ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്ക്കും ഒരു വന്മതില് ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. കോട്ടകളുടെ കളിത്തൊട്ടിലായ രാജസ്ഥാനിലാണ് "ഇന്ത്യയുടെ വന്മതില്' അഥവാ കുംഭാല്‍ഗഡ് കോട്ട.
38 കിലോമീറ്റർ
രാജസ്ഥാനിലെ ഉദയ്പുരിന് ഏകദേശം 84 കിലോമീറ്റര്‍ വടക്കായി ആരവല്ലി പര്‍വതനിരകളുടെ മടിത്തൊട്ടിലില്‍ പരിലസിക്കുന്ന ഈ കോട്ട 15-ാം നൂറ്റാണ്ടില്‍ രണകുംഭന് എന്ന രാജാവാണ് പണികഴിപ്പിച്ചത്. 38 കിലോമീറ്റര്‍ നീളമുള്ള കോട്ടമതില്‍ തന്നെയാണ് കുംഭാല്‍ഗഡ് കോട്ടയെ ലോകപ്രശസ്തമാക്കുന്നത്. ചൈനയിലെ വന്മതില് കഴിഞ്ഞാല്‍ ലോകത്തേറ്റവും നീളമുള്ള മതില് എന്ന സ്ഥാനം കുംഭാല്‍ഗഡ് കോട്ടയാണ്. ചിറ്റോര്‍ഗഡ് കോട്ട കഴിഞ്ഞാല്‍ മേവാര്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രൗഢഗംഭീര കോട്ട.
സമുദ്രനിരപ്പില്‍നിന്ന് 3,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുംഭാല്‍ഗഡ് കോട്ട, ഇന്ത്യയിലെതന്നെ ഏറ്റവും അജയ്യമായ നിർമിതികളിലൊന്നാണ്. ഇന്നു കാണുന്ന രൂപത്തിലുള്ള കോട്ട നിര്‍മിക്കപ്പെട്ടത് 15-ാം നൂറ്റാണ്ടിലാണെങ്കിലും കുംഭാല്‍ഗഡ് കോട്ടയുടെ ചരിത്രത്തിന് ആറാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
മൗര്യ കാലഘട്ടത്തില്‍, സംപ്രതി എന്നൊരു രാജാവാണ് കുംഭാല്ഗഡ്് കോട്ടയുടെ ആദിമ രൂപം പണിതത് എന്നാണ് വാദം. എന്നാല്‍, രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളുടെ അഭാവം, ഈ വാദഗതികളെ ദുര്‍ബലമാക്കുന്നു. തെളിവുകളോടുകൂടിയുള്ള ചരിത്രം ആരംഭിക്കുന്നത് 1303ല്‍ അലാവുദീന്‍ ഖില്‍ജിയുടെ അധിനിവേശത്തോടെയാണ്.
പിന്നീടാണ് മേവാര്‍ സാമ്രാജ്യത്തിലെ രാജാവായിരുന്ന കുംഭകര്ണന് അഥവാ രണകുംഭൻ ഇന്നു കാണുന്ന രൂപത്തില്‍ കോട്ടയെ പുതുക്കിപ്പണിയുന്നത്. അക്കാലത്തെ പ്രശസ്ത വാസ്തുശില്പിയായിരുന്ന മന്ദന്‍ ആണ് ഈ ഈ വാസ്തുവിസ്മയം രൂപകല്പന ചെയ്തത്. പ്രദേശവാസികള്‍ക്കിടയില്‍ ചില ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
ചരിത്രപരമായും പ്രദേശത്തിന്റെ ഭൂതകാലത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കുംഭാല്ഗട്ട് കോട്ടയ്ക്കു നിര്‍ണായകമായ സ്ഥാനമുണ്ട്. ശത്രുക്കളെ ഭയപ്പെടാതെ കഴിയാനായുള്ള സുരക്ഷിത സ്ഥാനമായും മേവാറിലെ ഭരണാധികള്‍ അക്കാലത്തു കുംഭാല്‍ഗഡ് കോട്ടയെ ഉപയോഗിച്ചു. ഇന്ത്യന്‍ ചരിത്രത്തിലെ എണ്ണംപറഞ്ഞ വീരയോദ്ധാക്കളിലൊരാളായ രജപുത്രരാജാവ് മഹാറാണാ പ്രതാപ് ജനിച്ചത് ഈ കോട്ടയ്ക്കുള്ളിലായിരുന്നു. ചിറ്റോര്‍ കോട്ട ശത്രുക്കള്‍ പിടിച്ചതോടെ നവജാത ശിശുവായിരുന്ന മേവാറിലെ ഉദയ് രാജകുമാരന് അഭയസ്ഥാനമാകാനും കോട്ടയ്ക്കു കഴിഞ്ഞു.
ഒരേയൊരു തവണ
നിരവധിത്തവണ ശത്രുരാജാക്കന്മാരില്നിന്നും അധിനിവേശക്കാരില്നിന്നും ആക്രമണം ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച കോട്ട ചരിത്രത്തില്‍ ഒരേയൊരു തവണ മാത്രമാണ് കീഴടക്കപ്പെട്ടത്. 1576ല്‍ അക്ബറിന്റെ സൈന്യാധിപനായിരുന്ന മാന്‍സിംഗ് ഒന്നാമനായിരുന്നു അന്നു കോട്ട കീഴടക്കിയത്. പിന്നീട് കോളനിഭരണക്കാര് കോട്ട കൈയടക്കുകയായിരുന്നു.
യുനെസ്കോയുടെ ഒരു പൈതൃകകേന്ദ്രംകൂടിയായ കുംഭാല്‍ഗഡ് കോട്ട ഇന്നു രാജസ്ഥാന് സര്‍ക്കാരിന്റെ സംരക്ഷണയിലാണ്.മലനിരകളായതിനാല്‍ സൈനിക സേവനങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ 'രാജ്പുത് മിലിട്ടറി ഹില്‍' വാസ്തു ശൈലിയിലാണ് കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. 38 കിലോമീറ്റര്‍ നീളമുള്ള കോട്ടമതിലിന് ഏഴു കവാടങ്ങളാണുള്ളത്.
15 അടി കനത്തിലാണ് മതിലുകള്‍. 360ല്‍ അധികം ക്ഷേത്രങ്ങള്‍ കോട്ടയ്ക്കുള്ളിലുണ്ട്. ഇതില്‍ 300 എണ്ണവും പുരാതനമായ ജൈന ക്ഷേത്രങ്ങളും മറ്റുള്ളവ ഹിന്ദു ക്ഷേത്രങ്ങളുമാണ്. മേവാര്‍ ഭരണാധികാരികള്‍ കാലാകാലങ്ങളിലായി പല കൂട്ടിച്ചേര്‍ക്കലുകളും നടത്തിയതിനു ശേഷമുള്ള രൂപമാണ് ഇന്നു നമ്മള് കാണുന്നത്. ഒരു ചരിത്രപ്രേമി ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഇടം കൂടിയാണിത്.
അജിത് ജി. നായർ