സർക്കാർ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായകമായി: മുഖ്യമന്ത്രി
Saturday, September 7, 2024 1:25 AM IST
തിരുവനന്തപുരം: സർക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായകരമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം കുറഞ്ഞതോതിൽ അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. സർക്കാർ ഇടപെടലിലൂടെയാണിത് സംഭവിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിർത്താൻ 14,000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്.
സഹകരണ വിപണിയിലൂടെ 60 കോടി രൂപയുടെ സാമ്പത്തികനേട്ടം സാധാരണക്കാർക്ക് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 100 കോടി രൂപയുടെ പരോക്ഷ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.
1500 ഓണച്ചന്തകളാണ് സഹകരണ മേഖലയിൽ സംസ്ഥാനത്ത് ആരംഭിക്കുന്നത്. 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലാണ് ലഭിക്കുക. നിത്യോപയോഗ സാധാനങ്ങൾ ഗുണനിലവാരം ഉറപ്പാക്കിയാണ് എത്തിക്കുന്നത്.
കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകൾ, 24 മൊബൈൽ ത്രിവേണി സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ ലഭിക്കും. കൂടാതെ നീതി സ്റ്റോറുകൾ വഴിയും സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ഭക്ഷ്യരംഗത്തെ സബ്സിഡി രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന്റെ ദൂഷ്യം അനുഭവിക്കുന്നത് ജനങ്ങളാണ്. ഒരു വിഭാഗത്തിന് ആഹാരം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ആഗോള ഭക്ഷ്യസുരക്ഷാ പട്ടികയിൽ 68 - ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോൾ 111- ാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു.