എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്കെന്ത് ഉത്തരവാദിത്വം: എം.വി.ഗോവിന്ദൻ
Saturday, September 7, 2024 9:48 AM IST
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആർ.അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്കെന്ത് ഉത്തരവാദിത്വമെന്ന് ഗോവിന്ദൻ ചോദിച്ചു.
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഗോവിന്ദന്റെ മറുപടി. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഗോവിന്ദൻ തയാറായില്ല.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകിയിരുന്നു. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണെന്നും എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാന്പിനിടെയായിരുന്നു കൂടിക്കാഴ്ച.
അതേസമയം സംഭവത്തിൽ സിപിഐ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു.
ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.