ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക്കൾ ഗവേഷകർക്ക് അദ്ഭുതമായി! കാരണം കപ്പൽ തകർന്നത് രണ്ടായിരം വർഷം മുന്പാണ്! കേടുപാടുകൾ സംഭവിക്കാത്ത ചില്ലു പാത്രങ്ങൾക്കൊപ്പം അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന നിരവധി വസ്തുക്കൾ പര്യവേക്ഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.
കാപ്പോ കോർസോ-2 എന്നു വിളിക്കുന്ന റോമൻ കപ്പൽ ഫ്രാൻസിന്റെ കേപ് കോർസോ ഉപദ്വീപിനും ഇറ്റലിയിലെ കാപ്രി ദ്വീപിനും ഇടയിൽ ഉപരിതലത്തിൽനിന്ന് 1,148 അടി താഴ്ചയിലാണു മുങ്ങിക്കിടക്കുന്നത്.
കണ്ടെത്തുന്നത് 2012ൽ
ഇറ്റലിയിലെയും ഫ്രാൻസിലെയും സമുദ്ര പുരാവസ്തു ഗവേഷകരാണു പര്യവേക്ഷണം ചെയ്തത്. എൻഷ്യന്റ് ഗ്ലാസ്, മറൈൻ ഇക്കോളജി, അണ്ടർവാട്ടർ കൺസർവേഷൻ എന്നീ മേഖലയിലെ വിദഗ്ധർക്കൊപ്പം മറ്റു ഗവേഷകരും പഠനത്തിൽ പങ്കാളികളാണ്. 2012ൽ എൻജിനിയറായ ഗൈഡോ ഗേയാണ് ഈ അവശിഷ്ടം ആദ്യമായി കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകർ 2013ൽ സൈറ്റിന്റെ പ്രാഥമിക സർവേ പൂർത്തിയാക്കി.
2015ലാണ് വിശദമായ ഗവേഷണം തുടങ്ങുന്നത്. ആർതർ, ഹിലേറിയൻ എന്നു പേരുള്ള രണ്ട് റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളുകൾ ഉപയോഗിച്ചു കപ്പൽ മുങ്ങിക്കിടക്കുന്ന മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്തി. സൈറ്റിന്റെ സ്കാൻ നടത്തി. കാലാന്തരത്തിൽ സമുദ്രയാനത്തിനു സംഭവിച്ച മാറ്റങ്ങൾ വിലയിരുത്തി. ആർതറിൽ ഘടിപ്പിച്ചിട്ടുള്ള മൗണ്ടഡ് ക്ലോ സിസ്റ്റം ഉപയോഗിച്ചാണ് കപ്പലിൽനിന്നു പുരാവസ്തുക്കൾ വീണ്ടെടുത്തത്.
ഒന്നാം നൂറ്റാണ്ടിലേത്!
രണ്ട് വെങ്കല ബേസിനുകൾ, ആംഫോറെ എന്നു വിളിക്കുന്ന വെങ്കലയുഗത്തിലെ ചില ഭരണികൾ, പാത്രങ്ങൾ, കപ്പുകൾ, കുപ്പികൾ, പ്ലേറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഗ്ലാസ് ടേബിൾവെയർ വസ്തുക്കളുടെ ഒരു വലിയ ശേഖരമാണ് റോബോട്ടുകളുടെ സഹായത്താൽ ഗവേഷകർ കരയിലെത്തിച്ചത്.
അസംസ്കൃത ഗ്ലാസ് ബ്ലോക്കുകളും വീണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. ഇറ്റലിയിലെ ലബോറട്ടറിയിൽ പുരാവസ്തുക്കളെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുകയാണ്. പുരാവസ്തുക്കൾ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിർമിക്കപ്പെട്ടവയാണെന്നു കണക്കാക്കുന്നു.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, മധ്യധരണ്യാഴിയുടെ കിഴക്കൻ തീരത്തെ ഏതെങ്കിലുമൊരു തുറമുഖത്തുനിന്നാണ് കപ്പൽ യാത്ര പുറപ്പെട്ടതെന്നു ഗവേഷകർ അനുമാനിക്കുന്നു. സിറിയ അല്ലെങ്കിൽ ലെബനനിൽനിന്ന് ഫ്രഞ്ച് തീരത്തേക്കായിരുന്നു സഞ്ചാരം. മെഡിറ്ററേനിയൻ വ്യാപാര ചരിത്രത്തെക്കുറിച്ചു വിവരങ്ങൾ നൽകാൻ കണ്ടെത്തലുകൾക്കു കഴിയുമെന്നാണ് പ്രതീക്ഷ.