ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്ത്രം അഥവാ ഉപകരണം എന്നും മന്തര്‍ എന്നാല്‍ 'കണക്കുകൂട്ടുക' എന്നുമാണ് അർഥം. നഗ്നനേത്രങ്ങൾകൊണ്ട് ഉപയോഗിക്കാൻ രൂപകല്പന ചെയ്ത, കല്ലുകൊണ്ട് നിർമിച്ച ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ഒരു സമുച്ചയം ആണ് ജന്തർ മന്തർ. ഇന്ത്യയിൽ അഞ്ച് ജന്തർ മന്തറുകൾ ഉണ്ടെങ്കിലും ഏറ്റവും മികച്ചത് ജയ്പുരിലേതാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്.
ജയ്പുർ ജന്തർ മന്തർ
18-ാം നൂറ്റാണ്ടില്‍ മഹാരാജ സവായ് ജയ്സിംഗ് രണ്ടാമനാണ് ജന്തര്‍ മന്തര്‍ പണികഴിപ്പിച്ചത്. 1724 മുതല്‍ 1734 വരെയുള്ള കാലയളവിലായിരുന്നു നിര്‍മാണം. ഡല്‍ഹി, ഉജ്ജയ്ൻ, വാരാണസി, മഥുര എന്നിവിടങ്ങളിലും ജയ്സിംഗ് രണ്ടാമന് ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങൾ പണികഴിപ്പിച്ചിട്ടുണ്ടെങ്കിലും ജയ്പുരിലെ ജന്തര്‍ മന്തിര്‍ എല്ലാ തലങ്ങളിലും മറ്റുള്ളവയെ പിന്നിലാക്കും.
വാനനിരീക്ഷണത്തിനു സഹായകമായ 19 ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സൂര്യന്റെ സ്ഥാനവും ഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാനും സമയത്തെ കൃത്യമായി അളക്കാനുമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. വലിയ ശാസ്ത്രകുതുകിയായിരുന്ന ജയ്സിംഗ് രണ്ടാമന് പണ്ഡിതരുടെയും ജ്യോതിശാസ്ത്രജ്ഞരുടെയും സഹായത്തോടെയാണ് ജന്തര്‍ മന്തറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിവിധ സിദ്ധാന്തങ്ങളും രീതികളും പരിസ്ഥിതി ഘടകങ്ങളും പരിഗണിച്ചായിരുന്നു ഉപകരണങ്ങളുടെ രൂപകല്പന.
കൽ ഘടികാരം
വൈവിധമാർന്ന ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജ്യോതിശാസ്ത്രം, കാലഗണന തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള സമഗ്രമായ പഠനം നടത്താൻ കഴിയും.
ലോകത്തിലെ ഏറ്റവും വലിയ കല് സൂര്യഘടികാരം സ്ഥിതി ചെയ്യുന്നുവെന്നതാണ് ജയ്പുരിലെ ജന്തര്‍ മന്തറിന് ആഗോള പ്രശസ്തി നേടിക്കൊടുക്കുന്നത്. സാമ്രാട്ട് യന്ത്ര എന്നറിയപ്പെടുന്ന ഈ സൂര്യഘടികാരം 27 മീറ്റര്‍ (89 അടി) ഉയരമുള്ളതും കൃത്യതയോടെ സമയത്തെ അളക്കുന്നതുമാണ്.
ഗ്രഹങ്ങളുടെ അക്ഷസ്ഥാനം വ്യക്തമാക്കുന്ന ജയ് പ്രകാശ് യന്ത്ര, ഭൂമധ്യരേഖയുടെ അടക്കം സ്ഥാനം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന മിശ്ര യന്ത്ര, സൂര്യന്റെ ആകാശത്തിലെ സ്ഥാനം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന രാമയന്ത്ര എന്നിവയും ഇവിടെയുള്ള പ്രധാന ജ്യോതിശാസ്ത്ര ഉപകരണങ്ങളാണ്.ഏറെക്കാലം ഭാരതത്തിന്റെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളില്‍ വലിയ പങ്കുവഹിച്ച ജന്തര്‍ മന്തര്‍ ബ്രിട്ടീഷ് ഭരണ കാലയളവില്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും സ്വാതന്ത്ര്യാനന്തരം പ്രതാപം വീണ്ടെടുത്തു.
1982ല്‍ ഇന്ത്യാ സര്‍ക്കാര്‍ ജന്തര്‍ മന്തറിനെ സംരക്ഷണ പൈതൃകമായി പ്രഖ്യാപിച്ചു. 2010ല്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഉൾപ്പെടുത്തി. ഇന്നു ജന്തര്‍ മന്തര്‍ വിനോദസഞ്ചാരികളെയും ചരിത്രാസ്വാദകരെയും വിദ്യാർഥികളെയും ഗവേഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്നു. ഇതിന്റെ ശാസ്ത്രീയവും സാംസ്കാരികവുമായ പൈതൃകവും പ്രാധാന്യവും ലോകമാകമാനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
അജിത് ജി. നായർ