ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്നാൽ, പല പ്രതിമകളുടെയും ചില ഭാഗങ്ങൾ മാത്രം മിന്നിത്തിളങ്ങിയും ബാക്കിഭാഗങ്ങൾ ക്ലാവ് പിടിച്ചുമാണ് കാണുന്നത്. എന്താണ് ഈ തിളക്കത്തിന്റെ കാരണമെന്ന് അന്വേഷിച്ചിട്ടുണ്ടോ? എങ്കിൽ വായിച്ചോളൂ.
പ്രമുഖ നഗരങ്ങളിലൂടെ സഞ്ചരിച്ചപ്പോഴെല്ലാം അവിടങ്ങളിലെ പ്രശസ്തമായ വെങ്കലപ്രതിമകൾ മനംകവർന്നിരുന്നു. പല പ്രതികൾക്കും പിന്നിൽ വലിയ ചരിത്രയും കഥകളുമൊക്കെയുണ്ടായിരുന്നു. എന്നാൽ, അതൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. മിക്ക പ്രതിമകളുടെയും ചില ഭാഗങ്ങൾ മാത്രം മിന്നിത്തിളങ്ങുന്നു.
ബാക്കി ഭാഗം ക്ലാവ് പിടിച്ചിരിക്കുന്നു. പല പ്രതിമകളിലും ഇതു കണ്ടതോടെ കൗതുകമായി. അതിനെക്കുറിച്ചുള്ള അന്വേഷണമാണ് മനുഷ്യരുടെ വിചിത്രമായ ചില വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചുരുൾ നിവർത്തിയത്.
എന്തൊരു ഭാഗ്യം!
ഈ അടുത്ത കാലത്തു ന്യൂയോർക്കിലെ ഫിനാൻഷൽ ഡിസ്ട്രിക്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. വാൾ സ്ട്രീറ്റിൽ "ചാർജിംഗ് ബുൾ' എന്ന പ്രശസ്തമായ വെങ്കല പ്രതിമ കണ്ടു. സ്റ്റോക്ക് മാർക്കറ്റിലെ മുന്നേറ്റത്തിന്റെ പ്രതീകമായ കാളതന്നെ. കാളയുടെ വെങ്കലപ്രതിമയ്ക്കു സമീപം നീണ്ട രണ്ടു ക്യൂ കണ്ടാണ് ശ്രദ്ധിച്ചത്.
ഒരു വരിയിലുള്ളവർ കാളക്കൂറ്റന്റെ കൊമ്പിലും മുഖത്തും തടവുന്നു, അടുത്ത വരിയിൽ ഉള്ളവർ അതിന്റെ വൃഷണം തടവുന്നു! കൗതുകത്തോടെ അന്വേഷിച്ചപ്പോഴാണ് മനസിലായത് ഇതു ഭാഗ്യം തേടിയുള്ള തലോടലാണ്. സ്റ്റോക്ക് മാർക്കറ്റിൽ അറിവും ഗവേഷണവും പോലെ തന്നെ ഭാഗ്യവും ഒരു പ്രധാനഘടകമാണ്.
ഈ കാളയുടെ ശരീരഭാഗങ്ങളിൽ തടവിയാൽ ഭാഗ്യം വരുമെന്നാണ് ചില സഞ്ചാരികളുടെ വിശ്വാസം. പലരും ചെയ്യുന്നതു കാണുന്പോൾ ആ വിശ്വാസം ഇല്ലാത്തവരും ഒരു കൗതുകത്തിനു കാളയെ തടവുന്നു. ഫലമോ കാളയുടെ കൊന്പ് ഭാഗവും വൃഷണഭാഗവും തൊട്ടുതേഞ്ഞ് മിന്നിത്തിളങ്ങുന്നു.
വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഈ ആചാരത്തിനു പലേടത്തും പല വിശ്വാസങ്ങളാണ്. പ്രാദേശികമായി ചില കഥകളും പിന്നിലുണ്ട്. ഈ പ്രതിമകളിൽ തലോടിയാൽ ഭാഗ്യം വരുമെന്നും മറ്റു ചില കാര്യങ്ങൾ നടക്കുമെന്നുമൊക്കെയാണ് പ്രചാരണം.
നഗരങ്ങളിലേക്കുള്ള തിരിച്ചുവരവ്, പ്രണയ ജീവിതം മെച്ചമാകൽ, പ്രത്യേക ആഗ്രഹം സാധിക്കൽ, സമ്പത്തും സൗഭാഗ്യവും ഇങ്ങനെ തുടങ്ങി പരീക്ഷാവിജയത്തിനു വരെ ഈ പ്രതിമകളിൽ തലോടുന്നവർ ഉണ്ടത്രേ. അന്ധവിശ്വാസമാണെന്ന് ചൂണ്ടിക്കാട്ടുന്നവർ പോലും ഒരു കൗതുകത്തിന് ഈ ആചാരം പിന്തുടരാറുണ്ട്.
സ്നേഹബന്ധങ്ങൾ ദൃഢമായിരിക്കാൻ പാലങ്ങളുടെ കൈവരിയിൽ താഴിട്ടു പൂട്ടിയ ശേഷം താക്കോൽ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന "ലവ് ലോക്ക്' രീതി പോലെ ഒന്നായി മാറിയിട്ടുണ്ട് ഈ വെങ്കലശില്പങ്ങൾ തടവുന്നതും. ലോകത്തിലെ ഇത്തരത്തില്‍ പ്രശസ്തമായ ചില ശില്പങ്ങളുടെ വിശേഷങ്ങള്‍ നോക്കാം.
മിന്നും തലോടൽ
യൂറോപ്പ് യാത്രകളിലാണ് സ്പർശനവും തലോടലുമേറ്റ് തിളങ്ങുന്ന വെങ്കല പ്രതിമകൾ കൂടുതൽ കണ്ടിട്ടുള്ളത്. അതിൽ ഓർത്തിരിക്കുന്ന ഒന്ന് മ്യൂണിക്കിലെ മരിയൻ ചത്വരത്തിലുള്ള ജൂലിയറ്റിന്റെ പ്രതിമയാണ്. ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റിൽനിന്നുള്ള നായികയായ ജൂലിയറ്റിന്റെ പ്രതിമ മ്യൂണിക്കിന് 1974ൽ വെറോണ നഗരത്തിൽനിന്നുള്ള സമ്മാനമായിരുന്നു.
ജൂലിയറ്റിന്റെ വലതു മാറിടത്തില്‍ സ്പർശിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ചില സഞ്ചാരികളുടെ വിശ്വാസം. ഈ പ്രതിമയിൽ തൊടാൻ എത്രനേരം കാത്തുനിൽക്കാനും ആളുകൾക്കു മടിയില്ല!.
കൊമ്പൻ മീശയിൽ
മറ്റൊരിക്കല്‍ ബെൽജിയത്തിലെ ബ്രസൽസ് സന്ദർശിച്ചപ്പോൾ ഗ്രാൻഡ് പ്ലേസിനു സമീപം പതിനെട്ടാം നൂറ്റാണ്ടിൽ ഇവിടുത്തെ ഗവർണർ ആയിരുന്ന ചാൾസ് കരേൽ ബുൾസിന്റെയും വളർത്തു നായയുടെയും പ്രതിമ കണ്ടു. അദ്ദേഹത്തിന്റെ മടിയിൽ ആൾക്കാർ ഇരിക്കുന്നതും കൊമ്പൻ മീശയിലും നായയുടെ മുഖത്തും തലോടുന്നതും ശ്രദ്ധയിൽപ്പെട്ടു.
അമ്മാവന്റെ മടിയിൽ കയറിയിരുന്ന് ഞാനും ആ പിരിച്ച മീശയിലൊന്നു തലോടി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക സന്ദര്‍ശിച്ചപ്പോള്‍ നിരവധി വിശ്വാസികള്‍ അവിടെയുള്ള വിശുദ്ധ പത്രോസിന്റെ വെങ്കല പ്രതിമയുടെ വലതുകാൽ തടവുന്നതും ചുംബിക്കുന്നതും കണ്ടിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ദൈവം തങ്ങളുടെ പ്രാർഥന കേൾക്കുമെന്ന് അവർ വിശ്വസിക്കുന്നു.
ചില പ്രതിമകളുടെ ഒരു പ്രത്യേക ഭാഗം സ്പര്‍ശിച്ചാലോ തലോടിയാലോ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ ചെയ്യുന്ന ഈ ആചാരം എവിടെ എപ്പോള്‍ എങ്ങനെ ആരംഭിച്ചു എന്ന് ആര്‍ക്കും വ്യക്തമായ അറിവില്ല. ഒരു പ്രതിമ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു എന്നതിനു പല കഥകള്‍ പ്രാദേശികമായി പ്രചരിച്ചിട്ടുണ്ട്.
പലതും രസകരം. ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒന്ന് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രൊയേഷ്യൻ നാടകകൃത്തും കവിയുമായ മരിൻ ഡ്രസികിന്റെതാണ്. ഡുബ്രോവ്നിക്കിലെ റെക്ടറുടെ കൊട്ടാരത്തിനു സമീപം മരിൻ ഡ്രസിക്കിന്റെ ഒരു പ്രതിമയുണ്ട്. പ്രാദേശിക ഐതിഹ്യമനുസരിച്ച് ആദ്യം പ്രതിമയുടെ മടിയിൽ ഇരുന്നു മൂക്ക് തടവിയവര്ക്കു നേട്ടങ്ങളുണ്ടായത്രേ. പിന്നെ തടവാൻ ആളുകളുടെ തിരക്കായി. ഇപ്പോൾ ആശാന്റെ മൂക്ക് നല്ല തിളക്കത്തിലും.
തേയുന്ന ശില്പങ്ങൾ
സഞ്ചാരികൾ തടവുന്ന പ്രശസ്തമായ ചില വെങ്കല ശില്പങ്ങളെ പരിചയപ്പെടാം:
അമേരിക്കയിലെ ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡിൽ എബ്രഹാം ലിങ്കൺന്റെ ശവകുടീരത്തിനു മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമയുടെ മൂക്കില്‍ തടവിയാല്‍ ഭാഗ്യം മാത്രമല്ല ജ്ഞാനവും ലഭിക്കുമെന്നു ചിലർ വിശ്വസിക്കുന്നു.
അമേരിക്കയിലെ മാസച്ചുസെറ്റ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ജോൺ ഹാർവാർഡ് പ്രതിമയുടെ ബൂട്ട് വിദ്യാർഥികൾ പരീക്ഷയിൽ ഭാഗ്യം കൊണ്ടുവരാൻ തടവുന്നു.
ക്രൊയേഷ്യയിലെ ഗ്രിഗറി പിതാവിന്റെ പെരുവിരൽ തടവുന്നവരുടെ ആഗ്രഹങ്ങള്‍ നിറവേറുമെത്രേ; കുട്ടികള്‍ ഉണ്ടാകാനും വിവാഹങ്ങൾ നടക്കാനും സമ്പത്ത് നേടാനും സഞ്ചാരികള്‍ ഇങ്ങനെ ചെയ്യുന്നു.
പന്നിയുടെ മൂക്ക്
ഫ്ലോറൻസിലെ പോർസെല്ലിനോ എന്ന പന്നിയുടെ പ്രതിമയിൽ അതിന്റെ മൂക്ക് തടവുകയും ഭാഗ്യത്തിനായി ഒരു നാണയം വായിൽ വയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ ഫ്ലോറൻസിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. വെറോണയിലെ ജൂലിയറ്റ് പ്രതിമയുടെ മാറിടത്തില്‍ തടവുന്നവര്‍ പ്രീതിക്ഷിക്കുന്നത് പ്രണയത്തിൽ ഭാഗ്യം കൊണ്ടുവരുമെന്നും പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുമെന്നുമാണ്.
പാരീസിലെ പെരെ ലച്ചെയ്സ് സെമിത്തേരിയിലെ വിക്ടർ നോയർ സ്മാരകത്തിന്റെ ചുണ്ടുകളിൽ ചുംബിക്കുന്നതും സ്വകാര്യഭാഗത്തു തലോടുന്നതും തൊപ്പിയിൽ പൂക്കൾ വയ്ക്കുന്നതും പ്രണയ സാക്ഷാത്കാരത്തിനും ആനന്ദകരമായ ലൈംഗിക ജീവിതത്തിനും വേണ്ടിയാണ്.
ബ്രസൽസിലെ എവറാർഡ് സെർക്ലേസ് പ്രതിമയുടെ കൈയും മാലാഖയുടെ മുഖവും നായയുടെ മുഖവും കവചവും ആഗ്രഹ സാക്ഷാത്കാരത്തിനായി തടവുന്നു, കൂടാതെ ബ്രസൽസിലേക്കു മടങ്ങിവരാൻ സാധിക്കുമെന്നും വിശ്വസിക്കുന്നു.
ഡബ്ലിൻ സഫോൾക്ക് സ്ട്രീറ്റിലെ മോളി മലോൺ പ്രതിമയുടെ മാറിടത്തില്‍ സ്പർശിച്ചാല്‍ പ്രണയത്തില്‍ ഏഴ് വർഷത്തെ ഭാഗ്യം ലഭിക്കുമെന്നു സഞ്ചാരികള്‍ വിശ്വസിക്കുന്നു.
അമേരിക്കയിലെ വിന്നിപെഗിലെ തിമോത്തി ഈറ്റൺ പ്രതിമയുടെ ഇടതു കാൽ തടവുന്നത് ഭാഗ്യം കൊണ്ടുവരുന്നു എന്നു ചിലർ വിശ്വസിക്കുന്നു. ക്യൂബയിലെ ഹവാനയിലെ സ്ട്രീറ്റ് മാൻ സ്മാരകം എന്നു വിളിക്കപ്പെടുന്ന എൽ കബല്ലെറോ ഡി പാരീസ് ശില്പത്തിന്റെ താടിയിൽ തൊട്ട് ഒരു ആഗ്രഹം പറഞ്ഞാൽ അതു സഫലമാകുമെന്നാണ് വിശ്വാസം.
ബുഡാപെസ്റ്റിലെ സെചെനി ചെയിൻ ബ്രിഡ്ജിനു സമീപമുള്ള ട്രാം ലൈനുകളുടെ റെയിലിംഗിൽ ഇരിക്കുന്ന ലിറ്റിൽ പ്രിൻസസിന്റെ കാൽമുട്ടുകൾ തടവിയാല്‍ ഭാഗ്യമുണ്ടാകുമത്രേ.
സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിലെ ഒരു മാൻഹോളിനുള്ളില്നിന്നു പുഞ്ചിരിയോടെ പുറത്തേക്കു നോക്കുന്ന തൊഴിലാളിയായ കുമിലിന്റെ തൊപ്പിയുടെ മുകളിൽ തൊട്ടുകൊണ്ട് മനസില്‍ ആഗ്രഹിക്കുന്നത് സഫലമാകുമെന്നാണ് വിശ്വാസം.
ബ്രിട്ടീഷ് പാർലമെന്റിലെ മാർഗരറ്റ് താച്ചറിന്റെയും വിൻസ്റ്റൺ ചർച്ചിലിന്റെയും പ്രതിമകളുടെ കാൽ തടവുന്നത് ഭാഗ്യം കൊണ്ടുവരുമെന്നു ചിലർ കരുതുന്നു.
പോക്കറ്റിൽ കൈയിട്ടാൽ
വാഷിംഗ്ടൺ ഡിസിയിലെ മുന്‍ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ് മെമ്മോറിയലിൽ റൂസ്വെൽറ്റിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ നായ ടെറിയർ ഫലയുടെയും പ്രതിമകള്‍ കാണാം. സ്കോട്ടിഷ് ടെറിയർ ഫലയുടെ മൂക്കും ചെവിയും തടവുന്നത് ഭാഗ്യം കൊണ്ടുവരുമത്രെ.
ഉക്രെയ്നിലെ എൽവിവ് ഓൾഡ് ടൗണിലെ ലിയോപോൾഡ് വോൺ സാച്ചർ മസോക്കിന്റെ പ്രതിമയുടെ പോക്കറ്റിൽ കൈയിട്ട് ഒരു കാര്യം ആഗ്രഹിച്ചാല്‍ അതു ലഭിക്കുമെന്നാണ് വിശ്വാസം. പാരീസിലെ ദലിദയുടെ പ്രതിമയുടെ മാറിടങ്ങളിൽ തലോടുന്നത് എശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നു സന്ദര്‍ശകര്‍ കരുതുന്നു.
സ്കോട്ട്ലൻഡിലെ എഡിൻബറോയിലുള്ള, ഡേവിഡ് ഹ്യൂമിന്റെ പ്രതിമയുടെ കാൽവിരലിൽ തൊട്ടാല്‍ ഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാൾസ് ബ്രിഡ്ജി ലുള്ള നെപോമുക്കിലെ ജോണിന്റെ (വിശുദ്ധ ജോൺ നെപുംസ്യാൻസ്) പ്രതിമയുടെ വലതുവശത്തുള്ള ഫലകത്തിൽ സ്പർശിച്ചുകൊണ്ട് ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് യാഥാർഥ്യമാകുമെന്ന് സഞ്ചാരികൾ വിശ്വസിക്കുന്നു.
മൂക്കും ബട്ടണുകളും
അമേരിക്കയിലെ ക്യാപിറ്റോൾ ബിൽഡിംഗിലെ വിസ്കോൺസിൻ ഗവർണറുടെ ഓഫീസിനു പുറത്തുള്ള ബാഡ്ജറിന്റെ മൂക്ക് തടവുന്നതു ഭാഗ്യമാണെന്നു കരുതുന്നു. എസ്തോണിയയിലെ ടാലിൻ സ്ട്രീറ്റിലുള്ള ചിമ്മിനി സ്വീപ്പർ പ്രതിമയുടെ കോട്ടിന്റെ ബട്ടണുകൾ തടവുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
റഷ്യയിലെ തോല്യാട്ടിയിലുള്ള വിശ്വസ്തനായ നായ എന്ന പ്രതിമയുടെ മൂക്ക് നവദമ്പതികൾ തടവുന്നത് അവരുടെ ബന്ധം വിശ്വസ്തതയോടെ നിലനിർത്തുമെന്നാണ് പരക്കെയുള്ള വിശ്വാസം.പോളണ്ടിലെ ഉസ്ത്കയിലുള്ള മത്സ്യകന്യകയുടെ മാറിടത്തിൽ തലോടി ഒരു കാര്യം ആഗ്രഹിച്ചാൽ ഒന്നരമടങ്ങ് ലഭിക്കും എന്നു വിശ്വസിക്കുന്നു.
ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള അങ്കിൾ കാളിന്റെ കുടവയറിൽ തലോടിയാൽ ഭാഗ്യവും അതോടൊപ്പം എത്ര ഭക്ഷണം കഴിച്ചാലും ശരീരഭാരം വർധിക്കില്ലെന്നും വിശ്വസിക്കുന്നു.
അതുപോലെ ബുദ്ധപ്രതിമകളുടെ വയറ്റിൽ തടവുന്നത് ഭാഗ്യം കൊണ്ടുവരുമത്രെ!. ലിംഗിൻ ക്ഷേത്രത്തിലെ ചിരിക്കുന്ന ബുദ്ധപ്രതിമയിൽനിന്നാണ് ഈ ആചാരം ഉടലെടുത്തത്. ബുദ്ധപ്രതിമയുടെ വയറ്റിൽ തടവുന്നത് സമൃദ്ധി, സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു.
സ്വർണ നിറമായാൽ
ലോകമെമ്പാടും ഇത്തരത്തിൽ പ്രാധാന്യമുള്ള നിരവധി ശില്പങ്ങളും പ്രതിമകളും ഉണ്ട്. ഇതിനു പിന്നില്‍ അവിശ്വസനീയമായ നിറംപിടിപ്പിച്ച കഥകളും കേട്ടുകേൾവിയും കിംവദന്തികളും സാധാരണമാണ്. അന്തരീക്ഷത്തിലെ ഓക്സിഡേഷൻ മൂലം വെങ്കലത്തിൽ പിടിക്കുന്ന ക്ലാവ് ഉരച്ചാൽ അവിടം തിളങ്ങി സ്വർണ നിറമാകും, അല്ലാതെ അത് ഭാഗ്യം തെളിയുന്നതല്ല എന്ന് അറിയാമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്നു.
നിരീക്ഷിച്ചാലറിയാം തീവ്രമായ വിശ്വാസമായല്ല, മറിച്ച് ഒരു നിര്‍ദോഷകരമായ ഭാഗ്യപരീക്ഷണമായാണ് സഞ്ചാരികൾ ഇതു ചെയ്യുന്നതെന്നു തോന്നുന്നു.
വിലക്കും നിരോധനവും
ഇങ്ങനെയൊക്കെയാണെങ്കിലും ഇതു ചെയ്യുന്നതിൽനിന്നു ചില സ്ഥലങ്ങളിൽ വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. പ്രതിമകളെ നിരന്തരം ഉരസുന്നതു മൂലം അതിനു തേയ്മാനം സംഭവിക്കുകയും അവയിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണത്താൽ ചില പ്രതിമകൾതന്നെ മാറ്റി അതിന്റെ പകർപ്പുകൾ സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ പ്രതിമകളിൽ പലരും സ്പർശിക്കുന്നതിലൂടെ രോഗാണുക്കൾ പകരാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പലരും ഈ പരീക്ഷണം തുടരുന്നു.
സിബി മാത്യു കൊട്ടാരക്കര