ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; അജിത് കുമാർ അവധിയിലേക്ക്
Saturday, September 7, 2024 9:19 PM IST
തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങൾ ഡിജിപി ഷേക്ക് ദര്‍വേശ് സാഹിബ് മുഖ്യന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ജോൺ ബ്രിട്ടാസ് എം.പിയും പങ്കെടുക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു.
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്. അതിനിടെ എഡിജിപി ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്ത് വന്നു. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം.
2023 മേയ് 22ന് തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിലെ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു വിവാദമായ കൂടിക്കാഴ്ച. അതേസമയം എഡിജിപി അജിത് കുമാർ നാലു ദിവസത്തെ അവധിക്ക് അപേക്ഷ നൽകി. സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാൽ 14 മുതൽ അവധി അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.