മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക് എന്നും അദ്ഭുതമാണ്. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക എതാണ്ടു പൂർണമായും മഞ്ഞുമൂടിക്കിടക്കുന്നു. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന ഹിമപാളികളുടെ ശരാശരി കനം 1.6 കിലോമീറ്റർ ആണെന്നു ഗവേഷകർ. ഗവേഷണാവശ്യങ്ങൾക്കു മാത്രമായാണ് മനുഷ്യൻ ഇവിടെ താമസിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങൾക്ക് ഈ ഭൂഖണ്ഡത്തിൽ ഗവേഷണകേന്ദ്രങ്ങളുണ്ട്.
മഞ്ഞിനെ തോൽപിച്ച്
മഞ്ഞിൽ ജീവിക്കാൻ ശേഷിയുള്ള ജീവജാലങ്ങൾ മാത്രമാണ് ഈ ഹിമഭൂഖണ്ഡത്തിലുള്ളത്. എന്നാൽ, സമീപകാലത്ത് അന്റാർട്ടിക്കയിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങ് വർധിച്ചതായി പുതിയ പഠനങ്ങൾ പറയുന്നു. യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ കൂടുതൽ ചെടികൾ വളരുന്നതായാണു കണക്ക്. കഴിഞ്ഞ 30 വർഷങ്ങളിലെ മാറ്റം പരിശോധിച്ചാണ് ഗവേഷകർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മഞ്ഞുമൂടിയ കഠിന സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തിയുള്ള പായലുകളാണ് ഇവിടെ കണ്ടെത്തിയ സസ്യങ്ങളിൽ പ്രധാനപ്പെട്ടത്.
1986-2021 കാലയളവിൽ അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ കാര്യമായി വർധിച്ചു. ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് അന്റാർട്ടിക് ഉപദ്വീപിന്റെ "ഗ്രീൻ റേറ്റ്' ഗവേഷകർ കണക്കാക്കിയത്. മാത്രമല്ല, 2016-2021 കാലയളവിൽ കടൽ ഐസ് വിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായതായും പഠനം പറയുന്നു. അന്റാർട്ടിക്കയിൽ വ്യാപകമായ ഈ പച്ചപുതയ്ക്കൽ ദ്രുതഗതിയിലാണു സംഭവിക്കുന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇത് ഇവിടുത്തെ പ്രകൃതിയെ ഏതു രീതിയിൽ പരിവർത്തനം ചെയ്യുമെന്നതും പഠന വിഷയമാണ്.
പി.ടി. ബിനു