കിരീടവും ചെങ്കോലുമായി സിംഹാസനത്തില്‍ ഇരുന്നു തന്റെ സാമ്രാജ്യത്തെ വീക്ഷിക്കുന്ന വെങ്കലപ്രതിമയായിരുന്നു അത്. 1902ല്‍ ഈ പ്രതിമ കോല്ക്കത്തയിലെത്തിച്ചു. ലോര്‍ഡ് കഴ്സണ് മൈതാനിയില്‍ അനാവരണം ചെയ്തു. (തുടരും)
അജിത് ജി. നായർ