ആലപ്പുഴ: മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ ആരംഭിച്ചു. ജെസിബി കൊണ്ട് മണ്ണിടിച്ചശേഷം ഇത് ടോറസ് ലോറികളിൽ നീക്കം ചെയ്യുകയാണ്. ഇവിടെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലനിൽക്കെയാണ് കരാർ കന്പനി ജീവനക്കാരെത്തി കുന്നിടിക്കൽ വീണ്ടും ആരംഭിച്ചത്.

സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ പറഞ്ഞതായി പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും മണ്ണെടുക്കാമെന്ന കോടതി അനുമതി നിലനിൽക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം 16ന് ചേർന്ന സർവകക്ഷി യോഗത്തിൽ ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.

മാത്രമല്ല വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പ്രൊട്ടോകോൾ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സർവേ നമ്പറിൽ നിന്നല്ല മണ്ണെടുക്കുന്നതെന്നും യോഗത്തിൽ വ്യക്തമായി. മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും വിശദമായ അന്വേഷണത്തിനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു.

ഇക്കാര്യം മന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് ഇതുവരെ ജില്ലാ കലക്ടർ ഇറക്കിയിട്ടില്ല. ഇത് സംബന്ധിച്ച് സർക്കാരിന് കലക്ടർ റിപ്പോർട്ട് നൽകിയെങ്കിലും ഇതിന്‍റെ ഉള്ളടക്കം ലഭ്യമാകാനുണ്ട്.

ആലപ്പുഴ-നൂറനാട് ദേശീയപാതയ്ക്കുള്ള മണ്ണെടുപ്പിനെ ചൊല്ലി ഇവിടെ ജനകീയ പ്രക്ഷോഭം ഇപ്പോഴും ശക്തമാണ്. ഇതിനിടെ പ്രദേശം സന്ദർശിക്കാനെത്തിയ മന്ത്രി പി.പ്രസാദിന്‍റെ കാൽക്കൽ വീണ് വയോധിക കരഞ്ഞ വൈകാരിക സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു.