ആർഎസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹം: ബിനോയ് വിശ്വം
Saturday, September 7, 2024 10:39 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറും ആർഎസ്എസിന്റെ ദേശീയ നേതാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിയോജിപ്പുമായി സിപിഐ. കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവകരമെന്ന് വി.എസ്. സുനില്‍കുമാറും, കൂടിക്കാഴ്ച ഇടത് ചെലവില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചർച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്. കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം.
ആർഎസ്എസിനും എല്‍ഡിഎഫിനുമിടയില്‍ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടത് ചെലവില്‍ ചർച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.