മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘത്തിന്റെ പിടിയിൽ; ഇതിൽ മന്ത്രിസഭയിലെ പ്രമുഖനുമുണ്ടെന്ന് സതീശൻ
Saturday, September 7, 2024 12:45 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അജിത് കുമാറിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് താൻ പറഞിട്ടില്ല. മുഖ്യമന്ത്രി ദൂതുമായി അയച്ചതാണ് അജിത് കുമാറിനെ.
മുൻപും കേന്ദ്രത്തെ സ്വാധീനിക്കുന്നതിനായി മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചിട്ടുണ്ട്. ബഹ്റ ഡിജിപി ആയിരുന്നപ്പോൾ അദ്ദേഹത്തിന് ഡൽഹിയിലുള്ള ചില ബന്ധങ്ങൾ പിണറായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പിണറായി മുഖ്യമന്ത്രി ആയതിന് ശേഷം മസ്കറ്റ് ഹോട്ടലിൽവച്ച് ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയിട്ടുണ്ട്. ആർഎസ്എസ് മുഖപത്രത്തിന്റെ പത്രാധിപർ ബാലശങ്കർ സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമായി പറഞ്ഞതാണ്. കേന്ദ്ര ഏജൻസികൾ പ്രത്യേക പ്രിവിലേജ് പിണറായി വിജയന് നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്.
തങ്ങൾ അറിഞ്ഞുകൊണ്ടാണ് രാഹുൽ അത് പറഞ്ഞത്. അത് ശരിയായില്ലേ. ഈ ബന്ധമാണ് തൃശൂരിൽ പൂരം കലക്കലിലേക്ക് പോയത്. ബിജെപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് പിന്നിലെ ഗൂഢാലോചനയാണ് പൂരം കലക്കൽ. ഈ സംഭവം നടക്കുമ്പോൾ എഡിജിപി അവിടെയുണ്ട്. ബിജെപിയെ സഹായിക്കാൻ പോലീസിനെക്കൊണ്ട് സിപിഎം പൂരം കലക്കിച്ചതാണെന്നുള്ളതിൽ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പൂരം കലക്കിയതിന്റെ ഇരയാണ് താനെന്ന് വി.എസ്. സുനിൽ കുമാർ പറഞ്ഞു. അതിന് അർഥം എന്താണ്. പൂരം കലക്കിയതിനാലാണ് താൻ തോറ്റതെന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ബിജെപി ജയിക്കാൻവേണ്ടി ഉത്സവം കലക്കി. ഇവർ ഹിന്ദുക്കളെ കബളിപ്പിക്കുകയല്ലേ എന്നും സതീശൻ ചോദിച്ചു.
ബിജെപിയുടെയും സിപിഎമ്മിന്റെയും മുഖംമൂടി മാറി യദാർഥ മുഖം കാണുകയാണ്. സത്യം ഇപ്പോൾ പുറത്തുവന്നു. ഇത് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തും.
പുനർജനി കേസിൽ ഇഡി അന്വേഷണം നടത്തുന്നുണ്ട്. 150 കോടി താൻ മീൻ വണ്ടിയിൽ കൊണ്ടുവന്നെന്ന് അൻവർ ആരോപണം ഉന്നയിച്ചിരുന്നു. അതും വേണമെങ്കിൽ ഇഡിക്ക് അന്വേഷിക്കാമെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വന്തം ആളാണ് എഡിജിപി. അദ്ദേഹത്തെ തനിക്കുവേണ്ടി വിട്ടു എന്ന് അൻവർ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നാണ് അർഥമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉപജാപക സംഘത്തിന്റെ പിടിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ സംഘത്തിൽ മന്ത്രിസഭയിലെ ഒരു പ്രമുഖനുമുണ്ട്. ആ പേരും ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.